കണ്ണൂർ: ജില്ലാ ഭരണകൂടത്തിന്റെ ഭാഗമായി ജില്ലാ കലക്ടറും, ജില്ലാ പോലീസ് മേധാവിയും രേഖാമൂലം നൽകിയ ഉറപ്പുകൾ ലംഘിച്ച് കൊട്ടിയൂർ മേഖലയിൽ പോലീസ് നടത്തി കൊണ്ടിരിക്കുന്ന അറസ്റ്റിലും അതിക്രമങ്ങളിലും ശക്തമായി പ്രതിഷേധിക്കുന്നു.

നവംബർ 13-ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കസ്തൂരി രംഗൻ റിപ്പോർട്ടിലെ ശുപാർശകൾ ഉടൻ പ്രാബല്യത്തിൽ വരുത്തി കൊണ്ടുള്ള ഉത്തരവ് വന്നതിനെ തുടർന്നാണ്  മരങ്ങളുടെ സർവ്വേയും          മണ്ണ് പരിശോധനയ്ക്കും എത്തിയ വനം ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞത്. ജനവികാരം മനസ്സിലാക്കാതെ പോലീസിന്റെ ശക്തി ഉപയോഗിച്ച് നാട്ടുകാരെ നേരിടാനാണ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ തയ്യാറായത്. ഇതാണ് സംഘർഷങ്ങൾക്ക് കാരണം. ഇതേ തുടർന്ന് സംഘർഷസ്ഥലത്ത് എത്തിയ കലക്ടറും എസ്പിയും ചുങ്കക്കുന്ന് പള്ളിവികാരി ഫാദർ തോമസുമായും, കൊട്ടിയൂർ സംരക്ഷണസമിതി നേതാക്കളുമായും ചർച്ച ചെയ്തതിന് ശേഷം ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദ്ദേശാനുസരണം അന്ന് നടന്ന സംഭവങ്ങളുടെ പേരിൽ കേസ്സോ, നിയമനടപടികളോ കൈകൊള്ളില്ലെന്ന് രേഖമൂലം ഉറപ്പ് നൽകിയത്. ഇതിന് പുറമെ മന്ത്രി പള്ളിവികാരിക്കും ഫോൺ മുഖേന ഉറപ്പ് നൽകുകയുണ്ടായി. ആഭ്യന്തരമന്ത്രിയുടെ ഉറപ്പ് വിശ്വസിച്ച കൊട്ടിയൂരിലെ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് ഇപ്പോൾ സർക്കാർ സ്വീകരിക്കുന്നത്.

ഈ ഉറപ്പിനുശേഷം 4 പേരെ കസ്റ്റഡിയിൽ എടുക്കുകയും ജനപ്രതിനിധികളുടെ സമ്മർദ്ദത്തെ തുടർന്ന് വിട്ടയക്കുകയും ചെയ്തു. വിട്ടയച്ചവരെയും കൂടി കണ്ണൂർ എംപി സുധാകരനും പേരാവൂർ എംഎൽഎ സണ്ണിജോസഫും കേളകത്ത് എത്തിയപ്പോൾ ജനകൂട്ടത്തിൽ നിന്നും കോൺഗ്രസ് പ്രവർത്തകർ തന്നെ സുധാകരനും, സണ്ണിജോസഫിനുമെതിരായി ആക്ഷേപങ്ങൾ ചൊരിഞ്ഞത്. ആഴ്ചകളായി സമരരംഗത്ത് നിൽക്കുന്ന തങ്ങളെ ഈ നേതാക്കൾ വഞ്ചിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് ഇവർക്ക്‌നേരെ കയ്യേറ്റശ്രമമുണ്ടായത്. ഇതിന്റെ പേരിൽ രോഷം പൂണ്ട സുധാകരൻ പേരാവൂരിൽ പത്രസമ്മേളനം നടത്തി സമരവുമായി തങ്ങൾ സഹകരിക്കുകയില്ലെന്ന് പ്രഖ്യാപിച്ചു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ പോലീസ് നടപടികൾ വന്നിട്ടുള്ളത്. തങ്ങൾക്കെതിരായി രോഷപ്രകടനം നടത്തിയവരെ ഒരു പാഠം പഠിപ്പിക്കുമെന്നാണ് സുധാകരൻ പ്രഖ്യാപിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായി നേരത്തെ       പള്ളിവികാരിക്ക് ഉറപ്പ് നൽകിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പോലും നിലപാട് മാറ്റി. ഈ കേസുകളിലായി 1500 പേരെ പ്രതിചേർത്ത് ജയിലിലടക്കാനാണ് നീക്കം. കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദ്ദഫലമായി ഇങ്ങനെ പോലീസ് നടപടി കൈകൊള്ളുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇത്തരം നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ സിപിഐ(എം) ശക്തമായ പ്രക്ഷോഭങ്ങൾ നടത്തുമെന്ന് മുന്നറിയിപ്പ് നൽകാനും ആഗ്രഹിക്കുന്നു.

 

തങ്ങളുടെ നിലനിൽപ്പിന് വേണ്ടി സമരം ചെയ്യുന്ന കൃഷിക്കാരോടൊപ്പം സിപിഐ(എം) ശക്തമായി അണിനിരക്കും. ഉറപ്പുകൾ ലംഘിച്ചു കൊണ്ടുള്ള ഇത്തരം പോലീസ് നടപടികൾ അവസാനിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്നും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.