കണ്ണൂർ : ഹൈക്കോടതി ഉത്തരവ് പോലും ലംഘിച്ച് കണ്ണൂരിലെ പോലീസ് സഹകരണസംഘം തെരഞ്ഞെടുപ്പിൽ സഹകരണ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നഗ്നമായ ആക്രമണമാണ് നടന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് തോൽവി ഭയന്ന് തെരഞ്ഞെടുപ്പ് തന്നെ റിട്ടേണിംഗ് ഓഫീസർ നിർത്തിവെച്ചത്. ഈ ജനാധിപത്യ കശാപ്പിൽ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് അഭ്യർത്ഥിക്കുന്നു.

 

ഈ സംഘം പിടിച്ചെടുക്കാൻ ഡിസിസി ആഫീസിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് ദാസ്യവേല ചെയ്യുന്ന കണ്ണൂർ ഡിവൈഎസ്പിയെയാണ് പോളിംങ്ങ് സ്റ്റേഷനിൽ കാണാൻ കഴിഞ്ഞത്. യൂണിഫോമിട്ട് എത്തിയ ഈ പോലീസ് ഉദ്യോഗസ്ഥൻ വോട്ട് ചെയ്യാൻ എത്തിയ പോലീസുകാരെ ഭീഷണിപ്പെടുത്താനും കൈയ്യേറ്റം ചെയ്യാനും തയ്യാറായി. എന്നാൽ സംഘം മെമ്പർമാരുടെ ശക്തമായ എതിർപ്പിന് മുമ്പിൽ ഇളിഭ്യനായി ഡിവൈഎസ്പി സുകുമാരന് തിരിച്ചു പോകേണ്ടി വന്നു. കണ്ണൂർ ജില്ലാ പോലീസ് മേധാവിയും  നിയമവിരുദ്ധമായി സംഘം പിടിച്ചെടുക്കാനുള്ള നീക്കത്തിന് തുടക്കത്തിൽ കൂട്ടുനിൽക്കുകയാണ് ചെയ്തത്. എന്നാൽ തെരഞ്ഞെടുപ്പ് രംഗത്തെത്തിയ കണ്ണൂർ ഐജി പോലീസ് സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മുമ്പത്തെ ഐഡന്റിറ്റി കാർഡ് അടക്കം ഉപയോഗിച്ച് വോട്ട് ചെയ്യാമെന്ന് പ്രഖ്യാപിച്ചതോടെയാണ് സംഘം പിടിച്ചെടുക്കാനുള്ള ഹീനശ്രമം വിജയിക്കാതെ പോയത്. അതേതുടർന്ന് 22 പേർ വോട്ട് ചെയ്‌തെങ്കിലും തോൽവി ഉറപ്പാക്കിയ നിലവിലുളള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ ആളുകൾ റിട്ടേണിംഗ് ആഫീസറെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നിർത്തിവെപ്പിക്കുകയാണ് ഉണ്ടായത്. 6 ബി രജിസ്റ്റർ അപര്യാപ്തമാണെന്ന പേര് പറഞ്ഞാണ് തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിന് ശേഷം അത് നിർത്തിവെച്ചത്. തങ്ങൾ തോൽക്കുമെങ്കിൽ തെരഞ്ഞെടുപ്പേ വേണ്ടെന്ന നിലപാട് ഏത് തരം ജനാധിപത്യമാണെന്ന് നിലവിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വ്യക്തമാക്കണമെന്നും പി ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.