കണ്ണൂർ: ഷുക്കൂർ വധക്കേസിൽ അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്ന പോലീസ് നടപടി നിയമവിരുദ്ധവും നീതികേടുമാണെന്ന് സി പി ഐ (എം) ജില്ലാസെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.  അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുന്ന നിലപാടാണ് സി പി ഐ (എം) ജില്ലസെക്രട്ടറി പി ജയരാജൻ കൈക്കൊണ്ടത്. അതിന്റെ ഭാഗമായി ഇന്ന് 2 1/2 മണിക്കൂർ അന്വേഷണസംഘം ഗസ്റ്റ് ഹൗസിൽ വെച്ച് പി ജയരാജന്റെ മൊഴിയെടുത്തു. ആ മൊഴിയെടുക്കൽ പൂർത്തിയായിട്ടില്ല. ജൂൺ 16 ന് വീണ്ടും ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥൻ ജയരാജനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണസംഘത്തിന്റെ മൊഴിയെടുക്കലിന് ശേഷം പി ജയരാജനോ സി പി ഐ (എം) നേതാക്കളോ മാധ്യമങ്ങളോട് മൊഴിയെടുക്കലിന്റെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

 

എന്നാൽ കണ്ണൂർ ജില്ലാ പോലീസ് മേധാവി മാധ്യമങ്ങളുമായി മൊഴിയെടുക്കലിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ച് സംസാരിക്കുന്നത് കാണുകയുണ്ടായി. കേസന്വേഷണത്തിനിടയിൽ കേസ് ഡയറിയുടെ ഭാഗമായ വിവരങ്ങളോ, പ്രതികളുടെയോ, സാക്ഷികളുടെയോ മൊഴിയിലെ വിവരങ്ങളും മാധ്യമങ്ങൾക്ക് ചോർത്തി കൊടുക്കാൻ പാടില്ലെന്ന് സുപ്രീംകോടതിയടക്കം നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. പി ജയരാജന്റെ മൊഴിയെടുക്കുമ്പോൾ തന്നെ വാർത്തകൾ മാധ്യമങ്ങൾക്ക് നൽകുകയുണ്ടായി. എസ് പി ആകട്ടെ പത്രസമ്മേളനം നടത്തി പ്രതികരിക്കുകയും ചെയ്തു. മൊഴിയെടുക്കുന്ന അവസരത്തിൽ അഭിഭാഷക സാന്നിദ്ധ്യം അനുവദിക്കുക എന്നത് നിയമപരമായിട്ടുള്ള കാര്യമാണ്. അതുപോലും തടയുകയാണ് അന്വേഷണസംഘം ചെയ്തത്. ചോദ്യം ചെയ്യൽ നോട്ടീസ് ജയരാജന് കിട്ടും മുമ്പ് മാധ്യമങ്ങൾക്ക് പോലീസ് നൽകി. അഭിഭാഷകനെ അനുവദിക്കില്ലെന്ന വിവരവും ആദ്യം മാധ്യമങ്ങൾക്കാണ് അന്വേഷണസംഘം നൽകിയത്. ഇത്തരത്തിൽ കേസന്വേഷണം പ്രഹസനമാക്കി രാഷ്ട്രീയ വൽക്കരിക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളോടും ജില്ലാസെക്രട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നു.