കണ്ണൂർ: ഇന്നത്തെ ഒരു പ്രമുഖ പത്രത്തിൽ സിപിഐ(എം) ക്ര്യസ്റ്റ്യൻ പള്ളി പണിയുന്നു എന്ന തലക്കെട്ടിൽ വന്ന വാർത്ത ശുദ്ധഅസംബന്ധമാണ്. ക്ര്യസ്റ്റ്യൻ നാമധേയത്തിലുള്ള ട്രസ്റ്റുകൾ സംഘടിപ്പിച്ച് പള്ളി പണിയാൻ പാർടി തീരുമാനിച്ചു എന്നാണ് ഈ വാർത്തയിൽ പറയുന്നത്. അങ്ങനെ ഒരു ചർച്ചപോലും പാർട്ടിയിൽ ഉണ്ടായിട്ടില്ല.

സിപിഎം മതനിരപേക്ഷതയിൽ ഉറച്ചു നിൽക്കുന്ന പാർടിയാണ്. നാനാമതവിശ്വാസികളടക്കമുള്ളവരെ  അണിനിരത്തി വർഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെയാണ് പോരാടുന്നത്. അതിനാൽ തന്നെ ഏതെങ്കിലും മതവിഭാഗത്തെ പ്രീണിപ്പിക്കുക സിപിഎം നയമല്ല. നാനാമതങ്ങളുടെ പേര് പറഞ്ഞ് വർഗീയ പ്രവർത്തനം നടത്തുന്നതിനെതിരായാണ് സിപിഐ(എം) പോരാടുന്നത്. ആരാധനാലയങ്ങൾ ഉണ്ടാക്കലും അതിലെ ആചാരാനുഷ്ഠാനങ്ങളും മതാധികാരികളുടെ കർത്തവ്യമാണ്. അതിനാൽ തന്നെ സിപിഎം ആ മേഖലയിൽ കടന്ന് യാതൊരു പ്രവർത്തനവും നടത്തുന്ന പ്രശ്‌നമില്ല.

പാട്യം ഗോപാലൻ പഠന ഗവേഷണകേന്ദ്രം 2014 ജനുവരി 10 ന് ആലക്കോടും, 11-ന് ഇരിട്ടിയിലും 'മലബാർ കുടിയേറ്റത്തിന്റെ ചരിത്രവും വികസനവും' എന്ന പേരിൽ 2 സെമിനാറുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പഠനകേന്ദ്രം പ്രസിദ്ധീകരിച്ച കണ്ണൂർ ജില്ലാ കമ്മ്യൂണിസ്റ്റ് പാർടി ചരിത്രത്തിന്റെ രണ്ടാം സഞ്ചികയിൽ മലബാർ കുടിയേറ്റത്തിന്റെ ആദ്യനാളുകൾ എന്നത് ഒരധ്യായമാണ്. ഈ അഞ്ചാം അധ്യായത്തെ അടിസ്ഥാനപ്പെടുത്തിയാണ് സെമിനാർ. മധ്യതിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് കുടിയേറിയ കർഷകരിൽ നാനാവിഭാഗത്തിൽ പെട്ടവരുണ്ട്. നായർ സർവീസ് സൊസൈറ്റിയും ക്‌നാനായ ക്ര്യസ്റ്റ്യാനികളും മാർത്തോമ ക്ര്യസ്റ്റ്യാനികളും ഈഴവരും എല്ലാം ഇതിൽ ഉൾപെടുന്നു. ഈ ജനവിഭാഗത്തിന്റെ കുടിയേറ്റ ചരിത്രത്തെ അടിസ്ഥാനപെടുത്തിയാണ് സെമിനാർ. സെമിനാർ നടക്കുന്ന തീരുമാനം പുറത്തുവന്നതോടെ ചില മാധ്യമങ്ങൾ രാഷ്ട്രീയ ദുഷ്ടലാക്കോടെ ക്ര്യസ്റ്റ്യൻ പ്രീണനമാണെന്ന നിലയിൽ ഇതിനെ ദുർവ്യാഖ്യാനിക്കുന്നു. വസ്തുതയുമായി യാതൊരു ബന്ധവും ഇല്ലാത്ത പ്രചരണമാണിതെന്ന് ചരിത്ര പുസ്തകത്തിലെ അഞ്ചാം  അധ്യായം വായിച്ചാൽ വ്യക്തമാകും.

യഥാർത്ഥത്തിൽ മൃഗങ്ങളോടും പ്രകൃതി ദുരന്തങ്ങളോടും രോഗങ്ങളോടും പടവെട്ടി മലയോരമേഖലയിലെ മണ്ണിനെ പൊന്നാക്കി മാറ്റിയ കർഷകരുടെ ചരിത്രമാണ് പുതു തലമുറയെ സെമിനാർ ഓർമ്മിപ്പിക്കുന്നത്.

 

സെമിനാറിൽ നാനാ മത-സാമൂഹ്യ സംഘടനാ നേതാക്കളെ ക്ഷണിക്കാനും തീരുമാനിച്ചിട്ടുണ്ട്. സെമിനാർ വമ്പിച്ച വിജയമാകുമെന്നുള്ള ആശങ്കയിൽ നിന്നാണ് ചില മാർക്‌സിസ്റ്റ് വിരുദ്ധ കേന്ദ്രങ്ങളുടെ  ദുഷ് പ്രചരണത്തിന് പിന്നിലുള്ളത്. ഇത്തരം ദുഷ്പ്രചരണങ്ങൾ സത്യസന്ധമായ മാധ്യമപ്രവർത്തനം അല്ല. ദുഷ് പ്രചരണങ്ങൾ അവജ്ഞയോടെ തള്ളിക്കളയണമെന്ന് സിപിഐ(എം) അഭ്യർത്ഥിക്കുന്നു.