കണ്ണൂർ: മട്ടന്നൂരിലെ പൊറോറ സർവ്വീസ് സഹകരണ ബേങ്ക് തെരഞ്ഞെടുപ്പ് സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷൻ ന്യായീകരണമില്ലാതെ നിർത്തിവെച്ച നടപടിയിൽ സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ ശക്തമായി പ്രതിഷേധിച്ചു.

 

ഒക്‌ടോബർ 20-നാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. പൊറോറ സ്‌കൂളിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന് സ്‌കൂൾ അധികൃതരുടെ സമ്മതം നേരത്തെ വാങ്ങിയിരുന്നതാണ്. എന്നാൽ പൊതു തെരഞ്ഞെടുപ്പിൽ വോട്ട് ചേർക്കാനുള്ള കേന്ദ്രമാണെന്ന കാരണം പറഞ്ഞാണ് സഹകരണബേങ്കിന്റെ ഇലക്ഷൻ നിർത്തിവെച്ചിട്ടുള്ളത്. പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക പുതുക്കുന്നതടക്കം ഈ സ്‌കൂളിൽ  സൗകര്യമുണ്ടെന്നിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഒരു നിലക്കും ന്യായീകരിക്കാവുന്നതല്ല. ജില്ലാ ഇലക്ടറൽ സംവിധാനത്തിൽ നിന്നും ഇതിന് തടസ്സമുള്ളതായി യാതൊരു റിപ്പോർട്ടും നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ ജനാധിപത്യവിരുദ്ധമായി ബേങ്ക് ഭരണം പിടിച്ചെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിന്  തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ ചട്ടുകമായി മാറിയിരിക്കുകയാണ്. കമ്മീഷൻ അതിന്റെ നിഷ്പക്ഷമായ നിർവ്വഹണമാണ് ഇവിടെ തകർത്തിട്ടുള്ളത്. ഇതിനെതിരായി ശക്തമായ ബഹുജനാഭിപ്രായം ഉയർന്നു വരണം. പൊറോറ സർവ്വീസ് സഹകരണ ബേങ്ക് നിയമവിരുദ്ധമായി പിടിച്ചെടുക്കാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പരാജയപ്പെടുത്തണമെന്ന് പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.