കണ്ണൂർ: അതിരൂക്ഷമായ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് സപ്തംബർ 1-നു എല്ലാ പ്രദേശങ്ങളിലും നടക്കുന്ന പന്തം കൊളുത്തി പ്രകടനം വിജയിപ്പിക്കാൻ സി പി ഐ (എം) ജില്ലാ      സെക്രട്ടറിയേറ്റ് മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു.

പെട്രോൾ, ഡീസൽ, പാചകവാതകങ്ങൾ, ഭക്ഷ്യവസ്തുക്കൾ, പച്ചക്കറികൾ ഉൾപ്പെടെയുള്ള എല്ലാ നിത്യാപയോഗ സാധനങ്ങളുടെയും വില ഭീമമായ തോതിലാണ് വർദ്ധിക്കുന്നത്. ഇത് മൂലം ജനജീവിതം ദുസ്സഹമായി മാറിയിരിക്കുകയാണ്. മലയാളികളുടെ ദേശീയോത്സവമായ ഓണക്കാലത്ത് പൊള്ളുന്ന വില കൊടുത്ത് സാധനങ്ങൾ വാങ്ങേണ്ട ദയനീയ അവസ്ഥയിലാണ് ജനങ്ങൾ.

ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുമെന്ന് പറയുന്ന കോൺഗ്രസിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എ പി എൽ, ബി പി എൽ വ്യാത്യാസമില്ലാതെ എല്ലാവർക്കും ചുരുങ്ങിയ വിലക്ക് റേഷൻ നൽകുകയാണ് വേണ്ടത്. ഈ ആവശ്യം യു ഡി എഫ് സർക്കാരിനു മുന്നിൽ എല്ലാ വിഭാഗം ആളുകളും ഉയർത്തണം.

 

അട്ടപ്പാടി ആദിവാസി കോളനികളിലെ പട്ടിണി മൂലമുള്ള മരണം നമ്മുടെ നാട്ടിൽ ആവർത്തിക്കുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജില്ലയിലെ ആറളം ആദിവാസി കോളനിയിൽ ദിവസങ്ങളോളം പട്ടിണി കിടന്ന് അവശയായ ഒരു സ്ത്രീയെ ഐ ആർ പി സി പ്രവർത്തകരാണ് ജില്ലാ ആശുപത്രിയിൽ ഏത്തിച്ചത്. സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ രൂക്ഷമായ വിലക്കയറ്റത്താൽ  ദുരിതമനുഭവിക്കുന്ന അനുഭവമാണുള്ളത്. അതിനാൽ വിലക്കയറ്റം തടയുന്നതിന് വേണ്ടി ഫലപ്രദമായ നടപടികൾ കൈക്കൊള്ളുന്നതിന് ശക്തമായ ജനകീയ പ്രസ്ഥാനം ആവശ്യമാണ്. ഇതിന്റെ ഭാഗമായി നടത്തുന്ന പന്തം കൊളുത്തി പ്രകടനം വിജയിപ്പിക്കാൻ മുഴുവനാളുകളോടും ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നു.