കണ്ണൂർ: കണ്ണൂർ പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് ഹൈക്കോടതി നിർദ്ദേശിച്ച നവംബർ 9-നു തന്നെ നടത്തണമെന്ന് സി പി ഐ (എം) ജില്ല സെക്രട്ടറി പി ജയരാജൻ അഭ്യർത്ഥിച്ചു.

ജനാധിപത്യപരമായി നടത്തേണ്ട ഈ സഹകരണ സംഘം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നേതൃത്വം കൊടുത്തത് കണ്ണൂർ ഡി വൈ എസ് പി സുകുമാരനാണ്. ഈ സംഘത്തിന്റെ 6-ബി രജിസ്റ്ററിലെ പല അംഗങ്ങളുടെയും ഫോട്ടോകൾ മായ്ച്ച് കളഞ്ഞ നിലയിലായിരുന്നു. എന്നാൽ സംഘത്തിലെ 4000-ൽ അധികം മെമ്പർമാരുടെ പേരും മേൽവിലാസവും തെളിഞ്ഞുകാണാമായിരുന്നു. ഹൈക്കോടതി വിധി അനുസരിച്ച് പോലീസ് ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്യാമെന്നിരിക്കെ ഡി സി സി ഓഫീസിൽ നിന്നുള്ള ആജ്ഞ അനുസരിച്ച് യഥാർത്ഥ വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കാത്ത നിലപാടാണ് സ്വീകരിച്ചത്. ഇതേ തുടർന്ന് പോലീസ് ഐ ജി പോളിങ്ങ് സ്റ്റേഷനിൽ എത്തുകയും പോലീസ് ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഡി വൈ എസ് പി സുകുമാരൻ അവിടെ എത്തുകയും സംസ്ഥാനം യു ഡി എഫ് ഭരിക്കുന്നത് കൊണ്ട് അവരെ അനുകൂലിക്കുന്നവരാണ് സംഘം ഭരിക്കേണ്ടതെന്ന് ആക്രോശിച്ചു. അതോടെയാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടത്. ഇതിനെ തുടർന്നാണ് സംഘത്തിലെ മെമ്പർമാർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് നവംബർ 9-നു തെരഞ്ഞെടുപ്പ് നടത്തണമെന്നും അതിന് 48 മണിക്കൂർ മുമ്പ് അപേക്ഷിക്കുന്നവർക്കെല്ലാം ഐഡന്റിറ്റി കാർഡ് നൽകണമെന്നും വിധി ഉണ്ടായത്.

 

ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഈ വിധി നടപ്പാക്കുകയാണ് പോലീസ് ഉന്നതാധികാരികൾ ചെയ്യേണ്ടത്. സഹകരണ ജനാധിപത്യം തന്നെ കശാപ്പ് ചെയ്യാൻ നേതൃത്വം നൽകിയ കണ്ണൂർ ഡി വൈ എസ് പി സുകുമാരനെതിരെ അച്ചടക്ക നടപടികൾ കൈക്കൊള്ളുകയും ചെയ്യണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.