പടുവിലായിയിൽ സിപിഐ(എം) ലോക്കൽ കമ്മറ്റിയംഗം സ:മോഹനനെ കൊലപ്പെടുത്തിയതിന് പിന്നിൽ സംസ്ഥാനതലത്തിലുള്ള ആർ എസ് എസ്-ബിജെപി നേതാക്കളുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ച് നടപടി കൈക്കൊള്ളണമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി പി ജയരാജൻ ആവശ്യപ്പെട്ടു. കലാപങ്ങളും കൊലകളും നടത്തുന്നതിന് മുൻപും അതിന് ശേഷവും നുണകൾ പ്രചരിപ്പിക്കുക എന്നത് സംഘപരിവാരത്തിന്റെ ശൈലിയാണ്. ഈ രീതി തന്നെയാണ് സ:മോഹനന്റെ കൊലപാതകത്തിന് മുൻപും ശേഷവും പിന്തുടർന്നത്.

2016 ഒക്ടോബർ 3 ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് നടത്തിയ പത്രസമ്മേളനത്തിൽ വ്യാജനമ്പർ പ്രദർശിപ്പിച്ച വാഹനങ്ങൾ ഉപയോഗിച്ച് സിപിഐ എമ്മുകാർ അക്രമം നടത്തുന്നതിന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്യുന്നു എന്നാണ് ആരോപിച്ചത്. യഥാർത്ഥത്തിൽ സിപിഐ(എം) നേതാക്കളിലൊരാളെ കൊലപ്പെടുത്തുന്നതിന് സംഘപരിവാരം മേൽപറഞ്ഞ പ്രകാരം ആസൂത്രണം നടത്തിയിരുന്നു എന്നാണ് ഇപ്പോൾ മനസിലാവുന്നത്.  പടുവിലായിയിൽ മോഹനന്റെ കൊലപാതകം നടത്താൻ ഇതേ പോലെ വാഹനത്തിൽ ആർ എസ് എസ് ക്രിമിനലുകൾ എത്തിച്ചേരുകയായിരുന്നു എന്ന് വ്യക്തമായിരിക്കുകയാണ്. അതിനാൽ ഈ കൊലപാതകത്തിൽ ആർ എസ് എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് മോഹനന്റെ പങ്കിനൊപ്പം പി കെ കൃഷ്ണദാസിന്റെ പങ്കാളിത്തവും അന്വേഷണവിധേയമാക്കണം.  ഈ കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ ക്രിമിനലുകളെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണം.

തങ്ങൾക്ക് നാടിന്റെ സമാധാനത്തിൽ താൽപര്യമില്ലെന്നാണ് കൊലപാതകത്തിന് ശേഷവും ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി വ്യക്തമാക്കിയിട്ടുള്ളത്. ആഗസ്ത് 20 ന് കോട്ടയംപൊയിലിൽ ആർ എസ് എസ് പ്രവർത്തകൻ ദീക്ഷിത് ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടത് സംഘപരിവാർ ആജ്ഞയ്ക്ക് വിധേയമായാണെന്ന് പരസ്യമായി ആർ എസ് എസ് നേതാക്കൾ സമ്മതിച്ചിരിക്കുകയാണ്.തങ്ങൾ ഇനിയും ബോംബ് നിർമ്മാണം തുടരുമെന്ന പരസ്യ പ്രഖ്യാപനവും അദ്ദേഹം നടത്തി. ഇങ്ങിനെ പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്യുന്ന ആർ എസ് എസ് നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടു. സമാധാനം പുലരണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളാകെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.