ചരിത്രപ്രസിദ്ധമായ പാറപ്രം സമ്മേളനത്തിന്റെ സംഘാടകരിൽ പ്രധാനിയും സ്വാതന്ത്ര്യപോരാളിയുമായിരുന്നു മൂർക്കോത്ത് കുഞ്ഞിരാമൻ. തലശേരി താലൂക്കിൽ കമ്യൂണിസ്റ്റ്- കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ത്യാഗപൂർവം പ്രവർത്തിച്ച ആദ്യകാല നേതാക്കളിൽ പ്രമുഖനാണ്  മൂർക്കോത്ത്.

1940 സെപ്തംബർ 15ന് തലശേരി ജവഹർഘട്ടിൽ നടന്ന സാമ്രാജ്യത്വ വിരുദ്ധചെറുത്തുനിൽപിന്റെ മുന്നണിപ്പോരാളിയായിരുന്നു. ജയിലിലും ഒളിവിലുമായി ഏറെക്കാലം കഴിഞ്ഞു. സേലം ജയിൽ വെടിവയ്പ് വേളയിൽ ആശുപത്രിയിലായതിനാലാണ് രക്ഷപ്പെട്ടത്. അവിഭക്ത കമ്യൂണിസ്റ്റ് പാർടി താലൂക്ക് കമ്മിറ്റി അംഗമായും അന്ത്യംവരെ സിപിഐ എമ്മിലും സജീവമായി പ്രവർത്തിച്ചു.