കണ്ണൂർ:തളിപ്പറമ്പ് അരിയിൽ പ്രദേശത്തെ സിപിഐ(എം) ബ്രാഞ്ച് ഓഫീസ് മുസ്ലീം ലീഗിലെ തീവ്രവാദികൾ പച്ച പെയിന്റടിച്ച് വികൃതമാക്കിയ നടപടിയിൽ സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജൻ ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി.

ഇന്നലെ അർദ്ധരാത്രിക്കുശേഷമാണ് അരിയിൽ പ്രദേശത്തെ അറിയപ്പെടുന്ന ലീഗ് ക്രിമിനലുകൾ ഈ അക്രമം നടത്തിയത്. സംഘർഷമുണ്ടാക്കുന്നതിനുള്ള  ബോധപൂർവ്വമുളള നടപടിയാണ്  ലീഗിന്റെ ഭാഗത്തു നിന്നുണ്ടായത്. അരിയിൽ പ്രദേശത്ത് ചെമ്മീൻകണ്ടി നടത്തുന്ന നാസർ ഈ അക്രമത്തിന് ദൃക്‌സാക്ഷിയാണ്. സംഭവത്തെകുറിച്ച് നാസർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

വികൃതമാക്കിയ പാർടി ഓഫീസ് സന്ദർശിച്ച ഞങ്ങളോടു നാസർ പറഞ്ഞത് ലീഗിലെ ഒരുപറ്റം തീവ്രവാദികളാണ് ഇത്തരം അക്രമങ്ങൾ നടത്തുന്നതെന്നാണ്. മത്സ്യവിൽപ്പന തൊഴിലാളിയായ നാസറെ കഴിഞ്ഞ വിഷുക്കാലത്ത് ഹിന്ദുക്കൾക്ക് മത്സ്യവിൽപ്പന നടത്തിയതിന്റെ പേരിൽ ലീഗിലെ തീവ്രവാദികൾ  അക്രമിച്ചതായും  ഞങ്ങളോടുപറയുകയുണ്ടായി. മാധ്യമപ്രതിനിധികളോടും നാസർ ഇക്കാര്യം പങ്കുവെക്കുകയുണ്ടായി. ഇത്തരത്തിൽ അരിയിൽ പ്രദേശത്തും മറ്റും ലീഗ് നേതൃത്വത്തിൽ നടത്തിയ എല്ലാ അക്രമത്തിന്റെയും പിന്നിലുള്ള യാഥാർത്ഥ്യമാണ് നാസർ വെളിപ്പെടുത്തിയത്. അക്ഷരാർത്ഥത്തിൽ ലീഗ് താലിബാനിസമാണ് തളിപ്പറമ്പിലും പരിസരങ്ങളിലും നടപ്പിലാക്കുന്നത്. അത്തരക്കാർക്കെതിരെ യാതൊരു നടപടിയും കൈകൊള്ളുന്നില്ല എന്നുമാത്രമല്ല സിപിഐ(എം) പ്രവർത്തകർക്കെതിരെ ലീഗ് നേതാക്കന്മാരുടെ സമ്മർദ്ദത്തിന് വിധേയമായി തളിപ്പറമ്പ് പോലീസ് കള്ളക്കേസുകളെടുത്തു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം അരിയിൽ പ്രദേശത്തെ ഒരു യുവാവ് ഗൾഫിൽ പോകുന്നതിന്റെ ഭാഗമായി യുവാവിന്റെ വീടു സന്ദർശിച്ചു മടങ്ങുകയായിരുന്ന സുഹൃത്തുക്കളെ ബൈക്ക് തടഞ്ഞു നിർത്തി ലീഗ് ക്രിമിനലുകൾ അക്രമിക്കുകയുണ്ടായി. ആക്രമിക്കപ്പെട്ട ഈ യുവാക്കളുടെ  പേരിൽ ലീഗ് സമ്മർദ്ദത്തിനു വഴങ്ങി മതസ്പർദ്ധയുണ്ടാക്കി എന്ന കുറ്റാരോപണമുണ്ടാക്കി പോലീസ് കേസ് ചാർജ് ചെയ്യുകയാണുണ്ടായത്. തളിപ്പറമ്പിലും പരിസരങ്ങളിലുമുള്ള ലീഗ് ക്രിമിനലുകൾക്കെതിരായി ചാർജു ചെയ്യപ്പെട്ട നിരവധി കേസുകളാണ് ഗവൺമെന്റ് പിൻവലിച്ചത്. ഇതെല്ലാം ലീഗ് ക്രിമിനലുകൾക്ക് പ്രോത്സാഹനമാവുകയാണ്. യാഥാർത്ഥത്തിൽ മതസ്പർദ്ധയുണ്ടാക്കും വിധം പ്രവർത്തിക്കുന്നത് ലീഗാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പരിയാരം ഓണപ്പറമ്പിൽ കാന്തപുരം സുന്നി വിഭാഗത്തിന്റെ പള്ളിയും മദ്രസയും ആക്രമിച്ച് തകർക്കുന്നിടത്തോളം ലീഗ് തീവ്രവാദി ആക്രമണം വളർന്നിരിക്കുകയാണ്. മതനിരപേക്ഷതയെകുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ലീഗ് നേതാക്കൾക്ക് ഈ തീവ്രവാദി ആക്രമണങ്ങളെകുറിച്ച് എന്താണ് പറയാനുള്ളത്.

ലീഗിന്റെ ആജ്ഞാനുവർത്തികളായിട്ടാണ് ജില്ലയിലെ പോലീസ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. വലിയന്നൂരിലെ മൂസയെന്ന പാർടി പ്രവർത്തകനെ ഗുണ്ടാആക്ട് പ്രകാരം ജയിലിലടച്ചതും ഇതേസ്ഥലത്തെ നൗഫൽ എന്ന പാർടിയുടെ മറ്റൊരു പ്രവർത്തകന് നാടു കടത്തൽ നോട്ടീസ് നൽകിയതും ലീഗ് നേതാവിന്റെ ആജ്ഞയനുസരിച്ചാണ്.

 

മുസ്ലീം ലീഗ് നേതൃത്വം നാടിനെ എങ്ങോട്ടാണ് നയിച്ചു കൊണ്ടിരിക്കുന്നതെന്ന് പൊതു സമൂഹം ചിന്തിക്കണം. യുഡിഎഫ് ഭരണത്തിലുള്ള ലീഗിന്റെ പങ്കാളിത്തം വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്നുവെന്ന ആരോപണം ശരിവെക്കുന്ന ഒന്നാംതരം തെളിവാണ് അരിയിൽ സംഭവത്തിലൂടെ വെളിവാകുന്നത്. ലീഗിന്റെ ഇത്തരം ആപൽക്കരമായ നീക്കങ്ങളെ എതിർത്തു തോൽപിക്കാൻ എല്ലാ വിഭാഗം ജനങ്ങളോടും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.