കണ്ണൂർ : കേരള രാഷ്ട്രീയത്തിലെ ദുർഗന്ധം വമിക്കുന്ന മാലിന്യ വണ്ടിയായ പി സി ജോർജ്ജ് പാർടി നേതാക്കളെ വ്യക്തിഹതത്യ നടത്തുന്ന പ്രസ്താവനകൾ പ്രബുദ്ധമായ കേരളീയ സമൂഹം തള്ളിക്കളയുമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

അദ്ദേഹത്തിന്റെ പത്രസമ്മേളനത്തിൽ വസ്തുതാ വിരുദ്ധവും പാർടി നേതാക്കളെ വ്യക്തിഹത്യ നടത്തിയതിനും അസഭ്യങ്ങൾ വിളിച്ച് പറയുകയും ചെയ്തതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാസെക്രട്ടറിയേറ്റ് അറിയിച്ചു. സ്വന്തം ക്വട്ടേഷൻ പങ്ക് വെളിവായതോടെയാണ് സമനില തെറ്റിയ മട്ടിൽ ജോർജ് പാർട്ടി നേതാക്കളെ വ്യക്തിഹത്യ നടത്തി കൊണ്ടിരിക്കുന്നത്.

കമ്മ്യൂണിസ്റ്റ്കാരെ ക്രിമിനലുകളെന്നും അക്രമികളെന്നും മുദ്രകുത്തുന്നത് വലതുപക്ഷ രാഷ്ട്രീയക്കാരുടെ സ്ഥിരം ശൈലിയാണ്. ഇപ്പോഴത്തെ കേരളത്തിലെ വലത്പക്ഷ രാഷ്ട്രീയത്തിന്റെ ക്വട്ടേഷൻ സംഘതലവനാണ് പി സി ജോർജ്. ഉമ്മൻചാണ്ടി നൽകിയ ക്വട്ടേഷൻ അനുസരിച്ചാണ് തനിക്കെതിരായ കേസ് പരിഗണിച്ച വിജിലൻസ് ജഡ്ജിയെ ജോർജിനെകൊണ്ട് പുലഭ്യം പറയിക്കുകയും പാക്കിസ്ഥാൻ കാരൻ എന്ന് ആക്ഷേപിക്കുകയും ചെയ്തതിനെ തുടർന്നാണ് കേസ് തുടർന്ന് കേൾക്കുന്നതിൽ നിന്നും ജഡ്ജി പിന്തിരിയുകയും ചെയ്തത്. ഇതേ ക്വട്ടേഷൻ ഏറ്റെടുത്തതാണ് ശെൽവരരാജിനെ കോടികൾ നൽകി ചാക്കിലാക്കിയതും.  കേരള രാഷ്ട്രീയത്തിൽ ഒറ്റപ്പെട്ട യു ഡി എഫിനെ നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ രക്ഷിക്കാൻ കഴിയുമോ എന്ന വൃഥാ ശ്രമമാണ് ഒഞ്ചിയത്തെ കൊലപാതകത്തിന് പിന്നിലുള്ളത്. ക്വട്ടേഷൻ സംഘതലവനായ ജോർജിന്റെ ഈയടുത്തകാലത്തെ തലശ്ശേരി സന്ദർശനത്തെക്കുറിച്ച് അന്വേഷിക്കണം. ജോർജ് കോട്ടയത്തെ പത്ര സമ്മേളനത്തിൽ പറഞ്ഞത് സെക്യുലർ കേരള കോൺഗ്രസ് നേതാവിന്റെ മകളുടെ വിവാഹത്തിനാണ് തലശ്ശേരിയിൽ വന്നത് എന്നാണ്. എന്നാൽ വിവാഹം നടന്നത് 2011 നവംബർ 30-നാണ്. ജോർജ് തലശ്ശേരിയിലും മാഹിയിലും വന്നതാവട്ടെ  ഫിബ്രവരി 19-നാണ്. രണ്ട് മാസങ്ങൾക്ക് ശേഷം തലശ്ശേരിയിലും മാഹിയിലും വന്നത് ഇപ്പോഴും ദുരൂഹമാണ്. മാഹിയിലുള്ള ശെൽവരാജിന്റെ ബന്ധവും സംശയാസ്പദമാണ്. സി പി ഐ (എം) നെതിരെ എന്ത് നുണയും പ്രചരിപ്പിക്കാൻ ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ ഇടത്പക്ഷ വിരുദ്ധശക്തികൾ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ്.         ജയിൽ ഉപദേശക സമിതിയെ ഉപയോഗിച്ച് സെൻട്രൽ ജയിലിൽ നിന്നും പരോളിലിറക്കിയാണ് കൊലപാതകം നടത്തിയതെന്നാണ് ആക്ഷേപിക്കുന്നത്. നിലവിലുള്ള ജയിൽ ഉപദേശക സമിതിയിൽ പി ജയരാജൻ മാത്രമല്ല ജില്ലാ ജഡ്ജിയും ജില്ലാ കലക്ടറും ജില്ലാ പോലീസ് ചിഫും ഉൾപ്പെടുന്നതാണ്. ഈ സമിതി ഒരിക്കലും പരോളിലിറങ്ങാൻ കഴിയാത്ത തടവുകാരുടെ പരോൾ ആവശ്യങ്ങൾ മാത്രമാണ് പരിഗണിച്ചത്. അന്ത്യേരി സുരനെന്ന തടവുകാരന് പരോൾ അനുവദിച്ചത് ജയിൽ ഉപദേശക സമിതിയല്ല. എ ഡി ജി പിയാണ്. ഗവ. ചീഫ് വിപ്പിന് ജയിൽ ഉപദേശക സമിതിയുടെ അധികാരങ്ങളെകുറിച്ചെങ്കിലും സാമാന്യ വിവരം ഉണ്ടാവേണ്ടതാണ്. ജോർജിനെ പോലെയുള്ളവരെ മാത്രമെ യു ഡി എഫിന് ചീഫ് വിപ്പാക്കി വെക്കാൻ പറ്റൂ എന്നത് അവരുടെ ഗതികേടിന്റെ ഭാഗമാണ്. ജോർജ് ഉന്നയിച്ച ആരോപണങ്ങൾ മുഴുവൻ ശുദ്ധ അസംബന്ധവും വസ്തുത വിരുദ്ധവുമാണ്

 

ലക്ഷങ്ങളും കോടികളും കൊടുത്ത് ക്വട്ടേഷൻ കൊടുക്കുന്ന ശൈലി സി പി ഐ എമ്മിനില്ലായെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം. സ്വന്തം പാർട്ടിയിലെ മന്ത്രിയെപോലും പുറത്താക്കാൻ സ്ത്രീപീഡന ക്വട്ടേഷൻ ഏർപ്പെടുത്തിയ ആളാണ് ഇന്നത്തെ ഗവ:ചീഫ് വിപ്പെന്ന് ഏതൊരു കൊച്ചുകുട്ടിക്കും അറിയുന്ന വസ്തുതയാണ്. വർക്കലയിൽ പ്രഭാത സവാരിക്കിടയിൽ അറുപത് വയസ്സുകാരനെ വെട്ടിക്കൊന്ന കേസിലെ ഡിഎച്ച്ആർഎം തീവ്രവാദസംഘത്തെ രക്ഷിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ ആളാണ് ജോർജ്. ഒഞ്ചിയം കേസിൽ പോലീസ് അന്വേഷിച്ച് പ്രതികളെ കണ്ടെത്തുന്നതിന് മുമ്പ് ഗവ: ചീഫ് വിപ്പ് തന്നെ പ്രതികളെ തീരുമാനിച്ച് പ്രഖ്യാപിക്കുകയാണ്. ഇത് കേസ് വഴിതിരിച്ച് വിടാനുള്ള ക്വട്ടേഷൻ സംഘതലവനായ ജോർജിന്റെ ശ്രമമാണ് എന്ന് ജനങ്ങൾ മനസ്സിലാക്കും.തുടക്കം തൊട്ടെ കേസ് വഴിതിരിച്ച് വിടാനാണ് യു ഡി എഫ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന സി പി ഐ (എം) ഉന്നയിച്ച ആരോപണം ജോർജിൽ നിന്നും വീണ്ടും പുറത്ത് വന്നതോടെ ശരിയായിരിക്കുകയാണ്. സി പി ഐ എമ്മിനും നേതാക്കൾക്കും എതിരെ നടത്തിയ അസഭ്യ വർഷം ഒരു സമനില തെറ്റിയ ആളിന്റെ ജല്പനങ്ങളായി ജനങ്ങൾ കണക്കാക്കുമെന്ന് ജില്ലാസെക്രട്ടറിയേറ്റ് പ്രത്യാശിക്കുന്നു.