കണ്ണൂർ: മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും തുടർന്ന് വന്ന കസ്തൂരി രംഗൻ റിപ്പോർട്ടും വ്യാപകമായ ചർച്ചകൾക്ക് വിധേയമായികൊണ്ടിരിക്കുകയാണ്. കസ്തൂരി രംഗൻ റിപ്പോർട്ടിലെ ശുപാർശകൾ അടിയന്തിരമായി നടപ്പിലാക്കുന്നതിനുള്ള കേന്ദ്ര:ഗവൺമെന്റ് തീരുമാനം ജനങ്ങളിൽ വലിയ ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്. പശ്ചിമഘട്ട സംരക്ഷണം മർമപ്രധാനമായ കാര്യമാണെങ്കിലും അതിനുവേണ്ടി നടപ്പാക്കുന്ന പദ്ധതികൾ ഈ മേഖലയിൽ താമസിക്കുന്ന ജനങ്ങളേയും കർഷകരേയും പരിഗണിച്ചു കൊണ്ടാവണം. അതോടൊപ്പം തന്നെ ഇതുമായി  ബന്ധപ്പെട്ട് ജനങ്ങൾക്ക് ഉണ്ടായിട്ടുള്ള ന്യായമായ ആശങ്കകൾ പരിഹരിച്ചു കൊണ്ടും പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ ജീവിതവും ഉറപ്പുവരുത്തുന്ന വിധത്തിലുമാവണം. കണ്ണൂർ ജില്ലയിലെ 3 വില്ലേജുകളുൾപ്പെടെ സംസ്ഥാനത്ത് 123 വില്ലേജുകളെ പരിസ്ഥിതിലോല പ്രദേശങ്ങളായി അംഗീകരിച്ചു കൊണ്ടും ഈ വില്ലേജുകളിലെ 10 കി.മീറ്റർ ചുറ്റളവിൽ കസ്തൂരി രംഗൻ റിപ്പോർട്ടിലെ ശുപാർശകൾ ധൃതിപിടിച്ച് നടപ്പിലാക്കാനുള്ള നീക്കങ്ങൾ ജില്ലയിലെ മലയോര പ്രദേശങ്ങളിലാകെ ആശങ്ക പടർത്തുകയാണ്.

ഇതോടൊപ്പമാണ് മലയോരമേഖലയിലെ മുഖ്യവിളയായ റബ്ബറിന്റെ വില അനുക്രമമായി കുറഞ്ഞുവരുന്ന പ്രശ്‌നം. നേരത്തെ കിലോവിന് 245 രൂപ വരെ വിലകിട്ടിയിരുന്ന റബ്ബറിന്റെ വില 150-160 രൂപയിലേക്ക് താണിയിരിക്കുകയാണ്. കേന്ദ്ര ഗവൺമെന്റിന്റെ ഇറക്കുമതി നയം, ആസിയാൻ കരാറിലെ വ്യവസ്ഥകൾ, റബ്ബറിന്റെ ഇറക്കുമതിച്ചൂങ്കം വർദ്ധിപ്പിക്കുന്നതിലെ  കേന്ദ്രഗവൺമെന്റിന്റെ വിമുഖത എന്നിവ കാരണമാണ് റബ്ബർ വില ഇത്രയേറെ ഇടിയാൻ കാരണമായിട്ടുള്ളത്.  റബ്ബർ വില ഇനിയും കുറയാനിടയുണ്ടെന്ന ആശങ്ക മലയോരമേഖലയിൽ അനിശ്ചിതത്വം സൃഷ്ടിക്കുകയാണ്.

 

കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പിലാക്കാനുള്ള തീരുമാനവും, റബ്ബറിന്റെ അനുക്രമമായ വിലയിടിവും ഉയർത്തിരിക്കുന്ന പ്രശ്‌നങ്ങളെ അടിസ്ഥാനപ്പെടുത്തി കണ്ണൂരിന്റെ മലയോര മേഖലകളിൽ നവംബർ 1 മുതൽ 5 വരെ വിപുലമായ ബഹുജനകൂട്ടായ്മകൾ നടത്തണമെന്ന് സിപിഐ(എം) തീരുമാനിച്ചിട്ടുണ്ട്. കരുവഞ്ചാൽ, പയ്യാവൂർ, ഉളിക്കൽ, എടൂർ, പേരാവൂർ, കേളകം, കൊട്ടിയൂർ എന്നിവിടങ്ങളിൽ നടക്കുന്ന ബഹുജനകൂട്ടായ്മകൾ വൻവിജയമാക്കണമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജൻ അഭ്യർത്ഥിച്ചു.