കണ്ണൂർ: കൊട്ടില നൂറുൽ ഇസ്ലാം മദ്രസയുടെ ഓഫീസും നിസ്‌കാരഹാളും കത്തിച്ച സംഭവത്തിൽ പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മദ്രസ ഓഫീസ് കത്തിക്കുന്നത് ഇ.കെ സുന്നി വിഭാഗവും ലീഗും ചേർന്നാണെന്ന ആക്ഷേപം അന്നുതന്നെ ഉയർന്നുവന്നിരുന്നതാണ്. സംഭവത്തിൽ കുറ്റവാളികളായ ലീഗ് പ്രവർത്തകരെ പോലീസ് തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. എന്നാൽ പ്രസ്തുത ലീഗ് പ്രതികളെ കേസിൽ നിന്നും ഒഴിവാക്കുന്നതിന് ഭരണതലത്തിൽ വലിയ ഇടപെടൽ നടന്നുകൊണ്ടിരിക്കുകയാണ്. പള്ളിയും മതഗ്രന്ഥങ്ങളും കത്തിച്ച സംഭവത്തിൽ ലീഗുകാരായ പ്രതികളെ രക്ഷിക്കുന്നതിനാണ് പഴയങ്ങാടി പോലീസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദവും ഇതിനു പിന്നിലുണ്ട്. ലീഗുകാരായ പ്രതികളെ രക്ഷിക്കുന്നതിന് പോലീസ് നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് തദ്ദേശവാസികളുടെ ഒരു ബഹുജനധർണ തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസിന്  മുമ്പിൽ നടത്തുന്നതിന് സിപിഐ(എം) തീരുമാനിച്ചു. ഒക്‌ടോബർ 28-ന് കാലത്ത് 10 മണിക്ക് നടക്കുന്ന ധർണയിൽ മുഴുവൻ ബഹുജനങ്ങളും പങ്കെടുക്കണമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജൻ അഭ്യർത്ഥിച്ചു.