കണ്ണൂർ: പട്ടുവം അരിയിൽ  പ്രദേശത്ത് വീണ്ടും കുഴപ്പം കുത്തിപൊക്കാനുള്ള  ലീഗ് തീവ്രവാദികളുടെ ശ്രമങ്ങളിൽ സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.

അരിയിൽ പ്രദേശത്ത് നേരത്തെ പാർടിക്കെതിരെ നടത്തിയ ഏകപക്ഷീയമായ അക്രമണങ്ങളെതുടർന്ന് സ്ഥലം സന്ദർശിക്കാനെത്തിയ പാർടി ജില്ലാ സെക്രട്ടറിയും സ്ഥലം എം എൽ എയുമടക്കമുള്ള നേതാക്കളെ അക്രമിച്ച് കൊലപ്പെടുത്താനാണ് ഒരു സംഘം ലീഗ് ക്രിമിനലുകൾ ശ്രമിച്ചത്. അരിയിൽ സംഭവങ്ങളെ തുടർന്ന് സിപിഐ (എം) അനുഭാവി കുടുംബങ്ങളെ ഈ പ്രദേശത്ത് കയറാൻ പോലും അനുവദിക്കാത്ത നിലപാടാണ്  ലീഗ് ക്രിമിനലുകൾ സ്വീകരിച്ചത്.

നിരവധി അക്രമണങ്ങളാണ് സി പി ഐ (എം) അനുഭാവികൾക്കും സ്ഥാപനങ്ങൾക്കും നേരെ അരങ്ങേറിയത്. അരിയിൽ തകർത്ത സി പി ഐ (എം) ബ്രാഞ്ച് ഓഫീസ് അറ്റകുറ്റപണിക്ക് ശേഷം വീണ്ടും ഒരു പറ്റം ലീഗ് ക്രിമിനലുകൾ വീണ്ടും അടിച്ച് തകർത്തിരിക്കുന്നു.

 

ലീഗ് ക്രിമിനൽ പുതിയാറമ്പത്ത് ഷഫീക്കിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് റെഡ് സ്റ്റാർ വായനശാല കൂടി പ്രവർത്തിക്കുന്ന ബ്രാഞ്ച് ഓഫീസ് കെട്ടിടം വീണ്ടും തകർത്തത്. ഏഴാമത്തെ തവണയാണ് ലീഗ് തീവ്രവാദികൾ ഈ ഓഫീസ് അക്രമിക്കുന്നത്. പാർടി അനുഭാവി കുടുംബങ്ങൾ ഇവിടെ താമസിച്ചാൽ കൊന്നുകളയുമെന്ന് വീണ്ടും ഭീഷണിപ്പെടുത്തുകയാണ്. ഇത് ഗുരുതരമായ ഭവിഷ്യത്തുകൾക്ക് ഇടയാക്കുമെന്ന് സി പി ഐ (എം) ഓർമ്മപ്പെടുത്തുന്നു. സി പി ഐ (എം)ന് എതിരായ ഏത് അക്രമത്തെയും കൈയ്യും കെട്ടി നോക്കിനിൽക്കുന്ന നിലപാടാണ്  ഇവിടെയും പോലീസ് സ്വീകരിക്കുന്നത്. സി പി ഐ (എം) അനുഭാവികൾക്കും സ്ഥാപനങ്ങൾക്കും നേരെയുള്ള ഈ അക്രമണം ലീഗ് ഗുണ്ടകൾ അടിയന്തിരമായി അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ഉണ്ടാവുന്ന ഭവിഷ്യത്തുകൾക്ക് ലീഗ് ക്രിമിനലുകൾ മാത്രമായിരിക്കും ഉത്തരവാദിയെന്നും സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് ഓർമ്മിപ്പിക്കുന്നു.