കണ്ണൂർ : പാപ്പിനിശ്ശേരി പഞ്ചായത്തിലെ കീച്ചേരി കുന്നിൽ ആർ എസ് എസ് പ്രവർത്തകന്റെ വീട്ടിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ ആവശ്യപ്പെട്ടു.

രതീഷ്, ജിജേഷ് എന്നീ ആർ എസ് എസ് പ്രവർത്തകരുടെ വീട്ടിൽ സൂക്ഷിച്ച ബോംബുകളാണ് വൻ സ്‌ഫോടനത്തിൽ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ രതീഷ് എന്ന ആർ എസ് എസ് പ്രവർത്തകന് പരിക്കേറ്റിട്ടുമുണ്ട്. നട്ടിൽ കലാപമുണ്ടാക്കാനുള്ള ആർ എസ് എസ് പദ്ധതിയുടെ ഭാഗമാണ് ഇങ്ങനെ മാരകമായ ബോംബ് നിർമ്മിച്ച് സൂക്ഷിച്ച് വെച്ചത്. 

ആർ എസ് എസ് തലവൻ മോഹൻ ഭാഗവതിന്റെ കണ്ണൂർ സന്ദർശനത്തെ തുടർന്ന് നാട്ടിലെമ്പാടും കലാപമുണ്ടാക്കാനുള്ള ആർ എസ് എസ് പദ്ധതികൾ വെളിക്ക് വന്നിട്ടുണ്ട്. കലാപമുണ്ടാക്കാനുള്ള ആർ എസ് എസ് ശ്രമത്തിന് വേണ്ടിയുള്ളതാണ് ഈ ബോംബെന്നാണ് ജനങ്ങൾ സംശയിക്കുന്നത്. അതിനാൽ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ആർ എസ് എസ് നേതാക്കൾക്കെതിരെ നടപടികൾ കൈക്കൊള്ളണം. മാരകമായ ബോംബാണ് ഇവിടെ സൂക്ഷിച്ച് വെച്ചത്. ജനങ്ങളെ ഭീതിയിലാഴ്ത്താനുള്ള ഈ ബോംബ് നിർമ്മാണത്തിന്റെ ഗൂഢ പദ്ധതിക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണം. ഇതിന്റെ പിന്നിലുള്ള ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികൾക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടു.