സിപിഐ എമ്മിന്റെയും കർഷകസംഘത്തിന്റെയും സമുന്നത നേതാവായിരുന്നു കെ കെ കുഞ്ഞനന്തൻ നമ്പ്യാർ. 1930കളുടെ പകുതിയിൽ കർഷകസംഘത്തിലൂടെ കമ്യൂണിസ്റ്റ് പാർടിയിലെത്തിയ അദ്ദേഹത്തിന്റെ ജീവിതം പാർടിക്കുവേണ്ടി സമർപ്പിച്ചതായിരുന്നു.  

 കണ്ടക്കൈ സമരത്തിന്റെ നായകരിൽ ഒരാളായ കെ കെ മോറാഴ സമരത്തിലും പങ്കെടുത്തു. കണ്ടക്കൈ സമരത്തെ തുടർന്ന് പിടിയിലായപ്പോൾ അതിഭീകരമായി മർദനമേറ്റ് കണ്ണിന് ഗുരുതരമായി പരിക്കേറ്റു. മിച്ചഭൂമി സമരത്തോടനുബന്ധിച്ചും ജയിൽവാസം അനുഭവിച്ചു.  

പാടിക്കുന്നിൽവച്ച് വെടിവച്ചുകൊല്ലാൻ എംഎസ്പിക്കാർ തീരുമാനിച്ചവരിൽ ഒരാൾ കെ കെയായിരുന്നു. ജാമ്യത്തിലിറക്കാൻ സാധിക്കാത്തതിനാൽ എംഎസ്പിക്കാർക്ക് ഈ വിപ്ലവകാരിയെ ഇല്ലാതാക്കാനായില്ല. അടിയന്തരാവസ്ഥക്കാലത്ത് പൊലീസിന്റെ ഭീകര മർദനത്തിൽ കെ കെയുടെ മുൻവരിയിലെ അഞ്ച് പല്ലുകൾ കൊഴിഞ്ഞുപോയി.  

സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായി പ്രവർത്തിച്ച കെ കെയുടെ ജീവിതത്തിൽനിന്ന് അടർത്തിമാറ്റാനാകാത്തതായിരുന്നു ദേശാഭിമാനി. 1942ൽ വാരികയായി പുറത്തിറങ്ങിയതുമുതൽ മരണംവരെ ദേശാഭിമാനി ഏജന്റായിരുന്നു. യാത്രാസൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്തും കോഴിക്കോട്ടുവരെ ചെന്ന് പത്രക്കെട്ട് കൊണ്ടുവന്ന് ഇരിക്കൂർ ഫർക്കയിലാകെ വിതരണം ചെയ്ത അദ്ദേഹം ദേശാഭിമാനിയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു. പത്രത്തിന്റെ പ്രാദേശിക ലേഖകനായും പ്രവർത്തിച്ചു. 32 വർഷം മയ്യിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.