സംസ്ഥാന ജീവനക്കാരുടെ അമരക്കാരനും സിപിഐ എം നേതാവും മികച്ച നിയമസഭാ സാമാജികനും ശ്രദ്ധേയ ഭരണാധികാരിയുമായിരുന്നു സ. ടി കെ ബാലൻ. മൂന്ന് പതിറ്റാണ്ട് എൻജിഒ യൂണിയൻ നേതൃത്വത്തിൽ പ്രവർത്തിച്ചു. ജീവനക്കാരുടെ പ്രക്ഷോഭശക്തി നിർണായകമാക്കുന്നതിൽ  വലിയ  പങ്ക് വഹിച്ചു. പൊതുരംഗത്ത് സജീവമായി മികച്ച ഭരണാധികാരിയായും സാമാജികനായും കഴിവ് തെളിയിച്ചു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം, കേന്ദ്ര കൺട്രോൾ കമീഷനംഗം തുടങ്ങിയ ചുമതലകളിൽ പ്രവർത്തിക്കവെയാണ് വിയോഗം.

മദിരാശി മൃഗസംരക്ഷണവകുപ്പിൽ ലൈവ്‌സ്‌റ്റോക്ക് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ച ബാലൻ  എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി. യൂണിയൻ ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചു. 1990ൽ കണ്ണൂർ ജില്ലാ കൗൺസിലിലേക്ക് മത്സരിക്കുന്നതിന് ജോലി രാജിവച്ചു.

 ജില്ലാ കൗൺസിൽ പ്രസിഡന്റായിരിക്കെ കോൺഗ്രസ് അക്രമ രാഷ്ട്രീയത്തിന് ഇരയായ കുടുംബമാണ് ടി കെയുടേത്.  ഔദ്യോഗിക വസതിയിൽ ഗുണ്ടാസംഘം നടത്തിയ ബോംബേറിൽ മകന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടു. ഭാര്യക്കും ഗുരുതര പരിക്കേറ്റു. പാർടിയെ തകർക്കുന്നതിന് നേതാക്കളെയും കുടുംബാംഗങ്ങളെയും വകവരുത്തുകയെന്ന എതിരാളികളുടെ  നിലപാടിനെ അതിജീവിച്ചാണ് അദ്ദേഹം പൊതുരംഗത്ത് ഉറച്ചു നിന്നത്.