കണ്ണൂർ: ഡിസിസി ഓഫീസിന്റെ ചില്ല് തകർത്ത സംഭവത്തിന്റെ പിന്നിലും കെ. സുധാകരന്റെ ക്വട്ടേഷൻ സംഘം തന്നെയാണ്. ആക്രമണങ്ങൾ കോൺഗ്രസുകാർ തന്നെ നടത്തുകയും മറ്റുളളവരുടെ പേരിൽ ചാരുകയും ചെയ്യുന്ന രീതി കോൺഗ്രസിന്റെ പൊതുശീലമായി മാറുകയാണ്. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ നടന്ന് കല്ലേറിലും ആലപ്പുഴ സംഭവത്തിലും കോൺഗ്രസിന്റെ പങ്ക് തെളിഞ്ഞതിനെ തുടർന്നുണ്ടായ ജാള്യതയിൽ നിന്ന് രക്ഷപ്പെടാനാണ്  എൽഡിഎഫിന് എതിരായി അപവാദ പ്രചരണം നടത്തുന്നത്. സത്യത്തിന്റെ കണികപോലും ഇല്ലാത്ത ഇത്തരം പ്രചരണങ്ങൾ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യും. ജനവാസകേന്ദ്രത്തിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഡിസിസി ഓഫീസിൽ രാത്രി നടന്ന സംഭവത്തെ കുറിച്ച് രാവിലെ 10 മണിക്ക് ചാനലിൽ വാർത്ത വരുന്നത് വരെ അയൽവാസികൾ പോലും അറിയാതിരുന്നത് ദുരൂഹമാണ്. സത്യസന്ധമായ അന്വേഷണം നടന്നാൽ കോൺഗ്രസ് ക്വട്ടേഷൻ സംഘം തന്നെയായിരിക്കും പിടിക്കപെടുക. ഇത്തരം ഹീനനടപടികളെ ജനാധിപത്യവിശ്വാസികൾ തിരിച്ചറിയുകയും കള്ളപ്രചരണങ്ങൾ തള്ളിക്കളയണമെന്നും സിപിഐ(എം) ജനങ്ങളോട് അഭ്യർത്ഥിച്ചു. പ്രകോപനങ്ങൾ സൃഷ്ടിക്കാനുളള കോൺഗ്രസ് നീക്കത്തിൽ കുടുങ്ങി പോകരുതെന്നും പാർടി പ്രവർത്തകരോട് അഭ്യർത്ഥിച്ചു.