കണ്ണൂർ: പരിയാരം ഓണപ്പറമ്പിലെ മദ്രസ കത്തിച്ച സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്ന്  സി പി ഐ (എം) ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

കൊട്ടില നൂറുൽ ഇസ്ലാം മദ്രസയിലെ ഓഫീസ് കെട്ടിടമാണ് 16-നു പുലർച്ചെ തീ വെച്ചത്. മുസ്ലീം സമുദായത്തിലെ വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ കക്ഷി ചേരാൻ സി പി ഐ (എം) ആഗ്രഹിക്കുന്നില്ല. എല്ലാ വിഭാഗങ്ങൾക്കും അവരവരുടേതായ ആരാധനാ ക്രമങ്ങൾ സംരക്ഷിക്കാനും മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിനുമുള്ള അവകാശമുണ്ട്. എന്നാൽ അക്രമണത്തിന്റെ മാർഗം ഉപയോഗിച്ച് ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്റെ ആരാധനാലയങ്ങളും മതവിദ്യാഭ്യാസ സ്ഥാപനങ്ങളും നശിപ്പിക്കുന്നത് ഒരു കാരണവശാലും ആശാസ്യമല്ല.

നേരത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ആരാധനാലയങ്ങളും മറ്റും ആക്രമിച്ചിരുന്നത് ഹിന്ദു വർഗീയവാദികളായിരുന്നു. എന്നാൽ ഇസ്ലാം മതത്തിൽപെട്ടവർ തന്നെ തങ്ങളുടെ പവിത്രമായ ആരാധനാലയങ്ങളും മത-വിദ്യാഭ്യാസ സ്ഥാപനങ്ങളും ആക്രമിക്കുന്നത് അടുത്തകാലത്തായി ഓണപ്പറമ്പ, കൊട്ടില പ്രദേശങ്ങളിൽ ഉണ്ടായികൊണ്ടിരിക്കുകയാണ്. കൊട്ടിലയിലെ മദ്രസ കത്തിച്ച സംഭവത്തിൽ ജനങ്ങൾക്കിടയിൽ ചില സംശയങ്ങളുണ്ട്. പോലീസ് മുൻവിധിയോടെ എ പി വിഭാഗം സുന്നി പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുകയാണ്. ഓണപ്പറമ്പിൽ എ പി വിഭാഗത്തിന്റെ പള്ളിയും മദ്രസയും ആക്രമിച്ചുകൊണ്ട് ഹിന്ദുത്വ വർഗ്ഗീയ ശക്തികൾക്ക് പ്രോത്സാഹനമാവും വിധം അക്രമങ്ങൾക്ക് തുടക്കം കുറിച്ചത് ലീഗിലെ ഒരു പറ്റം തീവ്രവാദികളാണ്. ഇസ്ലാം മത വിശ്വാസികൾ പവിത്രമാണെന്ന് കണക്കാക്കുന്ന പള്ളിയും മദ്രസയും ഇങ്ങനെ ആക്രമിച്ചതിനെതികായി ശക്തമായി വികാരം ഉയരുകയുണ്ടായി. എ പി വിഭാഗം പള്ളി കമ്മിറ്റി സെക്രട്ടറി ബഷീറിന്റെ വീട്ടിന് മുന്നിൽ നിർത്തിട്ടിരുന്ന കാറും ലീഗുകാർ കഴിഞ്ഞ ദിവസം തകർത്തു. ഇതേ തുടർന്നാണ് ഇ കെ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള 1949-ൽ പണിത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൊട്ടില മദ്രസ തീവെച്ചത്. പുതിയ മദ്രസ കെട്ടിടം ഇതിനടുത്തായി തന്നെ നിർമ്മിക്കുന്നുണ്ട്. ഇതെല്ലാം ജനങ്ങൾക്കിടയിൽ ഈ തീവെപ്പിനെ കുറിച്ച് സംശയമുണർത്തിയിട്ടുണ്ട്. അതിനാൽ മുൻവിധി കൂടാതെ യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിനും ഈ പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും പോലീസിന്റെ ഭാഗത്ത് നിന്നും അടിയന്തിര നടപടികൾ ഉണ്ടാകണം

 

 

തങ്ങളുടെ സ്വാധീന മേഖലയിൽ മറ്റ് വിഭാഗങ്ങൾക്ക് ആരാധനാലയവും മത വിദ്യാഭ്യാസ സ്ഥാപനവും പ്രവർത്തിക്കാനനുവദിക്കില്ലെന്ന അസഹിഷ്ണുത നിലപാടിൽ നിന്ന് പിൻമാറി ഈ പ്രദേശത്ത് സമാധാനം ഉറപ്പ് വരുത്താൻ ശ്രമിക്കണമെന്നും സി പി ഐ (എം) സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.