ആർ എസ് എസ് സംരക്ഷണത്തിലുള്ള വെണ്ടുട്ടായി ക്വട്ടേഷൻ സംഘം നടത്തിയ ഒരു കോടി രൂപയുടെ ഇടപാട് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മമ്പറം സ്വദേശിയായ ഒരു നിർമ്മാണ കരാറുകാരന്റെ പേരിൽ 1 കോടി 10 ലക്ഷം രൂപ ഡിമാന്റ് ഡ്രാഫ്റ്റ് വഴി ആഗസ്റ്റ് 25-നു കരാറുകാരന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ആഗസ്റ്റ് 31-നു തന്നെ അതിൽ 1 കോടി രൂപ പിൻവലിക്കുകയും ഉണ്ടായി. വെണ്ടുട്ടായി ക്വട്ടേഷൻ സംഘമാണ് പണം നിക്ഷേപിച്ചതും പിൻവലിച്ചതും. പിൻവലിച്ചത് കഴിച്ച് ബാക്കി തുകയ്ക്ക് കൊല്ലുമെന്ന ഭീഷണിയുമായി കരാറുകാരനെ സമീപിച്ചതോടെയാണ് കണ്ണൂർ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ മുന്നിൽ പരാതി എത്തുന്നത്. ഇതിനെത്തുടർന്ന് മാനന്തേരിയിലെ മോഹനൻ എന്ന ബി ജെ പി നേതാവാണ് പരാതി പിൻവലിക്കുന്നതിന് വേണ്ടി ഇടപെട്ടത്. പരാതിക്കാരൻ ആർ എസ് എസ്സിന്റെ അഖിലേന്ത്യാ നേതൃത്വത്തിന് ബന്ധമുള്ള ബാബാ രാംദേവിന്റെ പതഞ്ജലി യോഗാ കേന്ദ്രം നടത്തുന്ന ആളുമാണ്. ചുരുക്കത്തിൽ ഒട്ടേറെ ദുരൂഹതകൾ ഈ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ചുരുളഴിയേണ്ടതുണ്ട്. വെണ്ടുട്ടായി ക്വട്ടേഷൻ സംഘത്തിന്റെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ വിവിധ മാധ്യമങ്ങൾ നേരത്തെ ജനങ്ങളുടെ മുന്നിൽ കൊണ്ടുവന്നിരുന്നു. സപ്തംബർ 15-ന്റെ മലയാള മനോരമ പത്രവും വിശദാംശങ്ങൾ അടക്കം മേൽപ്പറഞ്ഞ സാമ്പത്തിക ഇടപാട് സംബന്ധിച്ച് വാർത്ത നൽകിയിരിക്കുകയാണ്. അതിനാൽ ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ഈ ഇടപാടിൽ ബി ജെ പിയുടെ നേതാവ് മോഹനൻ എന്തിന് ഇടപെട്ടു എന്ന് ബി ജെ പി നേതൃത്വവും വ്യക്തമാക്കണം.