കണ്ണൂർ: ഫസൽ വധക്കേസിന്റെ പേരിൽ സി പി ഐ (എം) നെതിരെ അപവാദ പ്രചരണം നടത്തുന്ന  സി ബി ഐ യുടെ നടപടിയിൽ സി പി ഐ (എം) കണ്ണൂർ ജില്ലാസെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിക്കുന്നു. ഫസലിനെ വധിച്ചതിനു ശേഷം തലശ്ശേരിയിൽ ഹിന്ദു-മുസ്ലീം വർഗീയ കലാപം ഉണ്ടാക്കി  അന്വേഷണത്തെ വഴിതെറ്റിക്കാനും പ്രതികളെ രക്ഷിക്കാനുമുള്ള ഗൂഢപദ്ധതി ആസൂത്രണം ചെയ്തു വെന്ന ഗുരുതരമായ ആക്ഷേപമാണ് പാർട്ടിക്കെതിരെ സി ബി ഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ഇത് മുല്ലപ്പള്ളി രാമചന്ദ്രന്റെ രാഷ്ട്രീയ പ്രസംഗമാണ്. വർഗീയ കലാപങ്ങൾക്കെതിരെയും മതനിരപേക്ഷരത സംരക്ഷിക്കുന്നതിന് വേണ്ടിയും ജീവൻ കൊടുത്തും പോരാടുന്ന പ്രസ്ഥാനമാണ് സി പി ഐ (എം). അത്തരമൊരു പ്രസ്ഥാനത്തിന് നേരെയാണ്  സി ബി ഐ ഇങ്ങനെ ദുരാരോപണം ഉന്നയിക്കുന്നത്.

കേരളത്തെ ഹിന്ദു വർഗീയ ഫാസിസ്റ്റുകൾക്ക് കീഴ്‌പ്പെടുത്താനുള്ള ആർ എസ് എസ് സംഘപരിവാരത്തിന്റെ ആസൂത്രണത്തിന്റെ ഭാഗമായാണ് 1971 ഡിസംബറിൽ തലശ്ശേരിയിൽ വർഗീയകലാപം നടന്നത്. തലശ്ശേരി കലാപത്തെകുറിച്ച് അന്വേഷിച്ച ജ:വിതയത്തിൽ കമ്മീഷൻ റിപ്പോർട്ടിൽ വർഗീയ കലാപകാരികൾക്കെതിരെ സി പി ഐ (എം) നടത്തിയ പ്രവർത്തനങ്ങൾ എടുത്തു പറയുകയുണ്ടായി. തലശ്ശേരി വർഗീയ കലാപം ആർ എസ് എസ് നേതൃത്വം ആസൂത്രണം ചെയ്ത് നടത്തിയതായിരുന്നു. ഇതിനെതിരെ സി പി ഐ (എം) പ്രവർത്തകരാണ് ഓരോ സ്ഥലത്തും മതസൗഹാർദ്ദത്തിന് വേണ്ടി പ്രവർത്തിച്ചത്. തങ്ങൾ ഉദ്ദേശിച്ചതുപോലെ കലാപം നടത്താനും, രാഷ്ട്രീയ മുതലെടുപ്പിനും നടത്തിയ പരിശ്രമം  സി പി ഐ (എം) പരാജയപ്പെടുത്തിയതിലുള്ള പ്രതികാരമാണ് 1972 ജനുവരി 4 ന് സി പി ഐ (എം) മാങ്ങാട്ടിടം ലോക്കൽകമ്മിറ്റി അംഗമായ യു കെ കുഞ്ഞിരാമനെ ആർ എസ് എസുകാർ കൊലപ്പെടുത്താൻ കാരണം. തുടർന്ന് കണ്ണൂർ ജില്ലയിൽ പൊതുവിലും, തലശ്ശേരി താലൂക്കിൽ പ്രത്യേകിച്ചും ആർ എസ് എസ് ന്റെ കൊലക്കത്തിക്കിരയായി 56 സഖാക്കളാണ് രക്തസാക്ഷികളായത്. തലശ്ശേരി മേഖലയിൽ മാത്രം 18 പേരെ കശാപ്പ് ചെയ്തു. ആർ എസ് എസ് ന്റെ അഖിലേന്ത്യാ നേതൃത്വം കോടിക്കണക്കിന് രൂപ നൽകി കൊണ്ടാണ്  സി പി ഐ (എം) ന് എതിരായ ആക്രമണ പരമ്പര സംഘടിപ്പിച്ചത്. അതിനെ ജനങ്ങളെ അണിനിരത്തി ചെറുക്കുകയാണ് സി പി ഐ (എം) ചെയ്തത്. തൊണ്ണൂറുകൾക്ക് ശേഷം മുസ്ലീം തീവ്രവാദികളും രംഗത്ത് വന്നു. അതിനെതിരെയും സി പി ഐ (എം) ഉറച്ച് നിന്ന് പ്രവർത്തിച്ചു. എൻ ഡി എഫ് തീവ്രവാദിസംഘം 6 സി പി ഐ (എം) പ്രവർത്തകരെ കൊലപ്പെടുത്തി. മത ഭ്രാന്തൻമാർ സദാചാരപോലീസ് ചമഞ്ഞ് നടത്തുന്ന ആക്രമണങ്ങളെയും എതിർക്കാൻ പാർട്ടിയും ബഹുജനപ്രസ്ഥാനങ്ങളുമാണ് ഇന്നും ശ്രമിക്കുന്നത്. ഇങ്ങനെ ഹിന്ദു-മുസ്ലീം വർഗീയ വാദികളുടെ എതിർപ്പിന് ഇരയായി നിരവധി പ്രവർത്തകരുടെ ജീവൻ നഷ്ടപ്പെട്ട പാർട്ടിക്കെതിരെയാണ് 'വർഗീയ കലാപങ്ങളുടെ ആസൂത്രകർ' എന്ന ആരോപണം സി ബി ഐ ചാർത്തുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ സി ബി ഐ യെ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ കളിയാണിത്. ഇത്തരമൊരു സമീപനം സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉളവാക്കും. മത നിരപേക്ഷ ശക്തികളെ ദുർബലപ്പെടുത്തുകയും വർഗീയ ശക്തികൾക്ക് വീര്യം പകരുകയും ചെയ്യും. മുല്ലപ്പള്ളി രാമചന്ദ്രന്റെ പാർട്ടിക്ക് വർഗീയ ശക്തികൾക്ക് മുമ്പിൽ കീഴടങ്ങിയ ചരിത്രമാണുള്ളത്. അതുകൊണ്ടാണ് അധികാരത്തിന്റെ മത്ത് പിടിച്ച ലീഗ് തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ കോൺഗ്രസ്സ് ഒന്നും പറയാതിരിക്കുന്നത്.

 

ഫസൽ വധക്കേസിൽ സി പി ഐ (എം) ന് യാതൊരു ബന്ധവുമില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ്. ഈ വധത്തിൽ പാർട്ടിയെ കണ്ണിചേർക്കുന്നതിന് യാതൊരു തെളിവും കിട്ടിയിട്ടില്ല. അതുകൊണ്ടാണ് അന്വേഷണം ഏറ്റെടുത്ത് 3 വർഷത്തിന് ശേഷം അറസ്റ്റ് ചെയ്ത് 3 പാർട്ടി അനുഭാവികളോട് കാരായി രാജനും കാരായി ചന്ദ്രശേഖരനും പറഞ്ഞിട്ടാണ് കൊലനടത്തിയതെന്ന് കോടതിയിൽ പറഞ്ഞാൽ മാപ്പ് സാക്ഷികളാക്കി മാറ്റാമെന്ന പ്രലോഭനം അന്വേഷണ സംഘം നടത്തിയത്. രാജനെയും, ചന്ദ്രശേഖരനെയും ഏത് നിലയിലും പ്രതികളാക്കണമെന്ന നിർബന്ധ ബുദ്ധിയാണ് ഇവിടെ കാണുന്നത്.  പാർട്ടി നേതൃത്വത്തെ അപകീർത്തിപ്പെടുത്താൻ ഏത് ഹീനമാർഗവും സ്വീകരിക്കും എന്നതിന്റെ തെളിവ് കൂടിയാണിത്. അതിന്റെ തുടർച്ചയായാണ് തലശ്ശേരി മേഖലയിൽ സി പി ഐ (എം) നേതാക്കൾ വർഗീയ കലാപത്തിന് ഗൂഢാലോചന നടത്തി എന്ന സി ബി ഐ ആരോപണം. സി ബി ഐ യുടെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾ തള്ളിക്കളയണമെന്ന് ജനങ്ങളോട് സെക്രട്ടിയേറ്റ് അഭ്യർത്ഥിക്കുന്നു.