സിപിഐ-എം സംസ്ഥാന കമ്മിറ്റി അംഗം,  കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ, ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലയിൽ പ്രവർത്തിക്കുന്നതിനിടെയാണ് 1994 സെപ്തംബർ 13ന് സ: ആർ കൃഷ്ണൻ അന്തരിച്ചത്.

കർഷക- കർഷകത്തൊഴിലാളി പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാർടിയും കെട്ടിപ്പടുക്കുന്നതിൽ അരനൂറ്റാണ്ട് പ്രവർത്തിച്ച നേതാവായിരുന്നു ആർ കൃഷ്ണൻ.

1926 മാർച്ചിൽ ആറ്റടപ്പയിൽ ജനിച്ച കൃഷ്ണൻ ചെറുപ്പത്തിലേ രാഷ്ട്രീയ പ്രവർത്തകനായി . 1945ൽ കമ്യൂണിസ്റ്റ് പാർടി അംഗമായ അദ്ദേഹം ചെമ്പിലോട് ബ്രാഞ്ച് സെക്രട്ടറിയും വില്ലേജ് സെക്രട്ടറിയുമായിരുന്നു. 1946- 48 കാലത്ത് ഒളിവിലിരുന്ന് പാർടി കെട്ടിപ്പടുക്കാൻ യത്‌നിച്ചു.

ഇതിനിടെ കടുത്ത ഗുണ്ടാ ആക്രമണത്തിനും ഇരയായി. 1964 ൽ സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും ചൈനാ ചാരന്മാരെന്ന് മുദ്രകുത്തി വേട്ടയാടിയപ്പോൾ സഖാവും തടങ്കലിലായി. ഒന്നരക്കൊല്ലം കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനായി കഴിഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസവും മിച്ചഭൂമി സമരത്തിൽ പങ്കെടുത്തതിന് 43 ദിവസവും ജയിലിൽ കഴിഞ്ഞു.

എടക്കാട് പഞ്ചായത്ത് പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചു. ജില്ലാ കൗൺസിൽ നിലവിൽ വന്നപ്പോൾ കണ്ണൂർ ജില്ലാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എം കൗൺസിൽ പാർടി ലീഡറായി പ്രശംസനീയമായ പ്രവർത്തനം കാഴ്ചവച്ചു. പ്രമുഖ സഹകാരിയായിരുന്ന അദ്ദേഹം വളരെക്കാലം കണ്ണൂർ കോ-ഓപ്പറേറ്റീവ് പ്രസിന്റെ പ്രസിഡന്റായിരുന്നു.

തികച്ചും പ്രതികൂലമായ കാലഘട്ടത്തിൽ പാർടിയും കർഷക- കർഷകത്തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിന് സഖാവ്  നടത്തിയ ത്യാഗപൂർണമായ പ്രവർത്തനം പുതിയ തലമുറക്ക് മാതൃകയാണ്.