കണ്ണൂർ: ആർഎസ്എസ്-ബിജെപി പ്രവർത്തകന്മാർ തമ്മിലുള്ള തർക്കം പരസ്യമായ അക്രമത്തിലേക്ക് നീങ്ങിയ സാഹചര്യത്തിൽ ബോധപൂർവ്വം പാർടിയുമായി സംഘർഷമുണ്ടാക്കാനുള്ള ആർഎസ്എസ്-ക്രിമിനലുകളുടെ നീക്കം കരുതിയിരിക്കണമെന്ന് സിപിഐ(എം) ജില്ലാസെക്രട്ടറി ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഇങ്ങനെ സംഘർഷമുണ്ടാക്കുന്നതിന്റെ പ്രത്യക്ഷതെളിവാണ് നവംബർ 1-ന് കാലത്ത് പൊയിലൂരിലുണ്ടായത്. ആർഎസ്എസ് ക്രിമിനൽ സംഘം കൊലപ്പെടുത്തിയ പൊയിലൂരിലെ പവിത്രൻ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പൊയിലൂർ ടൗണിൽ ഉയർത്തിയ പാർടി കൊടികളും തോരണങ്ങളും പരസ്യമായി ചുട്ടുകരിച്ചു കൊണ്ടാണ് ആർഎസ്എസിലെ ഒരു വിഭാഗം ക്രിമിനലുകൾ പ്രകോപനം സൃഷ്ടിച്ചത്. രാവിലെ പുഷ്പാർച്ചനയ്ക്ക് എത്തുന്ന സിപിഎം പ്രവർത്തകരുടെ മുന്നിൽ നിന്ന് കൊടിയും മറ്റും കത്തിച്ചാൽ നേരിട്ട് സംഘർഷം ഉണ്ടാക്കാം എന്നാണ് ആർഎസ്എസിലെ ഒരു വിഭാഗം കരുതിയത്. അങ്ങനെ വന്നാൽ മാർക്‌സിസ്റ്റ് അക്രമം എന്ന മുറവിളി ഉയർത്തി ശത്രുപാളയത്തിൽ നിൽക്കുന്ന ആർഎസ്എസ്-ബിജെപി പ്രവർത്തകരെ ഒന്നിപ്പിക്കാമെന്നായിരുന്നു നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. പക്ഷെ ആർഎസ്എസ് നേതൃത്വത്തിന്റെ ദുഷ്ടലാക്ക് മനസിലാക്കിയ സിപിഎം പ്രവർത്തകർ അങ്ങേയറ്റം ആത്മസംയമനം പാലിച്ചതിന്റെ ഫലമായിട്ടാണ് സംഘർഷം ഇല്ലാതായത്. കാലത്ത് 7.30 മണിക്ക് പരസ്യമായി പാർടി കൊടിയും മറ്റും ചുട്ടുകരിക്കാൻ നേതൃത്വം നൽകിയത് വടക്കേയിൽ പ്രമോദ്, പരുന്ത് ബാലൻ, അർജുൻ തുടങ്ങിയ ആർഎസ്എസ് ക്രിമിനലുകളാണ്.

 

ഒക്‌ടോബർ 29-ന് പാനൂരിൽ ഒരു വിഭാഗം യോഗം ചേർന്നു കൊണ്ടിരിക്കെ ആർഎസ്എസ് ജില്ലാ നേതൃത്വത്തിന്റെ നിർദേശം അനുസരിച്ചാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഒരു പറ്റം ക്രിമിനലുകൾ ബിജെപി നേതാക്കളായ ഒ കെ വാസു മാസ്റ്ററേയും, എ അശോകനേയും ആക്രമിച്ചു മാരകമായി പരിക്കേൽപിച്ചത്. ഈ ആക്രമത്തിലൂടെ പാനൂരിലും പരിസരങ്ങളിലും ബിജെപിക്കാർ രണ്ട് ചേരിയായിരിക്കുകയാണ്. ഈ ചേരിതിരിവ് ഇല്ലാതാക്കാനുള്ള ആർഎസ്എസ് നേതൃത്വത്തിന്റെ ഗൂഡാലോചനയാണ് പൊയിലൂർ സംഭവത്തിലൂടെ വെളിവായത്. അകാരണമായി സംഘർഷമുണ്ടാക്കാനുള്ള ആർഎസ് എസ് നീക്കത്തിനെതിരായി പോലീസ് കർശന നടപടി കൈകൊള്ളണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.