കണ്ണൂർ: ചന്ദ്രശേഖരൻ വധകേസ് അന്വേഷണം ഭരണരാഷ്ട്രീയ നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം നടത്തുന്നതിൽ സി പി ഐ (എം) ജില്ലാസെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. സി പി ഐ (എം) ന് ഒരു പങ്കുമില്ലാത്ത സംഭവത്തിൽ സി പി ഐ (എം) നേതൃത്വത്തിലുള്ളവരെ പ്രതികളാക്കി ശരിയായ അന്വേഷണത്തിന്റെ ഗതിതിരിച്ചു വിടാനും അന്വേഷണം തന്നെ അട്ടിമറിക്കാനും നടത്തുന്ന ഹീന നീക്കം പ്രതിഷേധാർഹമാണ്. പാർട്ടി ഏരിയാകമ്മിറ്റികൾക്ക് പങ്കുണ്ടെന്ന് വരുത്തി തീർക്കാനാണ് ഇപ്പോഴത്തെ ശ്രമം. പ്രതികളെയും അന്വേഷണ രീതിയും ആദ്യം ഭരണരാഷ്ട്രീയ നേതൃത്വവും, വലതുപക്ഷമാധ്യമങ്ങളും പ്രഖ്യാപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ആ ദിശയിലേക്ക് പോലീസ് അന്വേഷണസംഘം നീങ്ങുന്നു. ഇത് യഥാർത്ഥ കൊലയാളികളെ രക്ഷിക്കാനും നിരപരാധികളായ സി പി ഐ (എം) പ്രവർത്തകരെ കേസിൽ പ്രതികളാക്കാനുമുള്ള ഉദ്ദേശത്തോടെയാണ്. കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുതൽ കെ.പി.സി.സി പ്രസിഡന്റ് വരെയുള്ളവർ എഫ് ഐ ആർ തയ്യാറാക്കും മുമ്പ് തന്നെ സി പി ഐ (എം) കാരാണ് കൊലയ്ക്ക് പിന്നിൽ എന്നു പറഞ്ഞതാണ്. ആദ്യം പ്രതികളെ തീരുമാനിക്കുക

 

പിന്നീട് തെളിവുണ്ടാക്കുക എന്ന രീതി അന്വേഷണസംഘത്തിന് സ്വീകരിക്കേണ്ടി വന്നു. ഇത്തരം രാഷ്ട്രീയ സമ്മർദ്ദം ഉണ്ടായതിനെ തുടർന്ന് ചില അന്വേഷണ ഉദ്യോഗസ്ഥന്മാർ പോലും അന്വേഷണസംഘത്തിൽ നിന്നും സ്വയം ഒഴിവാകുകയാണ്. അന്വേഷണസംഘത്തെ തീരുമാനിക്കുന്ന വേളയിൽ  തങ്ങൾക്ക് പറ്റുന്നവരെ നിയോഗിക്കാനുള്ള ശ്രമവും നടന്നു. തുടർച്ചയായ നുണയൻ വാർത്തകളിലൂടെ  കണ്ണൂർ ജില്ലയിലെ ഏരിയകൾക്ക് പങ്കുണ്ടെന്നും നേതാക്കൾ ഗൂഢാലോചനക്കാരാണെന്നും വരുത്തി തീർക്കുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധമാധ്യമങ്ങളുടെ ഗൂഢലക്ഷ്യം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. തുടർച്ചയായി ഒരേ ഒരു പാർട്ടിയെയും അതിന്റെ നേതാക്കളെയും തകർക്കാനും തേജോവധം ചെയ്യാനുമുള്ള ശ്രമങ്ങൾക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ആ രാഷ്ട്രീയ ലക്ഷ്യം ജനങ്ങൾ തിരിച്ചറിയുമെന്നും ഉറപ്പുണ്ട്. കേരളത്തിൽ 503 പേരും കണ്ണൂരിൽ 160 പേരും ശത്രുക്കൾ കൊലപ്പെടുത്തിയ കമ്മ്യൂണിസ്റ്റുകാരാണ്. കമ്മ്യൂണിസ്റ്റുകാർ കടന്നുവന്നത് കനൽ വഴികളിലൂടെയാണ്. സമൂഹത്തിന് വേണ്ടി ജീവിക്കുന്നവരാണ്. അത്തരമൊരു പാർട്ടിയെയും പാർട്ടി പ്രവർത്തകരെയുമാണ് കൊലയാളി സംഘമായി ചിത്രീകരിക്കുന്നത്. ആടിനെ പട്ടിയും പേപ്പട്ടിയുമാക്കുന്ന ഇത്തരം പ്രചരണം അവജ്ഞയോടെ ജനങ്ങൾ തള്ളിക്കളയുക തന്നെ ചെയ്യും.