സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ 1978 സെപ്തംബർ 27നാണ് സഖാവ് പാട്യം ഗോപാലൻ അകാലത്തിൽ അന്തരിച്ചത്.

വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവർത്തകനായവളരെ ചുരുങ്ങിയ കാലംകൊണ്ട് ഉശിരനായ ബഹുജനനേതാവായി ഉയർന്ന പാട്യം കൈവച്ച മേഖലകളിലെല്ലാം പ്രാഗത്ഭ്യം പ്രകടിപ്പിച്ചു. കഴിവുറ്റ സംഘാടകൻ, വാഗ്മി, പ്രഗത്ഭ പാർലമെന്റേറിയൻ, എഴുത്തുകാരൻ, കവി, അധ്യാപകൻ, സൈദ്ധാന്തിക കാര്യങ്ങളിൽ പണ്ഡിതൻ എന്നിങ്ങനെ എല്ലാ രംഗത്തും മേന്മ തെളിയിച്ചു.

1957ൽ വിദ്യാർഥിയായിരിക്കുമ്പോഴാണ് കമ്യൂണിസ്റ്റ് പാർടി അംഗമായത്. പാട്യം പത്തായക്കുന്ന് പ്രദേശത്ത് രാഷ്ട്രീയരംഗത്ത് ഇറങ്ങുകയും സാംസ്‌കാരിക പ്രവർത്തനം സംഘടിപ്പിക്കുകയും ചെയ്തു. 1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിക്കാൻ പിന്തിരിപ്പൻ ശക്തികൾ നടത്തിയ വിമോചന സമരത്തിനെതിരെ പാട്യം ശക്തമായി പോരാടി. വിദ്യാർഥി നേതാവ്, പിന്നീട് പാട്യംസ് കോളേജിൽ അധ്യാപകൻ എന്നീ നിലകളിൽ ആദരവ് പിടിച്ചുപറ്റിയ പാട്യം 1963ൽ മുഴുവൻസമയ പാർടി പ്രവർത്തകനായി. നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്തു. മാർക്‌സിസം-ലെനിനിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും ലളിതമായി പഠിപ്പിക്കുന്ന അധ്യാപകൻ എന്നനിലയിൽ ശ്രദ്ധേയനായി.

1965ൽ ചൈനാ ചാരനായി മുദ്രകുത്തി ജയിലിലടച്ചപ്പോഴാണ് പാട്യം ആദ്യമായി തലശേരിയിൽനിന്ന് നിയമസഭാംഗമായത്. ജയിലിൽ കിടന്ന് പ്രഗത്ഭനായ വി ആർ കൃഷ്ണയ്യരെയാണ് എതിരിട്ടത്. അന്ന് തലശേരി മണ്ഡലത്തിൽ പാട്യം സൃഷ്ടിച്ച തരംഗത്തിൽ കൃഷ്ണയ്യർക്ക് കെട്ടിവച്ച കാശുപോലും നഷ്ടപ്പെട്ടു. വമ്പിച്ച ഭൂരിപക്ഷത്തോടെ പാട്യം തെരഞ്ഞെടുക്കപ്പെട്ടെങ്കിലും നിയമസഭയിൽ എത്തിയില്ല. രൂപീകരിക്കപ്പെടുംമുമ്പ് സഭ പിരിച്ചുവിട്ടു. തുടർന്ന് 1967ൽ തലശേരിയിൽനിന്ന് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒരു യഥാർഥ കമ്യൂണിസ്റ്റുകാരന് ചേർന്നവിധം പാർലമെന്റ് സമരവേദിയാക്കി മാറ്റിയ പാട്യം എതിരാളികളുടെപോലും സ്‌നേഹാദരം പിടിച്ചുപറ്റി. ജനകീയ പ്രശ്‌നങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുന്നതിലും പരിഹാരം കണ്ടെത്തുന്നതിലും വൈഭവം പ്രകടിപ്പിച്ചു. തൊഴിലില്ലായ്മക്കെതിരെ കെഎസ്‌വൈഎഫ് ഡൽഹിയിൽ നടത്തിയ സമരത്തിന് നേതൃത്വം നൽകി തിഹാർ ജയിലിൽ അടയ്ക്കപ്പെടുകയുമുണ്ടായി. 1977ൽ തലശേരിയിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 

1972ൽ തലശേരിയിൽ വർഗീയ കലാപം കത്തിപ്പടർന്നപ്പോൾ അത് നേരിടാനിറങ്ങിയ സിപിഐ എം-കെഎസ്‌വൈഎഫ് പ്രവർത്തകർക്ക് ധീരമായ നേതൃത്വം നൽകി. അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തിലേറെ ഒളിവിൽ കഴിഞ്ഞ് ജില്ലയിലെ പാർടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 

1978ൽ പാർടിക്കെതിരെ അവിഭക്ത കണ്ണൂർ ജില്ലയിൽ ആർഎസ്എസ്സുകാർ വ്യാപക അക്രമമഴിച്ചുവിട്ടു. കാഞ്ഞങ്ങാട് മാവുങ്കാലിൽ ആർഎസ്എസ് അക്രമത്തിൽ പ്രതിഷേധിച്ച് നടന്ന പൊതുയോഗത്തിലാണ് പാട്യം അവസാനമായി പ്രസംഗിച്ചത്.  തിരിച്ചുവന്ന് അൽപസമയത്തിനകം അന്തരിച്ചു.  അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതവും വിശ്രമരഹിത പ്രവർത്തനവും സഖാവിനെരോഗിയാക്കിയിരുന്നു.

ജനജീവിതം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് നാം പാട്യം സ്മരണ പുതുക്കുന്നത്. വൻ അഴിമതിയിൽ മുങ്ങിക്കുളിച്ച് മുഖം നഷ്ടപ്പെട്ട യുപിഎ സർക്കാർ ജനജീവിതം തീർത്തും ദുരിതമാക്കിയിരിക്കുകയാണ്. വിലക്കയറ്റം ഉൾപ്പെടെയുള്ള ദ്രോഹനടപടികൾ അസഹ്യമാണ്. കേരളത്തിലാകട്ടെ, എൽഡിഎഫ് സർക്കാർ നടപ്പാക്കിയ എല്ലാ ക്ഷേമ-വികസന പ്രവർത്തനങ്ങളും ഉമ്മൻചാണ്ടി സർക്കാർ അട്ടിമറിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകാരുടെ കേന്ദ്രമായി മാറിയിരിക്കുന്നു. ജനകീയ സമരങ്ങൾക്കുനേരെ പൊലീസിന്റെ അതിക്രമമാണ് അരങ്ങേറുന്നത്.