സ. പാണ്ട്യാല ഗോപാലൻ മാസ്റ്റർ മരിക്കുമ്പോൾ സിപിഐ എം തലശേരി ഏരിയാ കമ്മിറ്റി അംഗമായിരുന്നു. പിണറായിയിലെ ചാത്തു-മാത ദമ്പതികളുടെ മകനായി 1920 ഏപ്രിലിൽ ജനിച്ചു. വിദ്യാർഥിയായിരിക്കുമ്പോൾ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി. 1937 ൽ കോട്ടയം താലൂക്ക് കോൺഗ്രസ് കമ്മിറ്റി അംഗം. തുടർന്ന് സോഷ്യലിസ്റ്റ് ആശയഗതിക്കാരനായി. 

കോട്ടയം രാജാവിന്റെ കർഷകദ്രോഹ നയത്തിനെതിരെ കർഷകമാർച്ച് സംഘടിപ്പിക്കുന്നതിൽ മുൻനിന്ന് പ്രവർത്തിച്ചു. 1939 ൽ കമ്യൂണിസ്റ്റ് പാർടിയുടെ പാറപ്രം സമ്മേളനത്തിന്റെ വിജയത്തിന് ത്യാഗപൂർവം പ്രവർത്തിച്ചു. തലശേരി ജവഹർഘട്ടിൽ 1940 സെപ്തംബർ 15 ന് അബുവും ചാത്തുക്കുട്ടിയും വെടിയേറ്റ് മരിച്ചപ്പോൾ പൊലീസിന്റെ വേട്ട വകവയ്ക്കാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 12 പൊതുയോഗങ്ങളിൽ പ്രസംഗിച്ചു. പാർടി നിർദേശപ്രകാരം  അധ്യാപക പരിശീലനം നേടി ജോലിയിൽ പ്രവേശിച്ചു. പാർടി നിരോധിക്കപ്പെട്ട 1948ൽ പാണ്ട്യാലക്ക് പൊലീസിന്റെ ക്രൂരമർദനം ഏറ്റു. ജയിലിലടക്കുകയും ചെയ്തു. അടിയന്തരാവസ്ഥയിലും ജയിലിലടച്ചു.   

ദീർഘകാലം പിണറായി പഞ്ചായത്ത് പ്രസിഡന്റ്, ദിനേശ് ബീഡി കേന്ദ്രസംഘം ഡയറക്ടർ, പിണറായി ദിനേശ് സംഘം പ്രസിഡന്റ്, തലശേരി കോ-ഓപ്പ് ടൗൺ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.