കണ്ണൂർ: നാൽപാടി വാസുവിനെ വെടിവെച്ചു കൊന്ന കേസിലെ  എഫ്‌ഐആറിൽ ഒന്നാം പ്രതിയായും ഇ പി ജയരാജനെ വെടിവെച്ചുകൊല്ലാൻ ശ്രമിച്ച കേസിൽ വാടകകൊലയാളികൾക്ക് പണവും തോക്കും കൊടുത്തയാളെന്ന നിലയിലും കുപ്രസിദ്ധി നേടിയ കെ സുധാകരന്റെ അക്രമവിരുദ്ധ പ്രസ്താവന ജനം പുഛിച്ചു തള്ളുമെന്ന് സിപിഎ എം ജില്ല സെക്രട്ടറി  പി ജയരാജൻ പറഞ്ഞു.

 മാർക്‌സിസ്റ്റ് അക്രമവിരുദ്ധ ജാഥ നടത്തിയാണ് സിപിഐ എം പ്രവർത്തകനായ നാൽപാടി വാസുവിനെ വെടിവെച്ചു കൊന്നത്. ഡിസിസി പ്രസിഡന്റായിരുന്ന കാലത്താണ് സുധാകരൻ സേവറി ഹോട്ടലിലെ നാണുവിനെ ബോംബെറിഞ്ഞ് കൊന്നത്. ജില്ല  കൗൺസിൽ പ്രസിഡന്റായിരുന്നു ടി കെ ബാലന്റെ മകനെ ബോംബെറിഞ്ഞു കണ്ണ് നഷ്ടപ്പെടുത്തിയതും സുധാകരന്റെ  അനുയായികൾ തന്നെ. അടിയന്തരാവസ്ഥാകാലത്ത് ബോബെറിഞ്ഞ് പന്തക്കപ്പാറയിലെ കുളങ്ങരേത്ത് രാഘവനെ കൊന്നതും കോൺഗ്രസ് നേതാക്കളാണ്. അഹിംസവാദികളാണെന്ന നാട്യം കോൺഗ്രസ് നേതാക്കൾ ഉപേക്ഷിക്കണം.

 

ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളുടെ നേരെ കോൺഗ്രസ് നടത്തിയ അക്രമങ്ങൾക്ക് കൈയും കണക്കുമില്ല. ഇന്ദിരാഗാന്ധി കൊലചെയ്യപ്പെട്ടപ്പോൾ 3000 സിക്കുകാരെയാണ് കോൺഗ്രസ് നേതൃത്വം കൂട്ടക്കൊല ചെയ്തതത്. ഇതെല്ലാം മറച്ചുവെച്ചാണ് ചന്ദ്രശേഖരൻ വധത്തെ രാഷ്ട്രീയ നേട്ടത്തിനായി കോൺഗ്രസ് നേതാക്കൾ ഉപയോഗപ്പെടുത്തുന്നതെന്നും ജയരാജൻ പറഞ്ഞു.