നൂറ്റാണ്ട് പിന്നിട്ട മലബാറിന്റെ ആവശ്യമാണ് തലശേരിയിൽ നിന്ന് മൈസൂരുവിലേക്കുള്ള റെയിൽപാത. ബ്രിട്ടീഷ് ഭരണകാലം തൊട്ട് സജീവമായി പരിഗണിച്ചതാണെങ്കിലും പല കാരണങ്ങളാൽ നീണ്ടുപോയ പദ്ധതി പ്രതീക്ഷയുടെ ട്രാക്കിലാണിപ്പോഴുള്ളത്. തലശേരിയിൽ നിന്ന് മൈസൂരുവിലേക്കുള്ള തീവണ്ടിയുടെ ചൂളംവിളിക്ക് കേരളം കാതോർത്ത് നിൽക്കുകയാണിപ്പോൾ. പിണറായിവിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാനസർക്കാർ ഇക്കാര്യത്തിൽ കാണിക്കുന്ന നിശ്ചയദാർഢ്യത്തോടെയുള്ള ഇടപെടലിനൊപ്പം കേന്ദ്രസർക്കാരും പച്ചക്കൊടി വീശിയാൽ മൈസൂരു പാത സാക്ഷാത്കരിക്കപ്പെടും.

മലബാറിന്റെ വികസനത്തിൽ നാഴികകല്ലായി മാറുമായിരുന്ന വികസനപദ്ധതി ഒന്നാമത് ലോകസഭയിൽ മഹാനായ എകെജിയാണ് ഉന്നയിച്ചത്. നെട്ടൂർ പി ദാമോദരൻ ഉൾപ്പെടെ മലബാറിൽ നിന്നുള്ള എംപിമാരും സമ്മർദ്ദശക്തിയായി മാറുകയുണ്ടായി. അന്നത്തെ റെയിൽവെ മന്ത്രി ലാൽബഹദൂർശാസ്ത്രി മൈസൂരു മുതൽ തലശേരിവരെ യാത്ര നടത്തുകയും തലശേരിയിലെ പൊതുസമ്മേളനത്തിൽ തലശേരി-മൈസൂരു പാത സാക്ഷാത്കരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. 'തലശേരിക്കാർക്കും മലബാറുകാർക്കും തലശേരി-മൈസൂർ റെയിൽവെ എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് തനിക്ക് പര്യടനത്തിൽ മനസിലായെന്ന് കേന്ദ്രമന്ത്രി മറുപടി പ്രസംഗത്തിൽ പറഞ്ഞിരുന്നു. സർവെഒഴിച്ചാൽ പാതക്കുവേണ്ടിയുള്ള കാര്യക്ഷമമായ നടപടിയുണ്ടായില്ല.
ഓരോ ബജറ്റ് വരുമ്പോഴും പ്രതീക്ഷയോടെ മലബാർ കാത്തിരുന്ന പദ്ധതിയാണ് മൈസൂർ പാത. നഷ്ടത്തിന്റെയും പരിസ്ഥിതിയുടെയും പേരിൽ പലവട്ടം തഴയപ്പെട്ടു. കോടിയേരിബാലകൃഷ്ണൻ'ആഭ്യന്തരമന്ത്രിയും അഡ്വ പി സതീദേവി ലോകസഭാംഗമാവുകയും ചെയ്തഘട്ടത്തിൽ തലശേരി കേന്ദ്രമായി ആക്ഷൻകമ്മിറ്റി രൂപീകരിക്കുകയും പാർലിമെണ്ടിലും നിയമസഭയിലും പലവട്ടം ഈ ആവശ്യം ചർച്ച ചെയ്യുകയുമുണ്ടായി. കണ്ണൂർ വിമാനത്താവള ശിലാസ്ഥാപനചടങ്ങിലും മൈസൂരു പാതയുടെ ആവശ്യകത പലരും എടുത്തുപറഞ്ഞു. വിവിധ സംഘടനകളും കർമ്മസമിതികളും പലവട്ടം നിവേദനം നൽകിയെങ്കിലും കാര്യമായ ചലനമുണ്ടായില്ല.

സി എം ഇബ്രാഹിം കേന്ദ്രമന്ത്രിയായപ്പോഴും മൈസൂരു പാത സജീവമായി ചർച്ചചെയ്യപ്പെട്ടു. കൂർഗ്ഗ് വഴി തലശേരി-മൈസൂരുപാതക്ക് ട്രാഫിക് സർവ്വെ നടത്താൻ 1993ൽ റെയിൽവെ ഉത്തരവും പുറപ്പെടുവിച്ചു. സാമ്പത്തികമായി ലാഭകരമാവില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൈയൊഴിഞ്ഞു. 1996 വീണ്ടും സർവ്വെ നടത്തി. ഇതിനകം അഞ്ച്സർവ്വെ റിപ്പോർട്ടുകളെങ്കിലും മൈസൂരു പാതക്കായി പുറത്തുവന്നിട്ടുണ്ട്. സർവ്വകക്ഷി ആക്ഷൻകമ്മിറ്റിയുടെ നിരന്തര സമ്മർദത്തെ തുടർന്ന് 2007ൽ വീണ്ടും സർവ്വേക്ക് ഉത്തരവുണ്ടായി. തലശേരിയിൽ നിന്ന് 298 കിലോമീറ്റർ ദൂരവും 2945 കോടിരൂപ ചെലവും പ്രതീക്ഷിക്കുന്നതായാണ് പത്ത് വർഷംമുമ്പ് കണക്കാക്കിയത്. ലാഭകരമല്ലെന്ന് പറഞ്ഞ് റെയിൽവെ ബോർഡ്് റിപ്പോർട്ട് തള്ളി.

മൈസൂരു പാത പാടേ ഒഴിവാക്കുന്ന ഘട്ടത്തിലാണ് എൽഡിഎഫ് സർക്കാർ സംസ്ഥാനത്ത് അധികാരത്തിലെത്തുകയും പദ്ധതി സജീവമായി പരിഗണിക്കുകയും ചെയ്തത്. കഴിഞ്ഞ നിയമസഭതെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനംചെയ്ത പദ്ധതികളിലൊന്നായിരുന്നു തലശേരി-മൈസൂരു പാത. പതിറ്റാണ്ടുകളായി ആർക്കും സാധ്യമാവാതിരുന്നതാണ് സംസ്ഥാന സർക്കാർ യാഥാർഥ്യമാക്കാൻ ശ്രമിക്കുന്നത്. കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ (കെആർഡിസി) കൊങ്കൺ റെയിൽവെയെ പ്രായോഗികത പഠനവും വിശദമായ പദ്ധതി റിപ്പോർട്ടും (ഡിപിആർ) തയാറാക്കാൻ ചുമതലപ്പെടുത്തുകയും ഡിപിആർ തയാറാക്കി റെയിൽവെ ബോർഡിന് കഴിഞ്ഞ ഡിസംബർ 30ന് സമർപ്പി്ച്ചിരിക്കുകയുമാണ്. കേന്ദ്രബജറ്റിന് മുൻപ്് പദ്ധതി റെയിൽവെ ബോർഡിന്റെ വികസന മുൻഗണനപട്ടികയായ പിങ്ക്ബുക്കിൽ ഉൾപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അതിവേഗത്തിൽ മൈസൂരു പാതയുടെ ഡിപിആർ തയാറാക്കി സമർപ്പിച്ചത്. നാഗർഹോള, വയനാട് വന്യജീവി സങ്കേതങ്ങൾ പൂർണമായും ഒഴിവാക്കി കേരളം സമർപ്പിച്ച പ്രാഥമിക രൂപരേഖ കർണാടകസർക്കാരും അംഗീകരിച്ചതാണ്. കർണാകടക-കേരള സർക്കാ രുകൾ സംയുക്തമായി പദ്ധതിക്കായി ആവശ്യം ഉന്നയിക്കുകയാണ്.

കെആർഡിസി-റെയിൽവെ സംയുക്ത പദ്ധതിയായാണ് തലശേരി-മൈസൂരു പാത വിഭാവനംചെയ്യുന്നത്. പെരിയപട്ടണ, തിത്തിമത്തി, ബലാൽ, ശ്രീമംഗല, കുട്ട, തിരുനെല്ലി അപ്പപ്പാറ, തൃശിലേരി, മാനന്തവാടി, തലപ്പുഴ, വരയാൽ, തൊണ്ടർനാംട്, ചെറുവാഞ്ചേരി, കൂത്തുപറമ്പ്, കതിരൂർ, വഴി തലശേരിയിലെത്തുന്ന നിർദിടഷ്ട പാതക്ക് 240 കിലോമീറ്റർ ദൈർഘ്യവും 5,052 കോടി രൂപ ചെലവുമാണ് പ്രതീക്ഷിക്കുന്നത്. സൗത്ത് വെസ്റ്റേൺ റെയിൽവെ യുടെ 2018-19 ലെ പദ്ധതിയിൽ മൈസൂരു-മടിക്കേരി റെയിൽവെ നിർദേശിക്കപ്പെട്ട സാഹചര്യത്തിൽ ആ പാതയുമായി പെരിയപട്ടണത്തുനിന്ന് തലശേരിപാതയെ ബന്ധിപ്പിക്കാനും സാധിക്കും. റെയിൽവെ ഭൂപടത്തിൽ വയനാട് ജില്ലയും ഇടംതേടുന്നുവെന്നതാണ് തലശേരി-മൈസൂരു പാതയുടെ നിരവധി നേട്ടങ്ങളിലൊന്ന്.

യാത്രക്കാർക്ക്് മുന്നിലും മൈസൂർ പാത വലിയ സാധ്യതകളാണ് തുറക്കുന്നത്. കണ്ണൂരിൽ നിന്ന് ബംഗളുരുവിലേക്ക് റെയിൽവെ മാർഗമുള്ള ദൂരം ഗണ്യമായി കുറയും. മഴക്കാലത്ത് കൊങ്കൺ പാതയിൽ യാത്രാതടസമുണ്ടാവുമ്പോൾ സമാന്തരപാതയായും ഇതുപയോഗിക്കാം. ഹൈദരാബാദ്, തിരുപ്പതി, ഹൗറ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് നേരിട്ട് ട്രെയിൻ സർവ്വീസ് ആരംഭിക്കാം. വലിയപാലങ്ങളും ടണലുകളും ആവശ്യമില്ലെന്നത് പാതയുടെ അനുകൂലഘടകമാണ്. ബംഗളൂരു, മൈസൂരു നഗരങ്ങളിൽ പഠിക്കുകയും ഐടിമേഖലയിലും മറ്റും ജോലിചെയ്യുകയും ചെയ്യുന്നവർക്കും ഏറെ സൗകര്യപ്രദമാണ് പുതിയപാത. വിനോദസഞ്ചാര വികസനത്തിനും അനന്തസാധ്യതയാണ് മൈസൂരു പാത തുറന്നിടുന്നത്. മൈസൂരു കൊട്ടാരം, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, കൊട്ടിയൂർ, പറശിനിക്കടവ്, പൈതൃകനഗരിയായി തലശേരി എന്നിവയെ ബന്ധിപ്പിച്ച് വിനോദസഞ്ചാര ഇടനാഴിയായും ഈ പാത മാറും. കണ്ണൂർ വിമാനതാവളത്തിലേക്ക് കർണായടകത്തിൽ നിന്ന് എളുപ്പം എത്താനാവും.

ഷൊർണൂരിനും മംഗലാപുരത്തിനുമിടയിലെ പ്രധാനജങ്ഷനായും തലശേരിമാറും. ജങ്ഷനായി വികസിപ്പിക്കാനാവശ്യമായ സ്ഥലസൗകര്യം ഇപ്പോൾ തന്നെ തലശേരിയിലുണ്ട്. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന് ദിവസേന മൈസൂരുവിലേക്ക് ആയിരങ്ങളാണ് യാത്രചെയ്യുന്നത്. ഏറ്റവും കൂടുതൽ ചരക്ക് ഗതാഗതം നടക്കുന്ന റൂട്ടെന്ന പ്രത്യേകതയും ഈ പാതക്കുണ്ട്. പൂവു മുതൽ പച്ചക്കറിയും പലവ്യജ്ഞനങ്ങളും ഉൾപ്പെ ടെ ലോറിമാർഗ മാണിപ്പോൾ കർണാടകത്തിൽ നിന്ന് മലബാറിലെത്തുന്നത്. ചരക്കുഗതാഗതമേഖലയിലും മൈസൂരു പാതക്ക് നേട്ടംകൈവരിക്കാനാവും. നിലവിൽ യാത്രക്ക് ട്രാൻസ്‌പോർട്ട് -സ്വകാര്യബസുകളാണ് ആശ്രയം. കിഴക്കൻ മലയോരങ്ങളിൽ നിന്നുള്ള സുഗന്ധദ്രവ്യങ്ങൾ ഒരു കാലത്ത് യൂറോപ്യൻ നാടുകളിലെത്തിയത് തലശേരിവഴിയായിരുന്നു. അത്തരമൊരു ചരിത്രപാരമ്പര്യവും മൈസൂരു പാതക്കുണ്ട്.

തലശേരി-മൈസൂരു പാത യാഥാർഥ്യ മാക്കാൻ ഇഛാശക്തിയോടെ ഇടപെടുന്ന സംസ്ഥാന സർക്കാരിനെ ജില്ല സമ്മേളനം അഭിവാദ്യംചെയ്യുന്നു. മലബാറിന്റെ വികസനകുതിപ്പിന് ഏറെ സഹായകമാവുന്ന തലശേരി-മൈസൂരു പാത ഇത്തവണത്തെ കേന്ദ്രബജറ്റിൽ ഉൾപ്പെനടുത്തി അംഗീകാരം നൽകാലനും എത്രയും വേഗം പ്രവൃത്തി ആരംഭിക്കാനും തയാറാകണമെന്ന് സമ്മേളനം കേന്ദ്രസർക്കാരിനോട് അഭ്യർഥിക്കുന്നു.

അവതരിപ്പിച്ചത് പി. പുരുഷോത്തമൻ