കണ്ണൂർ: അടിയന്തിരാവസ്ഥാ കാലത്തെ ഓർമ്മിപ്പിക്കും വിധം ഷുക്കൂർ കേസിൽ കസ്റ്റഡിയിൽ എടുത്ത് സി പി ഐ (എം) പ്രവർത്തകരെ ഭീകരവും, മൃഗീയവുമായി മർദ്ദിച്ചതിൽ സി പി ഐ (എം) കണ്ണൂർ ജില്ലാസെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു.

നിയമവിരുദ്ധമായ ഈ മർദ്ദനമുറകൾക്ക് ഉത്തരവാദികളായവർക്കെതിരെ അന്വേഷിച്ചു നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും പോലീസ് മൂന്നാംമുറ പ്രയോഗിക്കില്ലെന്ന പ്രസ്താവനകൾ ആവർത്തിച്ചുകൊണ്ടിരിക്കെയാണ് കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിൽ മൃഗീയമായ മർദ്ദനമുറകൾ നടന്നത്. ഇതിന്റെ ഫലമായി സി പി ഐ (എം) പ്രവർത്തകനായ കണ്ണപുരത്തെ സുമേഷിനെ ഗുരുതരാവസ്ഥയിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മജിസ്‌ട്രേറ്റിനോട് മർദ്ദനത്തെപ്പറ്റി പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സുമേഷിന്റെ ശരീരത്തിലേറ്റ പരിക്കുകൾ മജിസ്‌ട്രേറ്റ് റിക്കാർഡ് ചെയ്തിട്ടുണ്ട്. ഇരുമ്പു പൈപ്പ് ഉപയോഗിച്ചുള്ള ഉരുട്ടൽ, വാരിയെല്ലുകളിൽ മർദ്ദനം എന്നിവയും, മലദ്വാരത്തിൽ കമ്പികയറ്റി ആ കമ്പി വായിൽ തിരുകി കയറ്റുന്ന മൃഗീയ വിനോദവും അരങ്ങേറുകയുണ്ടായി. മലദ്വാരത്തിൽ കാന്താരി മുളക് അരച്ച് പുരട്ടുക തുടങ്ങിയ രീതികളും അവലംബിക്കുകയുണ്ടായി എന്നാണ് വിവരം. കണ്ണൂർ ഡി വൈ എസ് പി  പി സുകുമാരനും, വളപട്ടണം സി ഐ പ്രേമൻ, കണ്ണൂർ സി ഐ ഓഫീസിലെ രാജീവൻ, സിഡി പാർട്ടിയിലെ യോഗേഷ്, മഹിജൻ തുടങ്ങിയവരാണ് ഭീകരവും, നിന്ദ്യവുമായ ഈ മർദ്ദനമുറകൾക്ക് നേതൃത്വം നൽകിയത്.      

ഷുക്കൂർ കേസുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ കസ്റ്റഡിയും മൂന്നാംമുറയുമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഭാര്യ കൊടുത്ത പരാതിയെ തുടർന്ന് നേരത്തെ നടപടിക്ക് വിധേയനായ ഈ ഉദ്യോഗസ്ഥന് ഈയിടെയാണ് പ്രമോഷൻ ലഭിച്ചത്. ലീഗ് നേതാക്കളെ തൃപ്തിപ്പെടുത്താനാണ്  സി പി ഐ (എം) പ്രവർത്തകർക്ക് നേരെ മൃഗീയ നടപടിക്ക് ഈ ഉദ്യോഗസ്ഥൻ മുതിരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തികൊണ്ടുവരണം. ഇത്തരത്തിൽ സി പി ഐ (എം) നെതിരായി  അതിക്രമങ്ങൾ നടത്തുന്ന പോലീസ്, ലീഗ് ഗുണ്ടകൾ നടത്തിയ ആക്രമണങ്ങൾക്കെതിരായി ദുർബ്ബലമായ വകുപ്പുകൾ ചേർത്ത് കേസെടുക്കുകയും കേസ് തേച്ച്മാച്ച് കളയാൻ ശ്രമം നടത്തുകയാണ്. ഇതിൽ പ്രതിഷേധിച്ചുകൊണ്ട് ജൂൺ 5ന് തളിപ്പറമ്പ് ഡി വൈ എസ് പി ഓഫീസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

 

ഷുക്കൂർ കേസുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന മൂന്നാംമുറയിൽ പ്രതിഷേധിച്ചുകൊണ്ട് കണ്ണൂർ ഡി വൈ എസ് പി ഓഫീസിലേക്ക് ജൂൺ 8ന് മാർച്ച് നടത്തണമെന്നും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്നും സെക്രട്ടറിയേറ്റ് അറിയിച്ചു.