കണ്ണൂർ : മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെയുണ്ടായതായി പറയപ്പെടുന്ന കല്ലേറിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് യാതൊരു പങ്കുമില്ല എന്ന കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എൽ ഡി എഫ് പ്രവർത്തകർ 4 കേന്ദ്രങ്ങളിലായാണ് കേന്ദ്രീകരിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യാതൊരു വിധ അക്രമവും ഈ കേന്ദ്രങ്ങളിൽ നിന്നുണ്ടായിട്ടില്ല. മുഖ്യമന്ത്രി കടന്നു വരുന്ന വഴി പൂർണമായും  പോലീസ് വലയത്തിലായിരുന്നു. കനത്ത പോലീസ് സന്നാഹം വഴി നീളെ ഒരുക്കിയിരുന്നെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്. മുഖ്യമന്ത്രി കടന്നു വരുന്ന വഴിയിൽ മുഖ്യന്ത്രിയുടെ വാഹനത്തിനു നേരെ കല്ലേറുണ്ടായ ഘട്ടത്തിൽ കനത്ത പോലീസ് സന്നാഹം ഉണ്ടായിട്ടും ആരെയും അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിക്കാത്തത് ദുരൂഹമാണ്.

സംഭവം നടന്ന ഉടൻ ആഭ്യന്തരമന്ത്രി 2 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവർ സിപിഐ(എം) പ്രവർത്തകരായിരുന്നു എന്നും പ്രഖ്യാപിക്കുകയുണ്ടായി. യഥാർത്ഥത്തിൽ രാത്രി ഏറെ വൈകുന്നത് വരെ ഇത്തരത്തിൽ ആരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. ആഭ്യന്തരമന്ത്രി നേരിട്ട് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് എൽ.ഡി.എഫ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചത്  എന്നത് ഇതിൽ നിന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ നടന്നതായി പറയപ്പെടുന്ന കല്ലേറിന്റെ മറവിൽ ജില്ലയിൽ പോലീസ് ഭീകരത അഴിച്ചുവിടാനുള്ള നീക്കത്തിൽ എൽ ഡി എഫ് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു.

എൽ ഡി എഫിന്റെ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരായി വധ ശ്രമം ഉൾപ്പെടെയുള്ള കള്ള കേസാണ് ചാർജ് ചെയ്തിട്ടുള്ളത്. അർദ്ധരാത്രി വീടുകൾ ചവിട്ടിപൊളിച്ച് ഭീകരത സൃഷ്ടിക്കുന്നതിനാണ് പോലീസ് തയ്യാറായത്. അർദ്ധരാത്രി ഭീകരത സൃഷ്ടിച്ച് അറസ്റ്റ് ചെയ്യപ്പെട്ട സി പി ഐ (എം) മട്ടന്നൂർ ഏറിയ കമ്മിറ്റി അംഗമായ എ കെ സുരേഷ് ബാബുവും എടയന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സി വിനോദനും വേദിക്ക് സമീപം എൽ ഡി എഫ് നേതാക്കൾക്കൊപ്പമാണ് സമരത്തിൽ പങ്കെടുത്തത്.

വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകനായ അനീഷാവട്ടെ 5 മണിക്ക് വീട്ടിലേക്കുള്ള യാത്രക്കിടയിൽ പരിയാരത്താണ് ഉണ്ടായിരുന്നത്. കോൺഗ്രസ് നേതൃത്വം തയ്യാറാക്കി നൽകുന്ന ലസ്റ്റിന്റെ അടിസ്ഥാനത്തിലാണ് സി പി ഐ (എം) ഏറിയ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ള പാർടി പ്രവർത്തകരെ അർദ്ധരാത്രി അറസ്റ്റ് ചെയ്ത് വധശ്രമത്തിന് കേസെടുത്ത് ജയിലിലടച്ചതെന്ന് വ്യക്തമാണ്. എൽ ഡി എഫ് പ്രവർത്തകരുമായ കെ ഷാജി, സന്തോഷ് മാവില, കെ കെ പ്രദീപൻ, ലിനേഷ്, പി ഭാസ്‌കരൻ, അനീഷ്, കെ പി മനോജ്, കെ രാജീവൻ, പി കൃഷ്ണൻ, എം കുഞ്ഞിരാമൻ, എ കെ സുരേഷ് ബാബു, ടി രാഘവൻ, സി വിനോദൻ, കെ മുരളീധരൻ, പി രവീന്ദ്രൻ തുടങ്ങിയവരെ അർദ്ധരാത്രി ഭീകരത സൃഷ്ടിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. എൽഡിഎഫ് പ്രവർത്തകരാണ് എന്ന ഒറ്റക്കാരണത്താലാണ് ഇവരെയെല്ലാം അറസ്റ്റ് ചെയ്തത്. ചാലാട് 2 വീടുകൾ പോലീസ് ചവിട്ടി പൊളിച്ചു.  ആർ എസ് പി നേതാവായ സന്തോഷ് മാവിലയേയും സി പി ഐ (എം) കീഴല്ലൂർ എൽ സി  സെക്രട്ടറി സി വിനോദിനെയും മറ്റും വീടിന്റെ വാതിൽ ചവിട്ടിപൊളിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാലൂർ-പനമ്പറ്റ യു പി സ്‌കൂൾ അധ്യാപകനായ വിനോദിനെ സ്‌കൂൾ വളഞ്ഞാണ് അറസ്റ്റ് ചെയ്തത്.

കോൺഗ്രസ് റൗഡികൾ അക്രമത്തിന്റെ മറവിൽ അഴിഞ്ഞാടുകയാണ്. കണ്ണൂർ ടൗണിൽ ദേശാഭിമാനി ബ്യൂറോ, എൻ ജി ഒ യൂണിയൻ ഓഫീസ് ഉൾപ്പെടെയുള്ള സ്ഥപനങ്ങളും ജില്ലയിൽ വിവിധ പ്രദേശങ്ങളിലെ സി പി ഐ (എം) ഓഫീസുകളും അക്രമിച്ചും കല്ലെറിഞ്ഞും തകർത്തിരിക്കുകയാണ്.     

സോളാർ ഭൂമി തട്ടിപ്പ് കേസുകളിൽ മുഖം നഷ്ടപ്പെട്ട മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തുന്നതിനും പ്രശ്‌നം വഴി തിരിച്ച് വിടുന്നതിനും ഗൂഢനീക്കം നടന്നിട്ടുണ്ടോ എന്ന കാര്യം സംഭവങ്ങളാകെ പരിശോധിക്കുമ്പോൾ ന്യായമായും സംശയിക്കാവുന്നതാണ്. കണ്ണൂരിലെ കോൺഗ്രസ് ക്രിമിനൽ നേതൃത്വത്തിന്റെ കഴിഞ്ഞകാല ചെയ്തികൾ പരിശോധിച്ചാൽ ഇത്തരം ഒരു ഗൂഢാലോചനയുടെ സാധ്യത തള്ളിക്കളയാൻ സാധിക്കുന്നതല്ല. ഹിന്ദു പത്രം റിപ്പോർട്ട് ചെയ്തഇന്റലിജൻസ് റിപ്പോർട്ടിൽ എൽഡിഎഫ് പ്രതിഷേധത്തിൽ നുഴഞ്ഞു കയറാനുള്ള യുഡിഎഫിലെ ചിലരുടെ നീക്കത്തെകുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

 

എൽഡിഎഫ് പ്രവർത്തകർക്കെതിരെ കള്ളക്കേസ് ചുമത്തി തിരുവഞ്ചൂർ രാധകൃഷ്ണന്റെ തിരക്കഥ അനുസരിച്ച് അഴിഞ്ഞാടുകയല്ല പോലീസ് ചെയ്യേണ്ടത്. സംഭവം സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തി യഥാർത്ഥ ഗൂഢാലോചനക്കാരെ പുറത്തു കൊണ്ടുവരുവാൻ തയ്യാറാകുകയാണ് ചെയ്യേണ്ടത്.