കണ്ണൂർ: അർദ്ധരാത്രിയിൽ സി പി ഐ (എം) പ്രവർത്തകരുടെ വീട്ടിൽ റെയ്ഡ് നടത്തുന്ന പോലീസ് നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സി പി ഐ (എം) ജില്ലാസെക്രട്ടറിയേറ്റ് അറിയിച്ചു. ചന്ദ്രശേഖരൻ വധക്കേസന്വേഷണത്തിന്റെ മറവിൽ പോലീസ് എവിടെയും കയറും എന്നാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രഖ്യാപിച്ചത്.

ഇതിന്റെ ബലത്തിൽ കോൺഗ്രസിന്റെ ആജ്ഞാനുവർത്തിയായ ഇരിട്ടി സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ സി പി ഐ (എം) മുഴക്കുന്ന് ലോക്കൽകമ്മിറ്റി സെക്രട്ടറി കെ വത്സനെയും, ലോക്കൽകമ്മിറ്റി മെമ്പർ കാരായി ശ്രീധരനെയും രാത്രി 2 1/2 മണിക്കാണ് വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്തത്. ഈ വധക്കേസിൽ പ്രതികളല്ലാത്ത ഉത്തരവാദപ്പെട്ട പാർട്ടി പ്രവർത്തകരെയാണ് നിയമവിരുദ്ധമായ നിലയിൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. വിവരം അറിഞ്ഞെത്തിയ ജനങ്ങൾ ഇതിനെ ചോദ്യം ചെയ്യുകയുണ്ടായി. സംഘർഷം ഒഴിവാക്കുന്നതിന് മറ്റ് നേതാക്കൾ ഇടപെട്ടതിനെ തുടർന്നാണ് പാർട്ടി നേതാക്കളെ കൊണ്ടുപോകാൻ പോലീസിന് കഴിഞ്ഞത്. പാർട്ടി മാടായി ഏറിയാകമ്മിറ്റി ഓഫീസിലും, പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗമായ വി നാരായണന്റെ വീട്ടിലും കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തുകയുണ്ടായി. എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് സരിൻ ശശിയെ ഒരു കാരണവുമില്ലാതെ വീട്ടിൽ കയറി കസ്റ്റഡിയിലെടുക്കുകയുണ്ടായി. ഇത്തരം റെയ്ഡുകൾ കോടതിയിൽ നിന്നോ, മറ്റ് അധികൃതരിൽ നിന്നോ അനുമതിയില്ലാതെയാണ് നടത്തുന്നത്. സ്വകാര്യ വാഹനങ്ങളിൽ സിവിൽ വേഷധാരികളായി എത്തുന്നവർ പോലീസ് ആണെന്ന് ജനങ്ങൾക്കെങ്ങനെ ഉറപ്പിക്കുവാൻ കഴിയും. സി പി ഐ (എം)നെ അടിച്ചമർത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് അർദ്ധരാത്രിയും മറ്റുമുള്ള പോലീസ് റെയ്ഡുകൾ. ഇതിനെ എന്ത് വിലകൊടുത്തും ചെറുത്തു പരാജയപ്പെടുത്തും.

 

ജില്ലയിൽ പലയിടത്തും അക്രമം നടത്തിയ ലീഗ് തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല. ഒരു പോലീസുകാരനെ നഗരമധ്യത്തിൽ വെച്ച് ആക്രമിച്ച കോൺഗ്രസ് ക്രിമിനലിനെയും പോലീസിന് തൊടാൻ ധൈര്യമില്ല. സദാചാര പോലീസ് ചമഞ്ഞ് മതഭ്രാന്തന്മാരുടെ ആക്രമണത്തിൽ മുസ്ലീം ദമ്പതികൾക്ക് പരിക്കേറ്റിട്ടും പ്രതികൾ ലീഗുകാരായതിനാൽ പോലീസ് പിടികൂടിയില്ല. എന്നാൽ സി പി ഐ (എം) പ്രവർത്തകർക്കെതിരെ കള്ളക്കേസ് ചമക്കാനും നിയമവിരുദ്ധമായ നിലയിൽ കസ്റ്റഡിയിലെടുക്കാനും മൂന്നാംമുറയ്ക്ക് വിധേയമാക്കാനും പോലീസ് തയ്യാറാവുകയാണ്. ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനത്തിനുനേരെയാണ് ഇത്തരം നിയമവിരുദ്ധ നടപടികൾ സ്വീകരിക്കുന്നത്. ഇതിനെതിരായി ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ടുവരണമെന്ന് സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു