ദേശീയ പ്രസ്ഥാനത്തിലൂടെ  രാഷ്ട്രീയ രംഗത്തെത്തിയ കെ വി പിൽക്കാലത്ത് ജില്ലയിലെ കമ്യൂണിസ്റ്റ് പാർടിയുടെ അമരക്കാരിലൊരാളായി.

1930-ൽ കോൺഗ്രസിലേക്കും 1934 മുതൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലേക്കും 1939 അവസാനം കമ്യൂണിസ്റ്റ് പാർടിയിലേക്കും വന്നു. അടിയന്തരാവസ്ഥയുടെ നാളുകളിൽ ഒളിവിൽ പ്രവർത്തിക്കുകയായിരുന്ന സഖാക്കളുമായി ബന്ധംവച്ച് പാർടിയെയും ബഹുജന പ്രസ്ഥാനങ്ങളെയും സംരക്ഷിക്കാനും ചലിപ്പിക്കാനും നടത്തിയ പ്രവർത്തനം വിസ്മരിക്കാനാവില്ല.

എട്ടാംതരം പാസായശേഷം പഠിക്കാൻ കഴിയാതെ കുടുംബം രക്ഷിക്കാൻ അധ്യാപക ജോലിയിൽ പ്രവേശിച്ചു. കൃഷ്ണപിള്ളയുടെയും കേരളീയന്റെയും ശിക്ഷണത്തിൽ കല്യാശേരി കേന്ദ്രീകരിച്ച് കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ കെ വി വലിയ പങ്കുവഹിച്ചു. ആറോൺ മിൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും മുന്നിട്ടുനിന്നു. 1936 മുതൽ 1940 സെപ്തംബർ 15 വരെ അധ്യാപകനായിക്കൊണ്ടുതന്നെ ബഹുജന നേതാവായി ഉയർന്നു.

1940 സെപ്തംബർ 15 ന്റെ സമരത്തെ തുടർന്ന് ക്രൂരമായ പൊലീസ് മർദനത്തിനിരയായി. മോറാഴ കേസിലെ പ്രതിയെന്ന നിലയിൽ തടവിൽ കഴിഞ്ഞു. 1954-ൽ കല്യാശേരി പഞ്ചായത്ത് പ്രസിഡന്റായി. കല്യാശേരിയെ മാതൃകാ പഞ്ചായത്തായി വളർത്തിയെടുക്കുന്നതിന് ചെയ്ത സേവനങ്ങൾ ജനഹൃദയങ്ങളിൽ ഇന്നുമുണ്ട്.