കണ്ണൂർ: മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെയുണ്ടായ കല്ലേറിന്റെ മറവിൽ സിപിഐ(എം) ന്റെയും എൽഡിഎഫിന്റേയും പ്രവർത്തകർക്കും നേതാക്കൾക്കുനേരെ വധശ്രമത്തിന് കേസ് ചുമത്തി ഭീകരത സൃഷ്ടിക്കുന്നതിനാണ് ആഭ്യന്തരവകുപ്പും പോലീസും ശ്രമിക്കുന്നത്. സമരത്തിൽ പങ്കെടുക്കാത്തവരെപോലും വീടുകളിൽ നിന്ന് അർദ്ധരാത്രിയും മറ്റും ഭീകരത സൃഷ്ടിച്ച് ജയിലിലടക്കുകയാണ് ചെയ്യുന്നത്. പ്രാദേശിക കോൺഗ്രസ് നേതാക്കൾ നൽകുന്ന ലിസ്റ്റ് അനുസരിച്ചാണ് പോലീസ് നടപടി എന്നത് വ്യക്തമാണ്. കള്ളക്കേസ് ചുമത്തി ജയിലിൽ അടക്കപ്പെട്ട സ്‌കൂൾ അധ്യാപകനായ ടി വി അനീഷ് ഈ സമയത്ത് പരിയാരത്ത് ആയിരുന്നു എന്നതിന് തെളിവുണ്ട്. പാർടി ഏസി അംഗമായ സുരേഷ് ബാബും എൽസി സെക്രട്ടറിയായ പി സി വിനോദും എൽഡിഎഫ് നേതാക്കൾക്കൊപ്പം പരിപാടി നടക്കുന്ന വേദിക്ക് സമീപം നടന്ന സമരത്തിൽ പങ്കെടുത്തവരാണ്. ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കപ്പെട്ട പ്രവർത്തകർ ആരെങ്കിലും മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞു എന്ന് സ്ഥാപിക്കാൻ യാതൊരു തെളിവും ഇല്ല. ഇവരെല്ലാം പ്രതിഷേധസമരത്തിൽ പങ്കെടുക്കുകയാണ് ചെയ്തത്.

വസ്തുത ഇതായിരിക്കെ പാർടിയുടെയും എൽഡിഎഫിന്റെയും വിവിധ തലങ്ങളിലുള്ള നേതാക്കളെയും പ്രവർത്തകരെയും ഭീകരത സൃഷ്ടിച്ച് അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണ് ഉള്ളത്. സുപ്രീംകോടതിയുടെ മാനദണ്ഡങ്ങൾ ലംഘിച്ചാണ് പോലീസ് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത്. വിവിധ പോലീസ് സ്റ്റേഷനുകൾക്ക് ക്വാട്ട നൽകി പ്രധാനപ്പെട്ട പ്രവർത്തകരുടെ മേൽ കേസ് ചുമത്തി അറസ്റ്റ് ചെയ്തുകൊണ്ട് ജയിലിൽ അടക്കുന്നതിന് പിന്നിൽ നവംബർ 18-ന് മുഖ്യമന്ത്രിയുടെ പരിപാടിയിൽ പ്രതിഷേധങ്ങളൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള ഗൂഢലക്ഷ്യമാണ് ഉള്ളത്. പോലീസിനെ ഉപയോഗിച്ച് നടത്തുന്ന ഇത്തരം രാഷ്ട്രീയ നീക്കം വിലപ്പോവില്ലെന്ന് ഉമ്മൻചാണ്ടിയും കൂട്ടരും മനസ്സിലാക്കണം. അന്യായമായ പോലീസ് ഭീകരതയെ ജനങ്ങളെ അണിനിരത്തി ചെറുക്കും.

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഉണ്ടായതായി പറയപ്പെടുന്ന കല്ലേറിന്റെ പിന്നിലെ യഥാർത്ഥ ഉത്തരവാദികളെ പിടികൂടുന്നതിന് പകരം വിവിധ ചാനലുകളിലൂടെയും മറ്റും പരസ്പര വിരുദ്ധമായ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് സമരവളണ്ടിയർ അക്രമിക്കാനാണ് വന്നതെന്ന പെരുംനുണ പ്രചരിപ്പിക്കുന്ന നെറികേടാണ് തിരുവഞ്ചൂരിന്റെ പോലീസ് കാണിക്കുന്നത്. സമര കേന്ദ്രത്തിലുണ്ടായിരുന്ന ഡസൻ കണക്കായ വിഷ്വൽ ചാനലുകളുടെയും പ്രസ് ഫോട്ടോഗ്രാഫറുകളുടെ ക്യാമറകളിലൊന്നും പതിയാത്ത ദൃശ്യങ്ങളാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ തിരുവഞ്ചൂരിന്റെ നിർദ്ദേശ പ്രകാരം പോലീസ് മാധ്യമങ്ങൾക്ക് നൽകിയ ദൃശ്യങ്ങൾ അതേപടി പ്രചരിപ്പിക്കുകയാണ് ഈ മാധ്യമങ്ങൾ ചെയ്യുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ട ബഷീർ ഹാജി ഉമ്മൻചാണ്ടിയെ സ്വീകരിച്ച് ആനയിക്കുന്ന ചിത്രത്തിൽ ബഷീറിന്റെ ചിത്രം വെട്ടി മാറ്റി ആസാദ് എസ് ഐയുടെ ചിത്രം തിരുകികയറ്റി പ്രചരിപ്പിച്ചതും ഇതേ മാധ്യമങ്ങൾ തന്നെയാണ്.

മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ  ചില്ല് ഏറ്റ് അദ്ദേഹത്തിന് പോറലേൽക്കാൻ ഇടയായ സാഹചര്യത്തെ സിപിഐ(എം) ന്യായീകരിച്ചിട്ടില്ല. എന്നാൽ സംഭവത്തിന്റെ പിന്നിലെ യഥാർത്ഥ വസ്തുത പരിശോധിച്ച് ഇതിലെ ദുരൂഹത നീക്കണമെന്നാണ് എൽഡിഎഫ് ആവശ്യപ്പെട്ടത്. സംഭവം നടന്ന ഉടൻ 2 പേർ അറസ്റ്റിലായിട്ടുണ്ടെന്നും  അവർ സിപിഎം പ്രവർത്തകർ ആണെന്നും ആഭ്യന്തരമന്ത്രി രാത്രി 7.30 മുതൽ നിരവധി തവണ പത്രസമ്മേളനത്തിലും ചാനൽ അഭിമുഖത്തിലും ആവർത്തിച്ചു പറഞ്ഞിരുന്നു. ഇവർ സിപിഎം പ്രവർത്തകർ ആണെന്ന് അവകാശപ്പെട്ട ആഭ്യന്തരമന്ത്രി അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേര് വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. എന്നാൽ ആ 2 പേരെ ഇതുവരെ കോടതിയിൽ ഹാജരാക്കാത്തത് ദുരൂഹമാണ്. ഇപ്പോൾ ജയിലിൽ അടക്കപ്പെട്ടവരാകട്ടെ അടുത്ത ദിവസം പുലർച്ചെ വീടുകളിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരുമാണ്. സുധാകരന്റെ കൂടെ ചാലക്കുടിയിൽ നിന്ന് 4 അംഗസംഘം ക്വട്ടേഷൻ കണ്ണൂരിലുണ്ടായിരുന്നു എന്നതിന് തെളിവുണ്ട്. പോലീസ് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. സംഭവം നടന്ന ഉടൻ പിടികൂടപ്പെട്ട 2 പേർ ഈ ക്വട്ടേഷൻ സംഘാഗങ്ങൾ ആയിരുന്നോ എന്ന് തിരുവഞ്ചൂർ വ്യക്തമാക്കണം.

 

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഒരു കല്ല് പതിച്ചെന്നും ആ കല്ല് ഇടത് വശത്തെ ചില്ല് തകർത്ത് മുഖ്യമന്ത്രിയുടെ നെഞ്ചിൽ തറിച്ച് വലതുവശത്തെ ചില്ലിലൂടെ പുറത്തു പോയന്നുമുള്ള പരിഹാസ്യമായ വാദമാണ് മുഖ്യമന്ത്രി തന്നെ അവതരിപ്പിച്ചത്. ഇപ്പോൾ നിരവധി കല്ലുകളുടെ കഥകളുമായാണ് പോലീസ് രംഗത്ത് വരുന്നത്. അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച് പാർടിയേയും എൽഡിഎഫിനേയും അപകീർത്തിപ്പെടുത്തുന്നതിനും അതിന്റെ മറവിൽ ഭീകരത സൃഷ്ടിക്കുന്നതിനുമുള്ള കോൺഗ്രസ് പോലീസ് ഗൂഢാലോചന ജനങ്ങൾ തിരിച്ചറിയണം. പോലീസ് ഭീകരതയെ ചെറുക്കാൻ ബഹുജനങ്ങൾ മുന്നോട്ട് വരണം.