ഖാദിയുടുപ്പിന്റെ വെൺമയും വിശുദ്ധിയും ജീവിതത്തിലും പൊതുരംഗത്തും ഉയർത്തിപ്പിടിച്ച് ജനഹൃദയങ്ങളിൽ ഇടംനേടിയ അദ്ദേഹം 2011 ഒക്ടോബർ 23ന് എഴുപത്തിരണ്ടാം വയസിലാണ് നമ്മെ വിട്ടുപിരിഞ്ഞത്.   

ഉത്തരമലബാറിലെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ടി ഗോവിന്ദന്റേത്. കൃഷിക്കാരെയും ബീഡിത്തൊഴിലാളികളെയും സംഘടിപ്പിച്ചാണ് പൊതുരംഗത്തുവന്നത്. എ വി കുഞ്ഞമ്പുവും സുബ്രഹ്മണ്യഷേണായിയും പി കണ്ണൻനായരുമായിരുന്നു പോരാട്ടജീവിതത്തിലെ വഴികാട്ടികൾ. ദീർഘകാലം സിപിഐ എം പയ്യന്നൂർ ഏരിയാ സെക്രട്ടറി. 1989-90ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. ചെറിയൊരിടവേളയൊഴിച്ച് 1986 മുതൽ ജീവിതാന്ത്യംവരെയും സംസ്ഥാന കമ്മിറ്റി അംഗം. 1996, 98, 99 തെരഞ്ഞെടുപ്പുകളിൽ കാസർകോട് മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിവിധ പാർലമെന്ററി കമ്മിറ്റികളിൽ അംഗമായിരുന്നു. 12-ാം ലോക്‌സഭയിൽ സിപിഐ എം വിപ്പായും പ്രവർത്തിച്ചു. മികച്ച സഹകാരിയും നിരവധി സഹകരണസ്ഥാപനങ്ങളുടെ ഭാരവാഹിയുമായിരുന്നു. 2006 മുതൽ അഞ്ചുവർഷം ഖാദി ബോർഡ് വൈസ് ചെയർമാനായി സ്തുത്യർഹ പ്രവർത്തനം കാഴ്ചവച്ചു. കണ്ണൂർ സഹകരണ സ്പിന്നിങ് മിൽ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

ലാളിത്യമാർന്നതും സൗമ്യമധുരവുമായ പെരുമാറ്റവുമായിരുന്നു ടി ഗോവിന്ദന്റെ മുഖമുദ്ര. കരുത്തനായ നേതാവായി പ്രവർത്തിക്കുമ്പോഴും കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരോടും നിർമലമായ സ്‌നേഹബന്ധം പുലർത്തിയ അദ്ദേഹം ഏവർക്കും പ്രിയപ്പെട്ട ഗോവിന്ദേട്ടനായിരുന്നു. മികച്ച പാർലമെന്റേറിയനായി തിളങ്ങിയ സഖാവ് കണ്ണൂർ, കാസർകോട് ജില്ലകളിലെ എണ്ണമറ്റ പ്രശ്‌നങ്ങൾ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. എ കെ ജിയായിരുന്നു ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ മാതൃക. പതിറ്റാണ്ടുകളോളം തറക്കല്ലിൽ ഒതുങ്ങിയ ഏഴിമല നാവിക അക്കാദമി യാഥാർഥ്യമാക്കുന്നതിൽ ടി ഗോവിന്ദൻ വഹിച്ച പങ്ക് വലുതാണ്. ഉത്തരമലബാറിലെ റെയിൽഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിലും റെയിൽവേ മേൽപ്പാലങ്ങൾക്ക് പദ്ധതി ആവിഷ്‌കരിക്കുന്നതിലും ശക്തമായ ഇടപെടലുണ്ടായി.

പയ്യന്നൂരിന്റെ വികസന നായകനെന്ന നിലയിൽകൂടിയാകും ടി ഗോവിന്ദനെ ചരിത്രം അടയാളപ്പെടുത്തുക. ജന്മനാടിന്റെ സമഗ്രവികസനത്തിന് നേതൃത്വം നൽകിയ അദ്ദേഹം ഈ പ്രദേശത്തെ കല- സാംസ്‌കാരിക- കായിക വളർച്ചക്കും നിസ്തുല സംഭാവന നൽകി. അതുകൊണ്ടാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ സഖാവിനെ 'പയ്യന്നൂരിന്റെ കെടാവിളക്ക്' എന്നു വിശേഷിപ്പിച്ചത്.