രാഷ്ട്രീയ- സാംസ്‌കാരികരംഗത്ത് വിലമതിക്കാനാവാത്ത സംഭാവന നൽകിയ ഐ വി ദാസ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുമ്പോൾ തന്നെയാണ് കേരളത്തിലെ പുരോഗമന സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും നേതൃസ്ഥാനത്തെത്തിയത്. പത്രാധിപർ, എഴുത്തുകാരൻ, സാംസ്‌കാരിക നായകൻ, ഗ്രന്ഥശാലാ പ്രവർത്തകൻ എന്നീ നിലയിലെല്ലാം ഐ വി ദാസ് വ്യക്തിമുദ്ര ചാർത്തി.
1932 ജൂലൈ ഏഴിന് ജനിച്ച ഇല്ലത്ത് വയക്കര വീട്ടിൽ ഭുവനദാസ് 29 വർഷം മൊകേരി യുപി സ്‌കൂൾ അധ്യാപകനായിരുന്നു. 1982ൽ അധ്യാപക ജീവിതത്തിൽനിന്ന് സ്വയംവിരമിച്ച് മുഴുവൻ സമയ പാർടി പ്രവർത്തകനായതോടെ ജീവിതം നാടിനുവേണ്ടി സമർപ്പിക്കപ്പെട്ടതായി. ബഹുമുഖമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്. വിനയപൂർണമായ പെരുമാറ്റത്തിന്റെയും ലളിതജീവിതത്തിന്റെയും പ്രതീകമായിരുന്ന ദാസൻ മാഷ് കക്ഷി രാഷ്ട്രീയഭേദമെന്യേ സംസ്ഥാനത്തുടനീളം വലിയൊരു സുഹൃദ്‌വലയത്തിനും ഉടമയായി. അരനൂറ്റാണ്ടുകാലം ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു. ദേശാഭിമാനി വാരിക പത്രാധിപരെന്ന നിലയിൽ പുതുക്കക്കാരായ എഴുത്തുകാരെ വളർത്തുന്നതിൽ കാണിച്ച ശുഷ്‌കാന്തി മലയാള സാഹിത്യശാഖക്ക് മുതൽക്കൂട്ടായി.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായി ദീർഘകാലം പ്രവർത്തിച്ചു. ആദ്യകാലത്ത് പ്രധാന പ്രവർത്തനമേഖല പാനൂരായിരുന്നു. ഇവിടെ പിഎസ്പിയുടെ നേതൃത്വത്തിൽ നടമാടിയ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിനും അക്രമത്തിനുമെതിരായ ചെറുത്തുനിൽപ്പിന്റെ പ്രധാന നേതൃത്വം ഐ വി ദാസിനായിരുന്നു. പിൽക്കാലത്ത് ആർഎസ്എസ് അക്രമത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിലും നിർണായക പങ്കുവഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് സിപിഐ എം അവിഭക്ത തലശേരി ഏരിയ സെക്രട്ടറിയുടെ ചുമതല വഹിച്ചു. പാനൂർ ഏരിയാകമ്മിറ്റി രൂപീകരിച്ചപ്പോൾ സെക്രട്ടറിയായി.