കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം പി കെ നാരായണൻ മാസ്റ്റർ (79) നിര്യാതനായി. മാടായി, പാപ്പിനിശ്ശേരി പാർട്ടി ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചിരുന്നു. കെ.പി.ടി.യു ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കെ.എസ്.ടി.എ രൂപീകരണത്തെ തുടർന്ന് സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയുണ്ടായി. തുടക്കം മുതൽ കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ലൈബ്രറി കൗൺസിൽ മുൻ ജില്ലാ സെക്രട്ടറിയും റെയ്ഡ്‌കോ മുൻ ചെയർമാനുമായിരുന്നു. സംസ്‌കാരം വൈകീട്ട് അഞ്ചിന് നെരുവമ്പ്രം പൊതു ശ്മശാനത്തിൽ. പകൽ 1 മണി വരെ കണ്ണൂർ എ.കെ.ജി ഹാളിലും, 2 മണി വരെ ചെറുകുന്ന് തറയ്ക്കുള്ള പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി ഓഫീസായ ഇ.കെ. നായനാർ സ്മാരക മന്ദിരത്തിലും 2.30 മണി മുതൽ 4 മണി വരെ മാടായി ഏരിയ കമ്മിറ്റി ഓഫീസിലും പൊതു ദർശനത്തിന് വെക്കും.

ഭാര്യ പുഷ്പവല്ലി. മക്കൾ മനോജ്(എസ്ബിഐ), വിനോദ്(ബിസിനസ്സ്), ബിന്ദു. മരുമക്കൾ അനുരൂപ, സോന, വൽസലൻ(എഞ്ചിനീയർ, കെഎസ്ഇബി). സഹോദരങ്ങൾ. പി കെ രാംദാസൻ, ശിവദാസൻ.

എകെജി ആശുപത്രി വൈസ് പ്രസിഡന്റ്, മാടായി കോ-ഓപ്പ്. റൂറൽ ബാങ്ക് പ്രസിഡന്റ്, ഏഴോം സർവ്വീസ് സഹകണ ബേങ്ക് പ്രസിഡന്റ്, നെരുവമ്പ്രം എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സൊസൈറ്റിയുടെ നിലവിലുള്ള പ്രസിഡന്റുമാണ്. നെരുവമ്പ്രം ഗാന്ധി സ്മാരക ലൈബ്രറിയുടെ സ്ഥാപക സെക്രട്ടറിയാണ്. ഏഴോം ഹിന്ദു എൽപി സ്‌കൂളിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പാപ്പിനിശേരി പഞ്ചായത്ത് ഹൈസ്‌കൂൾ ആരംഭിച്ചത് മുതൽ വിരമിക്കുന്നത് വരെ അധ്യാപകനായിരുന്നു.
1959 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ പി.കെ. നാരായണൻ മാസ്റ്റർ പാർട്ടിയും വർഗ്ഗ-ബഹുജന സംഘടനകളും കെട്ടിപടുക്കുന്നതിൽ ത്യാഗനിർഭരമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. പാർട്ടി വിദ്യാഭ്യാസം നൽകുന്നതിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച അദ്ധ്യാപകനായിരുന്നു. 1973 ലെ അദ്ധ്യാപക സമരത്തിൽ ജില്ലയിൽ നേതൃത്വം കൊടുത്ത പ്രധാന അദ്ധ്യാപക നേതാവായിരുന്നു. പെൻഷൻകാരുടെ സംഘടന കെട്ടിപ്പടുക്കുന്നതിന് നേതൃത്വപരമായ പങ്ക് വഹിച്ച നാരായണൻ മാസ്റ്റർ ആദ്യകാലം മുതൽ തന്നെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായിരുന്നു.
സഖാവിന്റെ വിയോഗം പാർട്ടിക്കും, ജില്ലയിലെ വർഗ്ഗ-ബഹുജന പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണ് വരുത്തിവെച്ചിട്ടുള്ളത്. സഖാവിന്റെ വിയോഗത്തിൽ പാർട്ടി ജില്ലാ കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.