എടക്കാട് മേഖലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് ത്യാഗപൂർവം പ്രവർത്തിച്ച സഖാവായിരുന്നു വി കെ രാഘവൻ. സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായി പൊതുപ്രവർത്തനത്തിന് ഇറങ്ങി. 16ാം വയസിൽ കമ്യൂണിസ്റ്റ് പാർടി പ്രവർത്തകനായി. ഒളിവിലുള്ള നേതാക്കൾക്ക് സന്ദേശങ്ങൾ കൈമാറുന്നതിനാണ് ആദ്യമായി നിയോഗിച്ചത്. 194118 വയസ് പൂർത്തിയായതോടെ ചെറുമാവിലായി പാർടി സെല്ലിൽ അംഗമായി. ചൈനീസ് വിപ്ലവം വിജയിച്ച 1949ൽ പെരളശേരിയിൽ ആഹ്ലാദപ്രകടനം നടത്തിയതിന് മൂന്നുമാസം തടവ്. കോഴിക്കോട് സബ്ജയിലിൽ ഭീകരമർദനം. കമ്യൂണിസ്റ്റ് പാർടി മാവിലായി വില്ലേജ് സെക്രട്ടറി, എടക്കാട് ഏരിയാസെക്രട്ടറി, പെരളശേരി പഞ്ചായത്ത് പ്രസിഡന്റ്, 26 വർഷം മൗവ്വഞ്ചേരി റൂറൽ ബാങ്ക് പ്രസിഡന്റ്, കണ്ണൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ, പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എന്നിങ്ങനെ നിരവധി ചുമതലകൾ നിർവഹിച്ച് പൊതുരംഗത്ത് നിറഞ്ഞുനിന്നു. 85-ാം വയസിൽ മരിക്കുമ്പോൾ പെരളശേരി ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. 67 വർഷം പാർടി അംഗമായി ജീവിതം പാർടി പ്രവർത്തനമാക്കി മാറ്റിയ വി കെ രാഘവൻ പുതുതലമുറക്ക് എന്നും ആവേശമാണ്.