കണ്ണൂർ : മുസ്ലീം ലീഗ് കേന്ദ്രമായ പട്ടുവത്തെ അരിയിൽ വെച്ച് സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ ഉൾപ്പെടെയുള്ള പാർടി നേതാക്കളെ അപായപ്പെടുത്താൻ ശ്രമിച്ച മുസ്ലീം ലീഗ് റൗഡി സംഘത്തിന്റെ നടപടിയിൽ സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് ശക്തിയായി പ്രതിഷേധിച്ചു.

 

പി ജയരാജനു പുറമെ ടി വി രാജേഷ് എം എൽ എ, സി പി ഐ (എം) തളിപ്പറമ്പ ഏറിയ കമ്മിറ്റി അംഗം കെ ബാലകൃഷ്ണൻ, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ഏ രാജേഷ് തുടങ്ങിയ നേതാക്കളും കൂടെയുണ്ടായിരുന്ന മാധ്യമ പ്രതിനിധികൾക്കും പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപായപ്പെടുത്തുക എന്നു ഉദ്ദേശത്തോടെ ആസൂത്രിതമായ അക്രമണമാണ്  പി ജയരാജനും മറ്റ് നേതാക്കൾക്കുമെതിരെ നടന്നത്. പാർടി നേതാക്കൾക്ക് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ നാളെ എൽ ഡി എഫ് ആഹ്വാനം ചെയ്ത് ഹർത്താൽ വിജയിപ്പിക്കണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

കഴിഞ്ഞ ദിവസം അരിയിൽ വെച്ച് ലീഗ് ക്രിമിനലുകൾ മുതലപാറ ബ്രാഞ്ച് സെക്രട്ടറിയും ചെത്തുതൊഴിലാളിയുമായ കുന്നൂൽ രാജനെ രാവിലെ പത്ര വിതരണത്തിനിടെ യാതൊരു പ്രകോപനവുമില്ലാതെ ഭീകരമായി അക്രമിക്കുകയും ഇരു കാലുകളും അറ്റു തൂങ്ങിയ രാജനെ മംഗലാപുരം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയുമാണ്. ഇതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനു നേരെയും ലീഗ് ഗുണ്ടകൾ അക്രമണം നടത്തി. മുള്ളൂരിലെ കെ സരിത്തിന് പരിക്കേറ്റു. കൂടാതെ പാർടി ഓഫീസും വായശാലയും അക്രമിച്ച ലീഗ് ക്രിമിനലുകൾ രാത്രി വീടുകൾക്ക് നേരെയും അക്രമണം നടത്തി. ഏകപക്ഷീയമായ കടന്നാക്രമണങ്ങളാണ് ലീഗ് ഗുണ്ടകൾ തുടർച്ചയായി നടത്തികൊണ്ടിരുന്നത്. അക്രമ സംഭവങ്ങൾ നടന്ന സ്ഥലം സന്ദർശിക്കാനെത്തിയ പാർടി ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കളെ അപായപ്പെടുത്തുന്നതിനുള്ള ഹീന ശ്രമങ്ങളാണ് ലീഗ് റൗഡികൾ നടത്തിയത്.

ഭരണത്തിന്റെ തണലിൽ ലീഗ് ക്രിമിനലുകൾ ജില്ലയിലാകെ അഴിഞ്ഞാട്ടം നടത്തുകയാണ്. കഴിഞ്ഞ ദിവസമാണ് ചപ്പാരപ്പടവ് ബദരിയ നഗറിൽ പാർടി ബ്രാഞ്ച് സെക്രട്ടറി മൊയ്തുവിന്റെ പിതാവ് പി പി അബ്ദുള്ളയുടെ കട ലീഗ് ഗുണ്ടകൾ അടിച്ച് തകർത്ത് കൊള്ളയടിച്ചത്.

പാർടി ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ച് പോവുകയായിരുന്ന വനിത വളണ്ടിയർമാരെ ഉൾപ്പെടെ തളിപ്പറമ്പിൽ വെച്ച് അക്രമിച്ചതും ലീഗ് ക്രിമിനലുകൾ  തന്നെയായിരുന്നു.

സി പി ഐ (എം) പ്രവർത്തകർക്കും അനുഭാവികൾക്കും പാർടി സ്ഥാപനങ്ങൾക്കും നേരെ യാതൊരു പ്രകേപനവുമില്ലാതെ തുടർച്ചയായ കടന്നാക്രമണം ലീഗ് കേന്ദ്രങ്ങളിൽ ഉണ്ടായിട്ടും അക്രമം തടയുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനോ ഉള്ള യാതൊരു നീക്കവും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഭരണത്തിന്റെ തണലിൽ എന്തുമാവാമെന്ന ധാർഷ്ട്യമാണ് ലീഗിനുള്ളത്.

തീവ്രവാദികളുടെയും ക്രിമിനലുകളുടെയും കൂടാരമായി മുസ്ലീം ലീഗ് മാറിയിരിക്കുന്നു. ഉന്നതരായ പാർടി നേതാക്കളെയും ജനപ്രതിനിധികളെ പോലും അപായപ്പെടുത്താൻ നടന്ന ശ്രമം ലീഗിന്റെ ക്രിമിനൽ തീവ്രവാദ മുഖമാണ് വെളിവാകുന്നത്. ഇത്തരം തെമ്മാടിത്തരത്തിന്റെ മുന്നിൽ കീഴടങ്ങുന്ന പ്രസ്ഥാനമല്ല സി പി ഐ (എം) മുസ്ലീം ലീഗിന്റെ ക്രിമിനൽ നീക്കങ്ങളെ ചെറുക്കാൻ ബഹുജനങ്ങളാകെ അണിനിരക്കണം. ലീഗ് റൗഡി സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് ജില്ലാ ഭരണകൂടം തയ്യാറാകണം.