കണ്ണൂർ : കസ്തൂരിരംഗൻ റിപ്പോർട്ട് ധൃതിപിടിച്ച് നടപ്പാക്കി മലയോര മേഖലയിലെ ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നവംബർ 16-നു എൽ ഡി എഫ് ആഹ്വാനം ചെയ്ത മലയോര ഹർത്താൽ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

മലയോര മേഖലയിലെ കൊട്ടിയൂർ, കേളകം, പേരാവൂർ, കണിച്ചാർ, മുഴക്കുന്ന്, കോളയാട്, പാട്യം, തില്ലങ്കേരി, ആറളം, പായം, അയ്യംകുന്ന്, ഉളിക്കൽ, പയ്യാവൂർ, ഏരുവേശി, നടുവിൽ, ആലക്കോട്. ചപ്പാരപ്പടവ്, ഉദയഗിരി, ചെറുപുഴ, പെരിങ്ങോം-വയക്കര എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലാണ് ഹർത്താൽ. രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്ന ഹർത്താലിൽ വാഹനങ്ങൾ റോഡിലിറക്കാതെയും കടകമ്പോളങ്ങൾ അടച്ചും തൊഴിൽ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാതെയും സഹകരിക്കണമെന്ന് മുഴുവനാളുകളോടും എൽ ഡി എഫ് ജില്ലാ കമ്മിറ്റി അഭ്യർത്ഥിക്കുന്നു.

പശ്ചിമഘട്ട സംരക്ഷണം നാടിന്റെ ആവശ്യമാണ് ഇത് 6 സംസ്ഥാനങ്ങളിലെ 5 കോടി  ജനങ്ങളെ ബാധിക്കുന്ന വിഷയമാണ്. അതിനാൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പേര് പറഞ്ഞുകൊണ്ടുള്ള റിപ്പോർട്ട് ധൃതിപിടിച്ച് നടപ്പിലാക്കരുതെന്നും രാഷ്ട്രീയ പാർടികളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങൾ തേടി മാത്രമെ നടപ്പാക്കാവു. എന്നാൽ ഇത്തരം അഭിപ്രായങ്ങളെ തെല്ലും പരിഗണിക്കാതെയാണ് കേന്ദ്ര സർക്കാർ റിപ്പോർട്ട് നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതിനെതിരെ ബഹുജനാഭിപ്രായം ഉയർത്തികൊണ്ടുവരാനാണ് മലയോര മേഖലയിലെ പഞ്ചായത്തുകളിൽ ശനിയാഴ്ച ഹർത്താൽ നടത്താൻ ആഹ്വാനം ചെയ്തിട്ടുള്ളത്.

 

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടികളാണ് കൊട്ടിയൂരിലെ സംഘർഷങ്ങൾക്ക് കാരണം. കസ്തൂരിരംഗൻ റിപ്പോർട്ടിനെകുറിച്ചുള്ള ജനങ്ങളുടെ എതിർപ്പിനെ തെല്ലും പരിഗണിക്കാതെ കേന്ദ്ര വനം പരിസ്ഥിതി ഉദ്യോഗസ്ഥന്മാർ കൊട്ടിയൂർ ചുങ്കക്കുന്ന് പ്രദേശത്തെ ജനങ്ങളെ പ്രകോപിപ്പിച്ചതാണ് സംഘർഷങ്ങൾക്ക് തുടക്കം കുറിച്ചത്. പോലീസ് ജനങ്ങൾക്ക് നേരെ ഗ്രനേഡ് പ്രയോഗിക്കുകയുണ്ടായി. തുടർന്ന് അവിടെയെത്തിയ ജില്ലാ കലക്ടറും ജില്ലാ പോലീസ് ചീഫും ജനങ്ങൾക്ക് രേഖാമൂലം ഉറപ്പ് നൽകി. ആ ഉറപ്പുകൾ പാലിക്കണമെന്നും എൽ ഡി എഫ് ആവശ്യപ്പെടുന്നു.