ജില്ലയിലെ കർഷക പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളിലൊരാളും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.  പാർടിയുടെ മട്ടന്നൂർ ഏരിയാ സെക്രട്ടറിയായി ദീർഘനാൾ പ്രവർത്തിച്ച സ. പി പി കർഷകസംഘം ജില്ലാ ട്രഷററുമായിരുന്നു. 16 വർഷം മാലൂർ പഞ്ചായത്ത് പ്രസിഡന്റായും ജില്ലാ കൗൺസിൽ അംഗമായും പ്രവർത്തിച്ചു. 

മാലൂർ തോലമ്പ്രയിൽ ജനിച്ച പി പി  കർഷകസമരത്തിൽ പങ്കെടുത്ത് 1943 ൽ അച്ഛൻ കുഞ്ഞിരാമനോടൊപ്പം ഒന്നര വർഷം ജയിൽ ശിക്ഷയനുഭവിച്ചു. 1948 ൽ പഴശിയിലും തില്ലങ്കേരിയിലും നടന്ന കർഷക സമരങ്ങളിലും സജീവപങ്കാളിയായി. അക്കാലത്ത് മട്ടന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ രഹസ്യമായി നടത്തിയിരുന്ന വളണ്ടിയർ ക്യാമ്പുകളുടെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു. കൊട്ടിയൂർ കുടിയിറക്കിനെതിരെ 1960 ൽ നടന്ന സമരത്തിന് നേതൃത്വം നൽകി. 1952 ഫെബ്രുവരിയിലാണ്  പി പി കമ്യൂണിസ്റ്റ് പാർടി മാലൂർ സെല്ലിൽ അംഗമായത്. 1960 ൽ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയംഗം. പാർടി പിളർന്നപ്പോൾ സിപിഐ എം കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ആക്ടിങ് സെക്രട്ടറി. ഏഴാം പാർടി കോൺഗ്രസിന്റെ ഭാഗമായി നടന്ന ജില്ലാ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗമായി. 1978 ൽ സിപിഐ എം മട്ടന്നൂർ ഏരിയാ കമ്മിറ്റി നിലവിൽ വന്നതുമുതൽ 1991 വരെ സെക്രട്ടറി.