കണ്ണൂർ: മുഖ്യമന്ത്രിയുടെ കണ്ണൂർ പരിപാടിയോടനുബന്ധിച്ച് നടന്ന കരിങ്കൊടി പ്രകടനത്തിൽ പോലും പങ്കെടുക്കാത്ത സിപിഐ(എം) പ്രവർത്തകർക്കെതിരെ കള്ളക്കേസ് ചുമത്തി ജയിലിൽ അടക്കുന്ന നടപടിയിൽ സിപിഐ(എം) ജില്ലാസെക്രട്ടേറിയറ്റ് ശക്തമായി പ്രതിഷേധിച്ചു.

 

കോൺഗ്രസുകാർ നൽകുന്ന ലിസ്റ്റ് അനുസരിച്ചാണ് പാർടി പ്രവർത്തകരുടെ പേരിൽ പോലീസ് കേസെടുക്കുന്നത്. ഇത്തരം നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുന്നു. മുഖ്യമന്ത്രിക്കെതിരായി കരിങ്കൊടി പ്രകടനം നടത്തിയതിന്റെ പേരിൽ ഉത്തരവാദിത്തപ്പെട്ട പാർടി പ്രവർത്തകരെ ജില്ലയിലെമ്പാടും പോലീസ് കള്ളക്കേസിൽ കുടുക്കുകയാണ്. വാഴയിൽ വാസു (തലശ്ശേരി) കുയ്യാലി നാരായണൻ (മാലൂർ) എൻ കെ രവി (ധർമ്മടം) കൂറ്റ്യേരി പുരുഷു (ധർമ്മടം) ലികേഷ് (കോയ്യോട്) ജി സത്യൻ (ചിറ്റാരിപ്പറമ്പ്) സുരേഷ് ബാബു (ഇടുമ്പ) എന്നിവരെയാണ് ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി അറസ്റ്റ് ചെയ്തത്. ഇതിൽ പലരും കണ്ണൂരിലെ കരിങ്കൊടി പ്രകടനത്തിൽ പോലും പങ്കെടുക്കാത്തവരാണ്. പ്രാദേശിക കോൺഗ്രസ് നേതാക്കൾ നൽകുന്ന ലിസ്റ്റ് അനുസരിച്ചാണ് പോലീസ് നടപടിയെന്ന് ഇത് വ്യക്തമാക്കുന്നു. ഉമ്മൻചാണ്ടിയെ സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞതിന്റെ ദൃശ്യങ്ങൾ പോലീസിന്റെ പക്കലുണ്ടെന്നാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ആ ദൃശ്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട സിപിഎം പ്രവർത്തകർ ഉണ്ടെങ്കിൽ ആ ദൃശ്യങ്ങൾ പുറത്തുവിടണം. കല്ലേറ് എന്ന പുകമറ പരത്തി സിപിഎം പ്രവർത്തകരെ കടന്നാക്രമിക്കാനാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ശ്രമിക്കുന്നത് ഇതിന്റെ മറവിൽ കോൺഗ്രസ് ഗുണ്ടകളും രംഗത്ത് വന്നിരിക്കുകയാണ്. സിപിഐ(എം) കണ്ണാടിപ്പറമ്പ് ലോക്കൽ കമ്മിറ്റി ഓഫീസ്, ചിറക്കൽ-മന്ന,കോട്ടയം-തള്ളോട് എന്നീ ബ്രാഞ്ച് ഓഫീസുകളും അക്രമിച്ചു തകർത്തു. ചേലോറ-വണ്ട്യാല ബ്രാഞ്ച് സെക്രട്ടറി ശ്യാമിന്റെ വീട് കോൺഗ്രസുകാർ തകർത്തു. കൂടാതെ ഇന്നലെ കണ്ണൂരിലെ എൻജിഒ യൂണിയൻ ഓഫീസ് വീണ്ടും നിരവധി തവണ കോൺഗ്രസ് ഗുണ്ടകൾ അക്രമിച്ചു തകർത്തു. കോൺഗ്രസ് ക്രിമിനലുകൾ ഈ അക്രമം നടത്തുമ്പോൾ അവിടെയുണ്ടായിരുന്ന പോലീസ് ഇത് തടയാൻ തയ്യാറായില്ല എന്നു മാത്രമല്ല പോലീസ് അവിടെ കൈയുംകെട്ടി നില്ക്കുകയായിരുന്നു. ഇത്തരം അക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.