ലീഗിന്റെയും ആർ എസ്സ് എസ്സിന്റെയും ആയുധപരിശീലനം-സമഗ്രാന്വേഷണം നടത്തി നടപടി സ്വീകരിക്കണം.

കണ്ണൂർ: കണ്ണൂർ ജില്ലയിൽ പ്രത്യേകമായും മറ്റു ജില്ലകളിൽ പൊതുവായും വൻതോതിൽ ആയുധപരിശീലനം നടത്താനും ജനങ്ങളെ വർഗീയമായി വിഭജിക്കാനുമുള്ള ആപൽക്കരമായ നീക്കമാണ് ലീഗ് നേതൃത്വം നടത്തികൊണ്ടിരിക്കുന്നത്. ഈ അടുത്ത ദിവസങ്ങളിലായി ആർ എസ്സ് എസ്സും ആയുധപരിശീലനം നടത്തുന്നതായാണ് പത്രവാർത്തകൾ സൂചിപ്പിക്കുന്നത്. ജനങ്ങളെ വർഗീയമായി വിഭജിക്കാനും തീവ്രവാദി മോഡൽ ആക്രമണങ്ങൾ നടത്തി ജനങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനുമാണ് ഈ നിക്ഷിപ്ത താൽപര്യക്കാർ തുനിഞ്ഞിറങ്ങുന്നത്.

പന്നിയൂരിൽ 20 ലധികം ആളുകൾക്ക് ആയുധപരിശീലനം നൽകി ഒരു കൊട്ടേഷൻ സംഘത്തെ വളർത്തിയെടുക്കാനാണ് ലീഗ് നേതൃത്വം പരിശ്രമിക്കുന്നത്. മുസ്ലീം ജനവിഭാഗത്തിന്റെ ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലവിട്ട് അങ്ങേയറ്റം തീവ്രവാദപരമായ നിലപാടുകളാണ് ലീഗ് നേതൃത്വം ഇപ്പോൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.

കണ്ണൂർ അഞ്ചുകണ്ടിയിലെ കൊട്ടേഷൻ സംഘത്തിന് നേതൃത്വം കൊടുക്കുന്ന ലീഗ് നേതാക്കളിൽ  ഒരു മുൻസിപ്പൽ കൗൺസിൽ ഭാരവാഹികൂടി ഉണ്ടെന്നുള്ള പത്രവാർത്ത സംഭവത്തിന്റെ ഗൗരവം ഒന്നുകൂടെ വർദ്ധിപ്പിക്കുന്നു. ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ് കണ്ണൂർ സിറ്റി പോലീസ് പ്രവർത്തിക്കുന്നത്. സ്വന്തം അണികൾ എൻ ഡി എഫ് പോലുള്ള അതിതീവ്രവാദ സംഘടനകളിലേക്ക് ചേക്കേറുമ്പോൾ മതനിരപേക്ഷ മുഖ്യധാരാ രാഷ്ട്രീയത്തിൽ ഉള്ളവരാണ് ഞങ്ങൾ എന്ന നാട്യം പോലും ഉപേക്ഷിച്ച് മതതീവ്രവാദത്തിന്റെ ആപൽക്കരമായ വക്താക്കളായി ജില്ലയിലെ ലീഗ് നേതൃത്വം മാറി കൊണ്ടിരിക്കുകയാണ്.

അദ്ധ്യാപകനായാലും ശരി, ഗവൺമെന്റ് ഓഫീസുകളിലെ ഉദ്യോഗസ്ഥൻമാരായാലും ശരി മുസ്ലീം സ്ത്രീകളോട് ഹിന്ദുമതത്തിൽപെട്ട പുരുഷന്മാർ സംസാരിച്ചു കൂടാ എന്ന ഹീനമായ നിലപാടിന് ലീഗ് നേതൃത്വവും കൂട്ടുനിൽക്കാൻ തുടങ്ങിയിരിക്കുന്നു. ലീഗിന്റെ ഇത്തരം മതമൗലീകവാദം തന്നെയാണ് തങ്ങളുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ഫണ്ട് ശേഖരണത്തിന് മുസ്ലീം പള്ളികളെ ഉപയോഗപ്പെടുത്തുന്നവരുടെ നിലപാടുകളും.

ഇപ്പോൾ ബഹുജനാഭിപ്രായം വൻതോതിൽ തങ്ങൾക്കെതിരായി മാറുകയാണെന്ന് ലീഗ് നേതൃത്വം  മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് തങ്ങൾ മതേതര പാർട്ടിയാണെന്നു പറയാൻ മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി തയ്യാറായത്. ഈ പറച്ചിലിൽ ആത്മാർത്ഥതയുണ്ടോ?.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പ്രദേശത്തെ ലീഗ് നേതാക്കളുടെയും പ്രവർത്തകരുടെയും മത തീവ്രവാദ നിലപാടുകളെ തള്ളിപ്പറയാൻ ലീഗ് നേതൃത്വം തയ്യാറുണ്ടോ?. മുസ്ലീം പള്ളികൾ ഉപയോഗിച്ചുള്ള ഫണ്ട് പിരിവ് അവസാനിപ്പിക്കുമോ?. സദാചാര പോലീസ് ചമയുന്ന സ്വന്തം അണികളെ ലീഗ് നേതൃത്വം തള്ളിപ്പറയുമോ.....ലീഗിന്റെ മതതീവ്രവാദ നിലപാടുകൾ ഹിന്ദു തീവ്രവാദികൾക്ക് പ്രോത്സാഹനമായി മാറും.

കാശ്മീരിലെ മതതീവ്രവാദികൾക്ക് പണം നൽകാൻ കവർച്ച നടത്തുന്നതിന് പോലും കണ്ണൂരിൽ

സംരക്ഷണം ലഭിക്കുന്നത് ലീഗിന്റെ ഭരണപങ്കാളിത്തവും പോലീസിന്റെ നിഷ്‌ക്രീയത്വവും മൂലമാണ്. ഇത്തരം ഹീനമായ വർഗീയ ധ്രൂവീകരണത്തിനെതിരെ ബഹുജനാഭിപ്രായം ഉയർന്നു വരണം. ലീഗിന് അടിയറവു പറയുന്ന കോൺഗ്രസ്സ് നയം ഉപേക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.

ലീഗിന്റെ ഈ വർഗീയ വൽക്കരണം വൻ വിപത്തായി മാറും. 2001-2006 കാലത്ത് കേരളത്തിൽ പൊട്ടിപുറപ്പെട്ട വർഗീയ കൊലപാതകങ്ങൾ പോലുള്ള അനിഷ്ട സംഭവങ്ങളിലേക്കാണ് കാര്യങ്ങൾ നീങ്ങി തുടങ്ങുക.

 

എല്ലാവിലക്കുകളും ലംഘിച്ച് കൂത്തുപറമ്പ് ഹൈസ്‌കൂളിൽ ആർ എസ്സ് എസ്സ് ആയുധ പരിശീലനം നടത്തുന്നത് ആപൽക്കരമായ സംഘർഷങ്ങൾ മനസ്സിൽ കണ്ടുകൊണ്ടാണ്. സ്‌കൂളുകൾ ആയുധ പരിശീലനത്തിന് നൽകാൻ പാടില്ലെന്ന സർക്കാർ ഉത്തരവ് നിലവിലുണ്ട്. ഈ ഉത്തരവ് കാറ്റിൽ പറത്തി കൊണ്ടാണ് കോൺഗ്രസിന്റെ മാനേജ്‌മെന്റിലുള്ള സ്‌കൂളിൽ ആയുധ പരിശീലനം നടത്തുന്നത്. സ്‌കൂളിൽ പ്രവേശിക്കുന്ന അദ്ധ്യാപകരേയും മറ്റും ദേഹപരിശോധന നടത്തിയാണ് ആർ എസ്സ് എസ്സ് വളണ്ടിയർമാർ അകത്തേക്ക് കടത്തി വിടുന്നത്. വർഗീയത കയ്യാളുന്ന ഇത്തരം ഛിദ്രശക്തികളെ ഒറ്റപ്പെടുത്താൻ ബഹുജനങ്ങളും പത്രമാധ്യമങ്ങളും നിതാന്ത ജാഗ്രത പുലർത്തണം. ഇത്തരം വർഗീയ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ പോലീസ് അധികാരികൾ കർശന നടപടികൾ സ്വീകരിക്കണം.