കണ്ണൂർ: പോലീസിനെയും സി ബി ഐ യെയും രാഷ്ട്രീയവൽക്കരിക്കുന്ന ഭരണ നടപടിയിൽ പ്രതിഷേധിച്ച് ജൂൺ 15 ന് പ്രതിഷേധദിനമായി ആചരിക്കാൻ സി പി ഐ (എം) ജില്ലാസെക്രട്ടറിയേറ്റ് മുഴുവൻ പാർട്ടി ഘടകങ്ങളോടും പ്രവർത്തകരോടും അഭ്യർത്ഥിച്ചു. സി പി ഐ (എം) നെ തകർക്കാനാണ് വക്രബുദ്ധിയോടെ ഭരണം നടത്തുന്ന ഉമ്മൻചാണ്ടിയും മൂവർസംഘവും പോലീസിനെ ഉപയോഗിച്ച് ശ്രമിക്കുന്നത്. കേന്ദ്രആഭ്യന്തര സഹമന്ത്രിയുടെ പ്രേരണയോടെ സി ബി ഐ യും സി പി ഐ (എം) വിരുദ്ധ അന്വേഷണ ഏജൻസിയായി പ്രവർത്തിച്ചു വരുന്നു. നിയമവിധേയമായ അന്വേഷണ നടപടികളുമായി സി പി ഐ (എം) പൂർണമായി സഹകരിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് കൊലക്കേസുകളിൽ യാതൊരു പങ്കുമില്ലാത്ത പാർട്ടി നേതാക്കൾ അന്വേഷണ ഏജൻസികളിൽ നിന്നും നോട്ടീസ് ലഭിച്ചപ്പോൾ ഹാജരായത്. നോട്ടീസ് നൽകാതെ നേരിട്ട് പോലീസ് ആവശ്യപ്പെട്ടപ്പോഴും നേതാക്കൾ പോലീസുമായി സഹകരിക്കുകയുണ്ടായി. ചന്ദ്രശേഖരൻ-ഷുക്കൂർ-ഫസൽ കേസുകളിൽ അന്വേഷണ ഏജൻസികളായ പോലീസും, സി ബി ഐയും കോൺഗ്രസിന്റെയും ലീഗിന്റെയും ചട്ടുകമായി അധ:പതിച്ചു.

പോലീസിന്റെ നോട്ടീസും മൊഴിയുമെല്ലാം മാധ്യമങ്ങൾക്ക് വാർത്തയായി ഉയർന്ന ഉദ്യോഗസ്ഥർ തന്നെ നൽകുന്നു. ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകനെ അനുവദിക്കണമെന്ന ഹരജി നിരസിച്ച വിവരം ഹരജി നൽകിയ ആൾക്ക് നൽകാതെ മാധ്യമങ്ങൾക്ക് നൽകുന്നു. എസ് പി യും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരും പത്രസമ്മേളനം നടത്തുകയും സി പി ഐ (എം) നെതിരായ വിവരങ്ങളാണ് നൽകുകയും ചെയ്യുന്നത്. സി ബി ഐ സമർപ്പിച്ച കുറ്റപത്രമാവട്ടെ നിയമാനുസൃതമായി കുറ്റകൃത്യങ്ങൾ വിവരിക്കുന്നതല്ല. 1920 കളിലെ കമ്മ്യൂണിസ്റ്റ് ഗൂഢാലോചന കേസുകളിലെ കുറ്റപത്രം പോലെ രാഷ്ട്രീയ കുറ്റപത്രങ്ങളാണ്. വർഗീയ കലാപത്തിന് പ്രേരിപ്പിക്കുന്ന ഒരു പാർട്ടിയായി സി പി ഐ (എം) നെ ചിത്രീകരിക്കുന്ന മുല്ലപ്പള്ളിയുടെ രാഷ്ട്രീയ തറവേലയാണ് സി ബി ഐ സമർപ്പിച്ച കുറ്റപത്രങ്ങളിലൂടെ പുറത്ത് വന്നത്. അന്ധമായ സി പി ഐ (എം) വിരോധം മൂലം പരസ്പര വിരുദ്ധമായ കാര്യങ്ങൾ സി ബി ഐ യുടെ കുറ്റപത്രത്തിൽ കടന്നുകൂടി എൻ ഡി എഫിന്റെ പിന്തുണയോടെയാണ് 2006 ലെ തെരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ കോടിയേരി ജയിച്ചതെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയ സി ബി ഐ 4 മാസത്തിന് ശേഷം എൻ ഡി എഫ് കാരനായ ഫസലിനെ സി പി ഐ (എം) കൊലപ്പെടുത്തിയതായി ചിത്രീകരിക്കുന്നു.

ആർ എസ് എസ് കേന്ദ്രത്തിൽ വെച്ചാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന് പറയുന്ന സി ബി ഐ ഫസൽ സി പി ഐ (എം) കേന്ദ്രത്തിലാണ് താമസിക്കുന്നതെന്നും വിവരിക്കുന്നു. ഇതെല്ലാം പരസ്പര വിരുദ്ധവും വസ്തുതകൾക്ക് നിരക്കാത്ത  കൽപിത കഥകളുമാണ്. ഫസലിനെ ആർ എസ് എസുകാരാണ് കൊലപ്പെടുത്തിയതെന്ന് എൻ ഡി എഫുകാർ 2006ൽ തന്നെ പരസ്യമായി പറയുകയും, ആർ എസ് എസുകാർ പങ്കെടുക്കുന്ന സമാധാന സമ്മേളനത്തിൽ പങ്കെടുക്കാതിരിക്കുകയും ചെയ്തതാണ്. സി പി ഐ (എം)ന് യാതൊരു പങ്കുമില്ലാത്ത സംഭവത്തിൽ സി പി ഐ (എം) നേതാക്കളെ പ്രതികളാക്കുക മാത്രമല്ല സി പി ഐ (എം) വിരുദ്ധ രാഷ്ട്രീയ പ്രചരണത്തിന് ആയുധമാക്കുകകൂടി ചെയ്യുകയാണ് സി ബി ഐ.

ഇതേ നിലപാടാണ് ചന്ദ്രശേഖരൻ കേസിലും, ഷുക്കൂർ കേസിലും പോലീസ് സ്വീകരിക്കുന്നത്. ഉമ്മൻചാണ്ടിയുടെ മാനസപുത്രനായ എ ഡി ജി പി സെൻകുമാറിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ സി പി ഐ (എം) നേതാക്കളെയും പ്രവർത്തകരെയും വേട്ടയാടുന്നത്. ചോദ്യം ചെയ്യാൻ പിടിച്ചവരെ കസ്റ്റഡിയിലാണെന്നും അവരിൽ നിന്നും നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും മറ്റുമുള്ള കൽപിത കഥകൾ പോലീസാണ് മാധ്യമങ്ങൾക്ക് നൽകുന്നത്.

സി പി ഐ (എം)ന്റെ കൊടിമരങ്ങളും, പതാകകളും, വർഷങ്ങളായി സ്ഥിതിചെയ്യുന്ന ബസ് ഷെൽട്ടറുകളും പോലീസാണ് അർദ്ധരാത്രിയിൽ തകർക്കാൻ ബുൾഡോസറുകളുമായി ജില്ലയിലെമ്പാടും പോകുന്നത്. മൂന്നാംമുറയാണ് പോലീസ് സ്റ്റേഷനുകളിലും നടക്കുന്നത്. ജനാധിപത്യ രീതികളിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെയും, യുവാക്കളെയും ക്രൂരമായി മർദ്ദിക്കുന്നു. അടിയന്തരാവസ്ഥയിലെ ഭീകരവാഴ്ച്ചയെ ഓർമ്മിപ്പിക്കുന്ന ഇത്തരം പോലീസ് ചെയ്തികൾ പ്രതിഷേധാർഹമാണ്. യഥാർത്ഥ പ്രതികളെ കണ്ടെത്തിയെങ്കിൽ എന്തിന് മൂന്നാംമുറ ഇരു കേസിലും പോലീസ് സ്വീകരിച്ചു. ഇരട്ട കൊലക്കേസിലെ പ്രതിയായ എം എൽ എയെ ലീഗിന് കീഴടങ്ങി സംരക്ഷിക്കുന്ന മുഖ്യൻ പോലീസിനെ ക്വട്ടേഷൻ സംഘമായി മാറ്റികൊണ്ടാണ് സി പി ഐ (എം) നെ വേട്ടയാടുന്നത്. ഇത്തരം നിയമവിരുദ്ധ പോലീസ് നടപടികൾക്കെതിരെ പ്രതിഷേധമുയർത്തി കൊണ്ടുവരണമെന്ന് എല്ലാ ജനാധിപത്യ വിശ്വാസികളോടും സി പി ഐ (എം) ജില്ലാസെക്രട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നു.

 

പ്രതിഷേധ ദിനത്തിന്റെ ഭാഗമായി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ ജൂൺ 15 ന് നടക്കുന്ന പ്രതിഷേധ പ്രകടനത്തിൽ ജനാധിപത്യ വിശ്വാസികളായ മുഴുവനാളുകളും പങ്കെടുക്കണമെന്നും സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.