കണ്ണൂർ: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പങ്കെടുത്ത കണ്ണൂർ പരിപാടിയിൽ കരിങ്കൊടി പ്രകടനം നടത്തിയ എൽ ഡി എഫ് പ്രവർത്തകർക്കെതിരെ കല്ലെറിഞ്ഞു എന്ന് സമ്മതിക്കുന്ന കൊളച്ചേരിയിലെ കോൺഗ്രസ് പ്രവർത്തകനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ ആവശ്യുപ്പെട്ടു.

മനോരമ, ഏഷ്യാനെറ്റ് ചാനലുകൾ ഡി വൈ എഫ് ഐ പ്രവർത്തകനാണെന്ന് പ്രചരിപ്പിച്ചുകൊണ്ട് ഒരു ദൃശ്യം ഒക്‌ടോബർ 29-നു പുറത്ത് വിട്ടിരുന്നു. മുഖ്യമന്ത്രിയെ അക്രമിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഈ മാധ്യമങ്ങൾ വാർത്ത പ്രക്ഷേപണം ചെയ്തത്. കെ പി സി സി സെക്രട്ടറി സുധാകരന്റെ ഉറ്റ അനുയായി ആയ കുഞ്ഞുമുഹമ്മദ് എന്ന ക്രിമിനലാണ് ഇയാളെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. എൽ ഡി എഫ് പ്രതിഷേധത്തിനിടയിൽ സുധാകരന്റെ ക്രിമിനൽ സംഘം നുഴഞ്ഞ് കയറി എന്ന സംശയം ഇപ്പോൾ വസ്തുതയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ കുഞ്ഞുമുഹമ്മദിനെയും കല്ലെറിയുന്നതിന് സമീപമുള്ള ഡി സി സി അംഗം ആലക്കോട്ടെ ബേബി ഓടംപള്ളിയെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ ഉമ്മൻ ചാണ്ടിക്കെതിരായ അക്രമത്തിന്റെ ഉള്ളുകള്ളി പുറത്ത് വരും.

സംഭവം നടന്ന ഉടൻ ഉമ്മൻ ചാണ്ടിയെ അപായപ്പെടുത്താൻ സി പി ഐ (എം) ഗൂഡാലോചന നടത്തി എന്ന പ്രസ്താവന നടത്തിയ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് ഇക്കാര്യത്തെകുറിച്ച് എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണം.

ഇന്നലെ പുലർച്ചെ താഴെചൊവ്വയിലെ മാങ്കാളി ബൈജു എന്ന ക്രിമിനലിനെ  പോലീസ് അറസ്റ്റ് ചെയ്തിരുന്നു ഉമ്മൻചാണ്ടിക്കെതിരായി അക്രമം നടന്ന സ്ഥലത്തെ ദൃശ്യങ്ങളിൽ ഉണ്ടായിരുന്ന ആളെന്ന നിലയിലാണ് ബൈജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ കണ്ണൂർ എം എൽ എ അബ്ദുള്ളക്കുട്ടിയുടെ പി എ പോലീസ് സ്റ്റേഷനിലെത്തി ഇയാളെ ഇറക്കികൊണ്ടുപോവുകയായിരുന്നു. ക്വട്ടേഷൻ സംഘാഗമായിട്ടുള്ള ഇയാളെ കൃത്യമായ തെളിവുണ്ടായിട്ടും വിട്ടയച്ചത് പോലീസ് നടപടിക്കെതിരായ ആക്ഷേപം ശരിവെക്കുന്നതാണ്. ഇതേക്കുറിച്ചും അന്വേഷിക്കണം.

 

ഇന്നലെ അർദ്ധരാത്രിക്ക് ശേഷം നിരവധി സി പി ഐ (എം) പ്രവർത്തകരെയാണ് അകാരണമായി അറസ്റ്റ് ചെയ്തിട്ടുള്ളത്. പണമിടപാട് നടത്തുന്ന ബേങ്കുകളിൽ കയറി പോലീസ് ബലമായി ജീവനക്കാരെ പിടിച്ചുകൊണ്ടുപേവുകയാണ്. ഇതിനെതിരായി നിയമ നടപടികൾ സ്വീകരിക്കും. കുഞ്ഞുമുഹമ്മദും ബൈജുവും ഉൾപ്പെടെയുള്ള സുധാകരന്റെ ക്വട്ടേഷൻ സംഘാഗങ്ങളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.