മാഹി ഭൂപരിഷ്‌കരണത്തിന്റെ ശിൽപിയും പ്രമുഖ പാർലമെന്റേറിയനും സിപിഐ എം തലശേരി ഏരിയാകമ്മിറ്റി അംഗവുമായിരുന്നു കെ വി രാഘവൻ. നാലു പതിറ്റാണ്ട് മയ്യഴി രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ച കെ വി യുടെ രാഷ്ട്രീയജീവിതം ഒളിവിലും ജയിലിലും നിയമസഭയിലുമായി വ്യാപിച്ചു കിടക്കുന്നതാണ്. മൂന്നുതവണ മാഹിയിൽനിന്ന് പുതുച്ചേരി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ വി സഭയേയും പ്രക്ഷോഭവേദിയാക്കി.

മാഹിയിലും പുതുച്ചേരിയിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ത്യാഗപൂർണമായ പ്രവർത്തനം നടത്തി. കെ വി രാഘവന്റെമാത്രം പിന്തുണയോടെ പുതുച്ചേരിയിൽ ഭരണം നിലനിന്ന കാലത്താണ് മാഹിയിലെ നിരവധി കുടുംബങ്ങളെ മണ്ണിന്റെ ഉടമകളാക്കിയത്. അഞ്ചരക്കണ്ടി ശുദ്ധജലപദ്ധതി ഉൾപ്പെടെ മാഹിയുടെ വികസനരംഗത്തും ശ്രദ്ധേയ സംഭാവന നൽകി. മികച്ച സഹകാരികൂടിയായിരുന്നു. തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയുടെ വളർച്ചയിലും പങ്കുവഹിച്ചു.