കണ്ണൂർ: ഒഞ്ചിയത്തെ ചന്ദ്രശേഖരൻ വധവുമായും, തലശ്ശേരി ഫസൽ വധവുമായും ബന്ധപ്പെട്ട് സി പി ഐ (എം) നെതിരെ നടക്കുന്ന മാധ്യമവേട്ടയിൽ സി പി ഐ (എം) കണ്ണൂർ ജില്ലാസെക്രട്ടറിയേറ്റ് ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. പോലീസിൽ നിന്ന് ലഭിച്ച വിവരങ്ങളെന്ന വിധത്തിൽ കാൽപനിക കഥകളുണ്ടാക്കി സി പി ഐ (എം)നെതിരെ സത്യവുമായി പുലബന്ധമില്ലാത്ത കാര്യങ്ങളാണ് ചില മാധ്യങ്ങൾ നിരന്തരമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സി പി ഐ (എം) കൊലപാതകികളുടെ പാർട്ടിയാണെന്ന് സ്ഥാപിക്കാനുള്ള വ്യാജവാർത്തകളാണ് ഈ മാധ്യമങ്ങൾ നിരന്തരമായി കെട്ടിച്ചമച്ചുകൊണ്ടിരിക്കുന്നത്. 1948 ൽ സ:മൊയാരത്ത് ശങ്കരനെ ഉരിച്ച തേങ്ങ കൊണ്ട് മർദ്ദിച്ചു കൊലപ്പെടുത്തിയ കാലം മുതൽ പോലീസിന്റെയും, ആർ എസ് എസ് ന്റെയും, കോൺഗ്രസ് ഐ യുടെയും, എൻ ഡി എഫിന്റെയും ലീഗിന്റെയും കൊലക്കത്തിക്കിരയായി 160 സഖാക്കളുടെ രക്തസാക്ഷിത്വം ഏറ്റുവാങ്ങിയ പാർട്ടിയാണ് ജില്ലയിലെ സി പി ഐ (എം). രാഷ്ട്രീയ അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്നവരെ ശാരീരികമായി വകവരുത്തിയ ഒരു സംഭവം പോലും സി പി ഐ (എം) നെതിരെ ആർക്കും ആക്ഷേപിക്കാനാവില്ല. ഫസൽ വധം സംബന്ധിച്ച് പാർട്ടി നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഫസൽ വധം നടന്ന സന്ദർഭത്തിൽ തന്നെ പ്രസ്തുത സംഭവത്തെ അപലപിക്കാനും ശരിയായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്താനും ആവശ്യപ്പെട്ടത് സി പി ഐ (എം) ആണ്. ഫസലിന്റെ സംഘടന തന്നെ കൊലപാതകം നടത്തിയത് ആർ എസ് എസ് ആണെന്ന് പ്രഖ്യാപിച്ചിരുന്നു. യു ഡി എഫ് ഗവ:അധികാരമേറ്റതോടെ സി ബി ഐ യെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി സി പി ഐ (എം) നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.

നേരത്തെ വലതുപക്ഷ മാധ്യമങ്ങൾ കണ്ണൂർ ജില്ലയിലെ സി പി ഐ (എം)നെ തകർക്കുന്നതിന് പാർട്ടി  ഗ്രാമങ്ങളെന്ന മുദ്രകുത്തി അപവാദങ്ങൾ പ്രചരിപ്പിക്കുന്ന നിലയാണ് സ്വീകരിച്ചിരുന്നത്. ഈയിടെ ലീഗ് തീവ്രവാദികൾ നടത്തിയ ഏകപക്ഷീയമായ അക്രമങ്ങളുടെ ഫലമായി സി പി ഐ (എം) ബന്ധുക്കൾക്കടക്കം ഗുരുതരമായി പരിക്കേറ്റു. മോഹനനെന്ന കാർപെന്ററി തൊഴിലാളി 75 ദിവസം കഴിഞ്ഞിട്ടും ബോധം തിരിച്ചുകിട്ടാത്ത അവസ്ഥയിലാണ്. ഇതെല്ലാം മറച്ചുവെച്ച്  സംഘർഷത്തിൽ മരണപ്പെട്ട ലീഗുകാരന്റെ കൊലകേസുമായി ബന്ധപ്പെട്ട് പോലീസ് റിപ്പോർട്ടെന്ന വ്യാജേന പാർട്ടി കോടതിയെപ്പറ്റിയും മറ്റും പ്രചരിപ്പിക്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്. ഷുക്കൂർ വധവുമായി ബന്ധപ്പെട്ട് പാർട്ടി കോടതിയെകുറിച്ചും മറ്റും പറഞ്ഞ കാര്യങ്ങൾ ഒരു കാരണവശാലും സ്ഥാപിക്കാനാവില്ലെന്ന് അധികൃതർക്ക് തന്നെ ബോധ്യമുള്ളതാണ്. പാർട്ടിക്കെതിരെ എന്ത് നെറികേടും പ്രചരിപ്പിക്കാൻ പാർട്ടി ശത്രുക്കളാകെ ഇപ്പോൾ ഒന്നിച്ചിരിക്കുന്നു.

സി പി ഐ (എം) നെതിരെ നടക്കുന്ന അക്രമങ്ങളെ പ്രതിരോധിക്കുന്നതിനു പാർട്ടി നടത്തിയിട്ടുള്ള എല്ലാ ശ്രമങ്ങളും ബഹുജനങ്ങളുടെ പിന്തുണയോടെ പരസ്യമായി നടത്തിയിട്ടുള്ളതാണ്. മൊകേരി കേസിൽ 5 സഖാക്കളെ വധശിക്ഷയ്ക്ക് വിധിച്ചപ്പോഴും സി പി ഐ (എം) വിരുദ്ധജ്വരം വളർത്താനുള്ള ശ്രമം നടന്നത് കേരളം മറന്നിട്ടില്ല. ആ സന്ദർഭത്തിലാണ് നീതിന്യായ വ്യവസ്ഥയെ സമീപിക്കുന്നതിന് ജനങ്ങൡ നിന്നും ഫണ്ട് ശേഖരിക്കാൻ പാർട്ടി തീരുമാനിച്ചത്. പ്രസ്തുത ഫണ്ടിനു വമ്പിച്ച ജനപിന്തുണയാണ് ആ സന്ദർഭത്തിൽ ലഭിച്ചത്. പിരിച്ചെടുത്ത സംഖ്യ സംബന്ധിച്ചും അതിന്റെ വിനിയോഗം സംബന്ധിച്ചുമെല്ലാം ബഹുജനങ്ങളോട് പരസ്യമായി പാർട്ടി വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ ഫണ്ട് പിരിവിനെപ്പോലും വളച്ചൊടിച്ച് ചിത്രീകരിക്കാനാണ് മാധ്യമങ്ങൾ പരിശ്രമിക്കുന്നത്.

 

ചന്ദ്രശേഖരൻ വധത്തിലാവട്ടെ സി പി ഐ (എം)നെതിരെ കുറ്റം ആരോപിക്കുന്നതിനുള്ള യാതൊരു തെളിവും അധികാരികളുടെ പക്കലില്ല. സി പി ഐ (എം) വുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാനുള്ള കാൽപനിക കഥകളാണ് മാധ്യമങ്ങൾ നിരന്തമായി പടച്ചുവിട്ടുകൊണ്ടിരിക്കുന്നത്. അന്വേഷണത്തെ രാഷ്ട്രീയമായി സ്വാധീനിക്കാനുള്ള ശ്രമങ്ങൾ മന്ത്രിമാരുടെ തന്നെ മുൻകയ്യിൽ നടക്കുന്നതിനെകുറിച്ച് ഈ മാധ്യമങ്ങൾക്ക് ഒന്നും പറയാനില്ല. ഗവ:ചീഫ് വിപ്പ് തന്നെ പ്രതികളെ പരസ്യമായി പ്രഖ്യാപിക്കുന്ന പരിഹാസ്യമായ നിലപോലും ഉണ്ടായി. പ്രസ്തുത സംഭവത്തിൽ ഇതുവരെ കണ്ടെത്തിയ തെളിവുകൾ വെച്ച് സി പി ഐ (എം) ബന്ധം വിദൂരമായി സ്ഥാപിക്കാൻ പോലും പോലീസിന് സാദ്ധ്യമാവില്ല. പ്രതികളുമായി സി പി ഐ (എം) ജില്ലാകമ്മിറ്റി ഓഫീസിൽ നിന്നും ഫോണിൽ സംസാരിച്ചുവെന്നും, മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച് ക്വട്ടേഷൻ സംഘത്തെ കൊലപാതകം ഏൽപിച്ചുവെന്നല്ലാം ഭാവനാവിലാസം പോലെ യു ഡി എഫിനു വേണ്ടി ചില പേനയെഴുത്തുകാർ കഥകൾ ചമയ്ക്കുകയാണ്. പ്രസ്തുത സംഭവുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും ഈ കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരാൻ ശരിയായ നിലയിലുള്ള അന്വേഷണം നടത്തണമെന്നും സി പി ഐ (എം) സംസ്ഥാന സെക്രട്ടറി തന്നെ ആവശ്യമുന്നയിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ സി പി ഐ (എം) നെതിരെ നടക്കുന്ന വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കുപ്രചരണങ്ങളെ പാടെ തള്ളിക്കളയണമെന്ന് സി പി ഐ (എം) മുഴുവൻ ബഹുജനങ്ങളോടും അഭ്യർത്ഥിക്കുന്നു. രാഷ്ട്രീയ കേസുകളിൽ ജയിലിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങളെ പോലും ആക്ഷേപിക്കാൻ വലതുപക്ഷ മാധ്യമങ്ങൾ തയ്യാറാവുന്നു. ജില്ലയിലെ അറിയപ്പെടുന്ന കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ അടിയന്തിരാവസ്ഥകാലത്ത് കൊളങ്ങരോത്ത് രാഘവനെ ബോംബെറിഞ്ഞു കൊന്നകേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് എന്ന കാര്യം ഈ മാധ്യമങ്ങൾ മറന്നു പോകരുത്.  ചില മാധ്യമങ്ങൾ പാർട്ടിക്കെതിരെ നടത്തുന്ന ജുഗുപ്‌സാവഹവും, ശത്രുതാപരവുമായ കള്ളപ്രചരണങ്ങളിൽ നിന്ന് പിൻമാറണമെന്നും സി പി ഐ (എം) കണ്ണൂർ ജില്ലാസെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു.