കണ്ണൂർ : സി പി ഐ (എം) ജില്ലാ കമ്മിറ്റി അംഗം ഇ നാരായണന്റെ പെട്ടെന്നുള്ള വേർപാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

1956-ൽ അഭിവക്ത കമ്മ്യൂണിസ്റ്റ് പാർടി അംഗമായ ഇ നാരായണൻ ബീഡി തൊഴിലാളിയായാണ് ജീവിതം ആരംഭിച്ചത്. പാർടി പിളർപ്പിനെ തുടർന്ന് സി പി ഐ (എം) ൽ ഉറച്ച് നിന്ന സഖാവ് പിന്നീട് പാർടിയുടെ മുഴുവൻ സമയ പ്രവർത്തകനായി. പാർടി ഏൽപ്പിച്ച എല്ലാ രാഷ്ട്രീയ സംഘടനാ ചുമതലകളും നിർവ്വഹിക്കുന്നതിൽ കൃത്യത പുലർത്തി.

സഹകരണ പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ മാതൃകാപരമാണ്. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലും സഖാവ് പ്രമുഖമായ പങ്ക് വഹിച്ചു. എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് റബ്ബർ കൃഷിക്കാരെ സഹായിക്കുന്നതിന് വേണ്ടി റബ്ബറധിഷ്ഠിത വ്യവസായം നടത്തി തൊഴിലവസരം സൃഷ്ടിച്ചുകൊണ്ട് റബ്‌കോ രൂപീകരിക്കാൻ മുൻനിരയിൽ പ്രവർത്തിച്ചു. സഹകരണ പ്രസ്ഥാനത്തിന് ഒരു പുതിയ അനുഭവമായിരുന്നു ഇത്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും രാഷ്ട്രീയ എതിരാളികളുടെ നാനാവിധ എതിർപ്പുകളെ അതിജീവിച്ചാണ് സഖാവ് ചുമതലകൾ നിർവ്വഹിച്ചത്. മറ്റാർക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത ഏതിർപ്പുകളും വിമർശനങ്ങളും ഉയർന്നപ്പോഴും പാർടി ഏൽപ്പിച്ച ചുമതലകൾ സത്യസന്ധമായി നിർവ്വഹിക്കാൻ അദ്ദേഹം തയ്യാറായി. സഖാവിന്റെ പെട്ടെന്നുള്ള ദേഹവിയോഗത്തിൽ പാർടി ജില്ലാ സെക്രട്ടറിയേറ്റ് അത്യഗാധമായ ദുഖവും അനുശേചനവും രേഖപ്പെടുത്തുന്നു.

സി പി ഐ (എം) ജില്ലാ കമ്മിറ്റി അംഗം ഇ നാരായണന്റെ മൃതദേഹം 17-നു രാത്രി 10.30-നു  മലേഷ്യയിൽ നിന്നും വിമാനമാർഗ്ഗം നെടുമ്പാശ്ശേരി എയർപോർട്ടിലെത്തും. തുടർന്ന് അവിടെ നിന്നും സ്വദേശമായ തലശ്ശേരിയിൽ കൊണ്ടുവരും. 18-നു കാലത്ത് 10.30 മണി മുതൽ വൈകുന്നേരം 3 മണി വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ജന്മനാടായ മണ്ണയാട്ടെ സഖാവിന്റെ 'സഹകാരി' ഭവനിൽ എത്തിക്കും. അതിന് ശേഷമാണ് സംസ്‌കാരം നടക്കുക.

സഖാവിന്റെ വേർപാടിൽ ആദരസൂചകമായി തലശ്ശേരി, കൂത്തുപറമ്പ മുൻസിപ്പൽ ഏറിയകളിലും കതിരൂർ, എരഞ്ഞോളി, ന്യൂ മാഹി, ധർമ്മടം, പിണറായി, കോട്ടയം, വേങ്ങാട്, മാങ്ങാട്ടിടം, ചിറ്റാരിപ്പിറമ്പ, മാലൂർ, പാട്യം, മൊകേരി, പാനൂർ, പെരിങ്ങളം, കുന്നോത്ത്പറമ്പ, തൃപ്പങ്ങോട്ടൂർ, ചൊക്ലി, പന്ന്യന്നൂർ, കരിയാട്, പള്ളൂർ എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലും 18-നു രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ ഹർത്താൽ ആചരിക്കാൻ സി പി ഐ (എം) ആഹ്വാനം ചെയ്തിട്ടുണ്ട്. വാഹന ഗതാഗതത്തെ ഒഴിവാക്കികൊണ്ടുള്ള ഈ ഹർത്താലിൽ സഹകരിക്കാൻ എല്ലാ വിഭാഗം ജനങ്ങളോടും സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് സഹകരണം അഭ്യർത്ഥിക്കുന്നു.

മാഹി പെരുന്നാൾ നടക്കുന്നതിനാൽ മാഹി പ്രദേശത്തെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

 

സി പി ഐ (എം) ന്റെ ഒക്‌ടോബർ 17, 18, 19 തീയതികളിലെ ജില്ലയിലെ എല്ലാ പൊതു പരിപാടികളിലും മാറ്റിവെച്ചതായി ജില്ലാ കമ്മിറ്റി അറിയിച്ചു.