1972 ജൂലൈ രണ്ടിനാണ് സ. വി വി കുഞ്ഞമ്പു വിട്ടുപിരിഞ്ഞത്. ജീവിതം കമ്യൂണിസ്റ്റ്-കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കാൻ വിനിയോഗിച്ച സമാരാധ്യമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.

വടക്കെ മലബാറിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളിലൊരാളായ ഇദ്ദേഹം ദേശീയ സ്വാതന്ത്ര്യസമരത്തിലൂടെ രാഷ്ട്രീയത്തിൽ എത്തി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ  സമരത്തിൽ പങ്കാളിയായി. പിന്നീട് കമ്യൂണിസ്റ്റ് പാർടിയിലും പാർടി ഭിന്നിച്ചപ്പോൾ സിപിഐ എമ്മിലും ഉറച്ചുനിന്നു. നീലേശ്വരം നിയോജക മണ്ഡലത്തിൽനിന്ന് രണ്ടു പ്രാവശ്യം നിയമസഭയിലേക്ക് വമ്പിച്ച ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. 1965 ൽ ചൈന പ്രശ്‌നവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുമ്പോഴാണ് വിജയം. കർഷക- തൊഴിലാളി മേഖലകളിൽ ഒരുപോലെ മികവു തെളിയിച്ച സംഘാടകനായിരുന്നു  വി വി. ഹൊസ്ദുർഗ് താലൂക്കിൽ തോട്ടം തൊഴിലാളി സംഘടന കെട്ടിപ്പടുക്കുന്നതിനും നേതൃത്വം നൽകി.

ദീർഘകാലം ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ആവേശോജ്വല നാളുകളെക്കുറിച്ച് കയ്യൂർ സമരചരിത്രത്തിൽ വി വി എഴുതിയിട്ടുണ്ട്. നാടുവാഴിത്ത മർദന നടപടികൾക്കെതിരെ കമ്യൂണിസ്റ്റ് പാർടിയും കർഷക പ്രസ്ഥാനവും നടത്തിയ ധീരോദാത്ത ചെറുത്തുനിൽപ്പിന്റെ ചിത്രം ഈ പുസ്തകത്തിൽ കാണാം.

ബിഎ പാസായ വി വിക്ക് ജോലി നേടുക അന്ന് പ്രയാസമായിരുന്നില്ല. എന്നാൽ വ്യക്തിതാൽപര്യവും കുടുംബതാൽപര്യവും ഉപേക്ഷിച്ച് ജീവിതം സാധാരണ ജനങ്ങൾക്കുവേണ്ടി സമർപ്പിച്ചു.  ഒളിവിലും ജയിലിലും വർഷങ്ങളോളം കഴിയേണ്ടിവന്നു. പുതിയ തലമുറക്ക് വി വിയുടെ രാഷ്ട്രീയജീവിതം മഹത്തായ പാഠമാണ്.