പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും സമാദരണീയ കമ്യൂണിസ്റ്റ് നേതാവുമായിരുന്നു കെ പി ആർ രയരപ്പൻ. 2007 മെയ് ഒമ്പതിനാണ് തൊണ്ണൂറ്റാറുവർഷത്തെ ഇതിഹാസതുല്യമായ ആ ജീവിതത്തിന് വിരാമമായത്.

കല്യാശേരി അധികാരിയുടെ മകനായി എല്ലാവിധ സുഖസുഭിക്ഷിതയിലും ജനിച്ചുവളർന്നിട്ടും ജീവിതം നിസ്വവർഗത്തിന്  സമർപ്പിച്ച ത്യാഗധനൻ; ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കൽത്തുറുങ്കുകളെ തൃണവൽഗണിച്ച് സാമൂഹ്യമാറ്റത്തിന് അടരാടിയ വിപ്ലവകാരി; വിവാഹ ജീവിതം വേണ്ടെന്നുവച്ച് പുരുഷായുസ് മുഴുവൻ നാടിനും ജനങ്ങൾക്കും വേണ്ടി ജീവിച്ച സാത്വികൻ; അനന്യസാധാരണ ഹൃദയനൈർമല്യത്തോടെ ഏവരെയും തന്നിലേക്കാവാഹിച്ച ജനനേതാവ്... കെ പി ആർ രയരപ്പൻ എന്ന മഹാനായ കമ്യൂണിസ്റ്റ് നേതാവിന്റെ പ്രാഭവത്തിനു മുന്നിൽ ഇത്തരം വിശേഷണങ്ങൾ അപ്രസക്തം.

ഹൈസ്‌കൂൾ വിദ്യാർഥിയായിരിക്കെ പതിനഞ്ചാം വയസിൽ, അതുല്യ വിപ്ലവകാരിയായ ജ്യേഷ്ഠൻ കെ പി ആർ ഗോപാലന്റെ പാത പിൻപറ്റി  രയരപ്പേട്ടൻ ദേശീയ പ്രസ്ഥാനത്തിലെത്തി. 1930 കളിലെ നിയമലംഘന പ്രസ്ഥാനത്തിലും കള്ളുഷാപ്പ് പിക്കറ്റിങ്ങിലും വിദേശവസ്ത്ര ബഹിഷ്‌കരണത്തിലും സജീവ പങ്കുവഹിച്ചു. ക്രമേണ കർഷകസംഘത്തിന്റെയും കമ്യൂണിസ്റ്റ് പാർടിയുടെയും ഉശിരൻ പ്രവർത്തകനും നേതാവുമായി. ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതിരൂപമായിരുന്നു എട്ട് പതിറ്റാണ്ടു നീണ്ട ആ പൊതുജീവിതം. പലതവണ അതിഭീകര പൊലീസ് മർദനത്തിന് വിധേയനായി. ഏഴുവർഷം ജയിലിലും അഞ്ചുമാസം ഒളിവിലും കഴിയേണ്ടിവന്നു. 

അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യ സംസ്ഥാന കമ്മിറ്റി അംഗം, കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം, വടകര താലൂക്ക് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച രയരപ്പേട്ടൻ ദീർഘകാലം സിപിഐ എം മാടായി ഏരിയാ കമ്മിറ്റി അംഗമായിരുന്നു. ഒളിവിലായിരിക്കെ പി കൃഷ്ണപിള്ളയുടെ നിർദേശപ്രകാരം കുറേക്കാലം വള്ളുവനാട്ടിലും പ്രവർത്തിച്ചു. അറിയപ്പെടുന്ന സഹകാരിയും കേരളത്തിൽ സഹകരണപ്രസ്ഥാനത്തിന് ബീജാവാപം ചെയ്ത നേതാക്കളിൽ പ്രമുഖനുമാണ്. പാപ്പിനിശേരി സഹകരണ റൂറൽ ബാങ്കിന്റെ  സ്ഥാപകൻ. 40 വർഷം പ്രസിഡന്റായും പ്രവർത്തിച്ചു. കല്യാശേരി പഞ്ചായത്ത് പ്രസിഡന്റ്, ഹാൻവീവ് ചെയർമാൻ തുടങ്ങി പാർടി ഏൽപ്പിച്ച ഒട്ടേറെ ചുമതലകളും സ്തുത്യർഹമായി നിർവഹിച്ചു.