കണ്ണൂർ : തീവ്രവാദി മോഡൽ അക്രമണം നടത്തുന്ന മുസ്ലീം ലീഗ് ക്രിമിനലുകൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം അനുസരിച്ച് കേസ് എടുക്കണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

തളിപ്പറമ്പ അരിയിൽ പ്രദേശത്ത് പ്രവർത്തിക്കുന്ന ലീഗ് തീവ്രവാദി സംഘം ഏറ്റവും ഒടുവിൽ പോലീസിന് നേരെ ബോംബെറിയുകയും നടപടി എടുക്കുന്നതിൽ നിന്ന് പോലീസിനെ ബലം പ്രയോഗിച്ച് തടയുകയും അക്രമിക്കാൻ സന്നദ്ധമാവുകയുമാണുണ്ടായത്.

തളിപ്പറമ്പ കേന്ദ്രമായി മുസ്ലീം ലീഗിൽ ഒരു തീവ്രവാദി സംഘം കുറെ കാലമായി പ്രവർത്തിച്ചുവരുന്നുണ്ട്. മാരകമായ ആയുധങ്ങൾ സംഭരിക്കുകയും അവ ഉപയോഗിച്ചുകൊണ്ട് ആളുകളെ മാരകമായി പരിക്കേൽപ്പിക്കുന്നതിനുള്ള പരിശീലനവും നൽകിവരുന്നതായി പോലീസ് ഇന്റലിജൻസ് വിഭാഗത്തിന് തന്നെ കൃത്യമായ വിവരമുണ്ട്.

 തളിപ്പറമ്പ അരിയിൽ പ്രദേശത്ത് കഴിഞ്ഞ ദിവസം കാലത്ത് നടന്ന അക്രമ സംഭവങ്ങൾ ഓരോന്നും തീവ്രവാദി അക്രമണത്തിന്റെ മാതൃകയിലുള്ളതാണ്. അക്രമണങ്ങൾക്ക് ശേഷം പോലീസ് എത്തിയാൽ അവരെ ഉപരോധിക്കുന്ന നിലപാടാണ് ഈ സംഘം സ്വീകരിക്കുന്നത്. ഇന്ന് കാലത്ത് പരണലൂരിൽ വീട് അക്രമിച്ച് കാർപെന്റർ തൊഴിലാളിയായ മോഹനനെ മാരകമായ ആയുധങ്ങൾ ഉപയോഗിച്ച് തലക്കും മറ്റും വെട്ടി പരിക്കേൽപ്പിച്ചിരിക്കുകയാണ്. മോഹനൻ പരിയാരം മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. അദ്ദേഹത്തിന്റെ ഭാര്യ രാധ മകൻ മിഥുൻ എന്നിവരും പരിക്കേറ്റ് തളിപ്പറമ്പ സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കൂടാതെ പ്രതിഷേധ പ്രകടനത്തിനു നേരെ ലീഗ് ക്രിമിനലുകൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ അക്രമണങ്ങളിൽ പരിക്കേറ്റ് കടൂരിലെ നാസർ, സൈനുദ്ദീൻ, കണ്ടകൈയിലെ ആലിപേട്ടിൽ ഷിജിൽ, കരിങ്കൽകുഴിയിലെ പഴയടത്ത് പത്മനാഭൻ, എളമ്പാറയിലെ ഇ ഷിജിൻ എന്നിവർ എ കെ ജി ആശുപത്രിയിലും ചികിത്സയിൽ കഴിയുകയാണ്.

ജില്ലയിൽ പലയിടത്തും വീടുകൾ ലീഗ് റൗഡികൾ അക്രമിക്കുകയും തകർക്കുകയും കൊള്ളയടിക്കുകയും ചെയ്തിരിക്കുന്നു. സി പി ഐ (എം) ഇരിക്കൂർ, നാറാത്ത് ലോക്കൽ കമ്മിറ്റി ഓഫീസുകൾ, മാടായി മൂലക്കീൽ പാർടി ഓഫീസ്, വായനശാല, ക്ലൂബ്ബ്, അംഗൻവാടി എന്നിവയും കമ്പിൽ പുലരി ഹോട്ടലും തകർത്തും തീയിട്ടും നശിപ്പിച്ചു. കൂടാതെ വായനശാലകളിലെ ലക്ഷക്കണക്കിന് വിലവരുന്ന പുസ്തകങ്ങളും തീയിട്ട് നശിപ്പിച്ചു.

 

അതിനാൽ തീവ്രവാദി മോഡൽ അക്രമണം നടന്ന സംഭവങ്ങളിൽ നിയമ വിരുദ്ധപ്രവർത്തനം തടയൽ നിയമം അനുസരിച്ച് മുസ്ലീം ലീഗ് ക്രിമിനലുകൾക്കെതിരെ കേസെടുക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.